ADVERTISEMENT

പയ്യന്നൂർ ∙ വരൾച്ച വന്നപ്പോൾ മീങ്കുഴി ടൂറിസം പദ്ധതി നിർമാണത്തിലെ അഴിമതി പുറത്തുവന്നു. മീങ്കുഴി അണക്കെട്ടിൽ തടഞ്ഞുനിർത്തിയ ശുദ്ധജലം വറ്റിവരണ്ടത് ആദ്യമായാണ്. ഇതു കാണാനെത്തിയവർ മീങ്കുഴി റിക്രിയേഷൻ സെന്റർ നിർമാണം കണ്ട് തലയിൽ കൈവച്ചുപോയി. നിർമാണ സമയത്ത് പുറത്തേക്കു നീക്കേണ്ടിയിരുന്ന മണ്ണ് മുഴുവൻ അകത്ത് തട്ടിയിരിക്കുന്നു. നേരത്തേ വെള്ളം നിറഞ്ഞതിനാൽ ഈ അഴിമതി ശ്രദ്ധയിൽപ്പെടില്ലായിരുന്നു. പുറത്ത് കളയേണ്ട മണ്ണും ചെളിയുമെല്ലാം വെള്ളം വറ്റിയപ്പോഴാണ് ഇതിനകത്തു തെളിഞ്ഞുവന്നത്.

മണ്ണ് നീക്കുന്നില്ലെന്ന കാര്യം നിർമാണം നടക്കുമ്പോൾ നാട്ടുകാർ ബന്ധപ്പെട്ട എൻജിനീയർമാരോട് പറഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ഒരിക്കലും ചെയ്യില്ലെന്നാണ് അന്ന് എൻജിനീയർ മറുപടി നൽകിയത്. ഇപ്പോഴത് തെളിവുസഹിതം പൊങ്ങിവന്നു. കൊടും വേനലിലും വിനോദസഞ്ചാരികൾക്ക് ഇവിടെ നീന്താൻ കഴിയും വിധമാണു പദ്ധതി സജ്ജമാക്കുന്നതെന്നാണ് ടൂറിസം വകുപ്പ് പറഞ്ഞിരുന്നത്.

നാലു കോടി രൂപ ചെലവിലാണ് വിനോദസഞ്ചാര വകുപ്പ് മീങ്കുഴി റിക്രിയേഷൻ സെന്റർ പദ്ധതി തയാറാക്കിയത്. ടെൻഡർ നടപടി പൂർത്തിയാക്കി 2021 ഫെബ്രുവരി 15ന് അന്നത്തെ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. 2022 മാർച്ചിൽ പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ, ഈ പദ്ധതി എന്നു പൂർത്തിയാകുമെന്ന ചോദ്യത്തിന് ഇപ്പോൾ ആർക്കും ഉത്തരമില്ല. നീന്തൽക്കുളം, പടിപ്പുര, ബോട്ട് ജെട്ടി, കുട്ടികൾക്കുള്ള കളിസ്ഥലം, നടപ്പാത, പൂന്തോട്ടം, സോളർ വിളക്കുകൾ, ശുചിമുറി, ഫുഡ് കോർട്ട്, പാർക്കിങ് കേന്ദ്രം എന്നിവയെല്ലാമുള്ള പദ്ധതിയായിരുന്നു വിഭാവനം ചെയ്തത്. മികച്ച വിനോദസഞ്ചാര പദ്ധതി മുന്നിൽക്കണ്ട നാട്ടുകാർ ഇപ്പോൾ കടുത്ത നിരാശയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com