ADVERTISEMENT

മാതമംഗലം ∙ അനുഭവത്തിൽ നിന്നു നേടിയ അറിവ് ആയുധമാക്കി ഭിന്നശേഷിക്കാർക്ക് വാഹനത്തിൽ കയറാനുള്ള സൗകര്യം സജ്ജമാക്കി ബഷീർ പാണപ്പുഴ. ഭിന്നശേഷിക്കാർക്ക് പരസഹായമില്ലാതെ വീൽ ചെയറുമായി വാഹനത്തിൽ കയറാനും ഇറങ്ങാനുമുള്ള സംവിധാനമാണു ബഷീർ തയാറാക്കിയത്. വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാർക്ക് പരസഹായമില്ലാതെ റാംപിലൂടെ വണ്ടിയിൽ കയറുവാനും വണ്ടി ഓടിക്കാനും റാംപ് ഇല്ലാത്ത സ്ഥലത്ത് പോലും ഇറങ്ങാനും സാധിക്കും വിധമാണു ക്രമീകരണം. ലോട്ടറിയും മറ്റും വാഹനത്തിൽ കൊണ്ടുപോയി വിൽക്കാനും ഇതു സഹായകമാകും.

കൈകൾക്ക് സ്വാധീനമില്ലാത്തവർക്ക് പിറകിൽ വീൽചെയറിൽ ഇരുന്ന് ഒരാളുടെ സഹായത്തോടെ യാത്ര ചെയ്യാം. ഷോപ്പിങ്ങിനും മറ്റും പോകാനും സാധിക്കും വിധമാണു സൗകര്യം. വാഹനാപകടത്തിൽ പരുക്കേറ്റ് 30 വർഷമായി വീൽചെയറിൽ കഴിയുകയാണു ബഷീർ. പരസഹായമില്ലാതെ വാഹനത്തിൽ കയറാനും ഇറങ്ങാനും സാധിക്കുന്ന ഒരു വണ്ടിക്കായി രാജ്യമാകെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണു സ്വന്തമായി നിർമിക്കാൻ ശ്രമം തുടങ്ങിയത്. സ്കൂൾ, കോളജ് പഠനകാലത്ത് ഒഴിവുനേരത്ത് ഇലക്ട്രോണിക്സ് റിപ്പയറിങ് പഠിച്ചിരുന്നു.

അതിനുശേഷം ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയ്ക്ക് കണ്ണൂരിൽ പഠിക്കുന്ന അവസരത്തിലായിരുന്നു ബഷീറിനെ എന്നെന്നേക്കുമായി വീൽചെയറിലാക്കിയ അപകടം. നാട്ടിലെ സുഹൃത്തുക്കളുടെ കൂടെ ഊട്ടി, കൊടൈക്കനാൽ യാത്ര പോയി വരുമ്പോൾ പാലക്കാട് കൊഴിഞ്ഞാംപാറയിൽ ആയിരുന്നു അപകടം. നട്ടെല്ല് പൊട്ടി സുഷുമ്ന നാഡിക്ക് ക്ഷതം സംഭവിച്ച് ജീവിതം വീൽചെയറിലായെങ്കിലും യാത്രകൾ അവസാനിപ്പിക്കാൻ ബഷീർ തയാറായിരുന്നില്ല. ലഡാക്ക് കർദുംഗല പാസ്, പാംഗോങ് തടാകം, വാഗ അതിർത്തി തുടങ്ങി രാജ്യത്തിന്റെ നാനാഭാഗങ്ങളിലൂടെ സഞ്ചരിച്ചു.

പുറംലോകം കാണാത്ത ഭിന്നശേഷിക്കാരെക്കൂട്ടി പലസ്ഥലങ്ങളിലും ബഷീർ യാത്ര ചെയ്തു. നീണ്ട 15 വർഷം ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ സർവീസ് നടത്തിയായിരുന്നു ജീവിതയാത്ര. ഭിന്നശേഷി സംഘടനയായ വീൽചെയർ യൂസേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. യാത്രകളിലെ അനുഭവമാണ് പരസഹായമില്ലാതെ വീൽചെയർ വാഹനത്തിൽ കയറ്റാനും ഇറക്കാനും സൗകര്യമുള്ള വാഹനം എന്ന ആശയത്തിനു പിന്നാലെ യാത്ര ചെയ്യാൻ ബഷീറിനു പ്രേരണയായത്.

വാഹനം നിർമിക്കാനുള്ള സാധനങ്ങൾ ഡൽഹി, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നു സംഘടിപ്പിച്ചു. സുഹൃത്തും വെൽഡറുമായ അഭിയുടെ സഹായത്തോടെയായിരുന്നു നിർമാണം. ഒരു ലക്ഷത്തോളം രൂപയാണു ചെലവ്. വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ചാൽ ചെലവ് കുറയുമെന്നു ബഷീർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com