ADVERTISEMENT

കണിച്ചാർ ∙ പൂളക്കുറ്റി, നെടുംപുറംചാൽ, വെള്ളറ ഗ്രാമങ്ങളുടെ നെഞ്ചുപിളർന്ന്, മൂന്നു ജീവനുകൾ കവർന്ന്, ഉരുൾപൊട്ടിയൊഴുകി കടന്നു പോയിട്ട് 300 ദിവസം. കണിച്ചാർ പഞ്ചായത്തിന്റെ കണക്കു പ്രകാരം 60 കോടിയിലേറെ രൂപയുടെയും സംസ്ഥാന സർക്കാർ കണക്കിൽ 38 കോടിയുടെയും നഷ്ടം കണക്കാക്കിയ ഉരുൾപൊട്ടലിൽ നഷ്ടപരിഹാര സംഖ്യയായി പ്രദേശത്തെ ജനങ്ങൾക്ക് ആകെ കിട്ടിയത് 25 ലക്ഷത്തോളം രൂപ മാത്രം.

ഇതു കിട്ടിയതാകട്ടെ ആകെ 29 പേർക്കും. വീടിനു കേടുപറ്റിയതിന്റെ പേരിൽ സഹായത്തിന് അപേക്ഷിച്ചവർ കണിച്ചാർ പഞ്ചായത്തിൽ മാത്രം 138 പേരുണ്ട്. കൃഷിഭൂമിയും കൃഷിയും നശിച്ചവർ  വേറെയും. അടുത്ത മഴക്കാലം എത്താറായി. ഇനിയെന്ത് എന്ന ആശങ്കയിലാണു പ്രദേശമാകെ. ജനങ്ങളുടെ ദുരിതത്തിനു നേരെ സർക്കാരുകൾ കൺതുറക്കുന്നില്ല. 

ആദ്യഘട്ടത്തിൽ നാടൊന്നിച്ചു 

2022 ഓഗസ്റ്റ് 1 രാത്രി ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നു ഭീതി നിറഞ്ഞു നിന്ന നാട്ടിലേക്ക് പൊലീസും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം ഓടിയെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. അന്നത്തെ തദ്ദേശ മന്ത്രി എം.വി.ഗോവിന്ദൻ, മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ തുടങ്ങി ഭരണപക്ഷത്തെ പ്രമുഖരും പ്രദേശം സന്ദർശിച്ചു. സന്നദ്ധ സംഘടനകളും സമുദായ സംഘടനകളും പള്ളികളും കെ.സുധാകരൻ എംപിയുമെല്ലാം ദുരിതാശ്വാസ ക്യാംപുകളിൽ വസ്ത്രവും ഭക്ഷണ വസ്തുക്കളും നൽകി.

സണ്ണി ജോസഫ് എംഎൽയുടെയും കണിച്ചാർ പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും സഹായത്തോടെ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കി. രണ്ടാഴ്ചയോളം കഴിഞ്ഞ്, വെയിൽ തെളിഞ്ഞ്, വെള്ളം ഒഴുകിത്തീർന്നപ്പോൾ, ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞ 200ൽ അധികം കുടുംബങ്ങൾ അവരവരുടെ ഇടിഞ്ഞു വീഴാറായ പഴയ വീടുകളിലേക്കു മടങ്ങി.  

വാഗ്ദാനപ്പെരുമഴ 

വാഗ്ദാനങ്ങളുടെ ഉരുൾപൊട്ടലാണു പിന്നെയുണ്ടായത്. തകർന്ന നാടിനെ പുനരുദ്ധരിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം സണ്ണി ജോസഫ് എംഎൽഎ നിയമസഭയിലും പുറത്തും ഉന്നയിച്ചു. ഇതോടെ വാഗ്ദാനങ്ങളുടെ പെയ്ത്തായിരുന്നു. പ്രത്യേക പാക്കേജ് അനുവദിക്കാമെന്ന് മന്ത്രിയുടെ പ്രഖ്യാപനമുണ്ടായി. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ വരെ സഹായം, വീട് നഷ്ടപ്പെട്ടവർക്ക് വീട് പുനർ നിർമിക്കാൻ സഹായം, ക്യാംപുകളിൽ കഴിഞ്ഞവർക്ക് ദിവസം കണക്കാക്കി പ്രത്യേക ധനസഹായം, താമസിക്കാൻ കഴിയാത്ത വിധം വീടുകൾക്കു കേടുപാടു സംഭവിച്ചു വാടക വീട്ടിൽ കഴിയുന്നവർക്കു വീട്ടു വാടക, കൃഷിയിടം പുനരുദ്ധാരണത്തിന് ധനസഹായവും പദ്ധതികളും...

എല്ലാം പ്രഖ്യാപനം മാത്രമായി. പാക്കേജ് ഉണ്ടായില്ല. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ആകെ 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി. താമസിക്കാൻ കഴിയാത്ത വിധം വീട് തകർന്ന 6 പേർക്ക് 95,100 രൂപ വീതം കിട്ടി. മറ്റുള്ള കുറച്ചു പേർക്ക് 5200 രൂപ മുതൽ 71000 രൂപ വരെ സഹായം ലഭിച്ചതെല്ലാം ചേർത്താണ് 25 ലക്ഷത്തോളം രൂപയുടെ നഷ്ടപരിഹാരം നൽകിയത്.

ഒരു ജീവൻ നഷ്ടപ്പെടുകയും വീട് പൂർണമായി തകരുകയും ചെയ്ത ഒരു കുടുംബത്തിന് എസ്ടി ഫണ്ടിൽ നിന്നുള്ള സഹായം അടക്കം 8 ലക്ഷം രൂപ ലഭിച്ചു. ഉരുൾ പൊട്ടൽ സഹായ കഥ അവിടെ തീർന്നു. കണിച്ചാർ പഞ്ചായത്തിനു പുറമേ പേരാവൂർ, കോളയാട് പഞ്ചായത്തുകളിലും ഉരുൾപൊട്ടലിനെ തുടർന്നു നാശനഷ്ടം സംഭവിച്ചിരുന്നു. തൊണ്ടിയിൽ ടൗണിൽ വെള്ളം കയറി നഷ്ടം സംഭവിച്ചിട്ട് നഷ്ടപരിഹാര ഇനത്തിൽ 100 രൂപ പോലും സർക്കാർ നൽകിയില്ല.

വിദഗ്ധ സംഘത്തിന്റെ സന്ദർശനത്തിന് കുറവില്ല 

വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സന്ദർശനങ്ങൾക്കും പഠനങ്ങൾക്കും കുറവൊന്നും ഉണ്ടായില്ല. ദുരന്ത നിവാരണ അതോറിറ്റിയുടെ പല സംഘങ്ങൾ പല ഘട്ടങ്ങളിലായി പഠനം നടത്തി. ജിയോളജി, കുസാറ്റ്, തദ്ദേശ സ്വയംഭരണം, റവന്യു തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംഘങ്ങളും പഠിക്കുകയും കണക്കെടുപ്പ് നടത്തുകയും ചെയ്തു. ഒടുവിൽ റൂർഖിയിലെ ശാസ്ത്രജ്ഞൻമാർ വന്ന് പ്രകൃതി ദുരന്തത്തെ കുറിച്ച് എങ്ങനെ മുന്നറിയിപ്പ് നൽകാം എന്നു വരെ പഠിച്ചു.

അതിനുളള യന്ത്രം സ്ഥാപിക്കാൻ പറ്റിയ സ്ഥലം കണ്ടുവച്ചു പോകുകയും ചെയ്തു. പൂളക്കുറ്റി ദുരന്തത്തിന്റെ ആണ്ട് തികയാൻ ഇനിയുള്ളത് 65 ദിവസം മാത്രം. പഠനത്തിനും നിരീക്ഷണത്തിനും എത്തിയവരെല്ലാം വന്നു പോകാനുള്ള ചെലവ് കാശ് ഉണ്ടായിരുന്നുവെങ്കിൽ കുറഞ്ഞത് 25 കൃഷിയിടങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിയെങ്കിലും നടപ്പിലാക്കാമായിരുന്നു എന്നാണു നാട്ടുകാർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com