ADVERTISEMENT

ഏഴിമല ∙ ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള ലഹരിക്കടത്തു തടയാൻ ഇന്ത്യൻ നാവികസേനയുമായും കോസ്റ്റ് ഗാർഡുമായും യോജിച്ച നീക്കം നടത്തുന്നതായി ശ്രീലങ്കൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ പ്രിയന്ത പെരേര. നാവിക അക്കാദമിയിൽ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

‘ശ്രീലങ്കൻ നാവികസേന ഈയിടെ 600 കിലോഗ്രാം ലഹരിമരുന്നു പിടിച്ചെടുത്തിരുന്നു. ലഭിക്കുന്ന വിവരങ്ങൾ ഇന്ത്യൻ നാവികസേനയുമായും കോസ്റ്റ്ഗാർഡുമായും പങ്കിടാറുമുണ്ട്. ചില മത്സ്യത്തൊഴിലാളികൾ അറിഞ്ഞോ അറിയാതെയോ ഇതിൽ പെടാറുണ്ട്. മത്സ്യത്തൊഴിലാളികൾ വഴി തന്നെ, ലഹരിക്കടത്തിന്റെ വിവരശേഖരണത്തിനു ശ്രമം നടക്കുന്നുണ്ട്.

ഹമ്പൻതോട്ട തുറമുഖം വ്യാപാരാവശ്യത്തിനു വേണ്ടിയുള്ളതാണ്. തുറമുഖ വകുപ്പും സ്വകാര്യ കമ്പനികളും തമ്മിലുള്ള വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണു തുറമുഖം പ്രവർത്തിക്കുന്നത്. ചൈനയുടെ തുറമുഖമാണെന്ന തരത്തിൽ വ്യാപകമായ തെറ്റിദ്ധാരണ പരത്തുകയാണ്’– അദ്ദേഹം പറഞ്ഞു.

വന്യജീവികളുടെ കള്ളക്കടത്ത്, മനുഷ്യക്കടത്ത്, ലഹരിക്കടത്ത് തുടങ്ങിയവയ്ക്കെതിരെയുളള നീക്കത്തിലും വിവര ശേഖരണത്തിലും ശ്രീലങ്കൻ നാവികസേനയുടെ സഹായം നിർണായകമാണെന്ന് ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ.ഹംപിഹോളി പറ‍ഞ്ഞു. 

നാവിക അക്കാദമിയിലെ 207 കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിൽ ശ്രീലങ്ക നാവികേസനാ മേധാവി വൈസ് അഡ്മിറൽ പ്രിയന്ത പെരേര അഭിവാദ്യം സ്വീകരിച്ചു. ശ്രീലങ്ക, ബംഗ്ലദേശ്, വിയറ്റ്നാം, മഡഗാസ്കർ, മൊറീഷ്യസ്, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള 8 കെഡറ്റുകളടക്കമാണിത്. വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ കെഡറ്റുകൾക്ക് വൈസ് അഡ്മിറൽ പ്രിയന്ത പെരേര സമ്മാനം വിതരണം ചെയ്തു.

ശ്രീലങ്ക നേവി സേവാ വനിതയുടെ പ്രസിഡന്റുമായ മാല ലമഹേവ, ഇന്ത്യൻ നാവികസേന ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ.ഹംപിഹോളി, നാവിക അക്കാദമി മേധാവി വൈസ് അഡ്മിറൽ പുനീത് കെ.ബഹൽ, ഏഴിമല നേവൽ വൈവ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് അഞ്ജലി ബഹൽ, ഡപ്യൂട്ടി കമൻഡാന്റ് റിയർ അഡ്മിറൽ അജയ് ഡാനിയൽ തിയോഫിലസ്, നാവിക അക്കാദമി പ്രിൻസിപ്പൽ റിയർ അഡ്മിറൽ രാജ്‌വീർ സിങ് എന്നിവർ പങ്കെടുത്തു.

‘കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യം നിലവിലില്ല’

നാവിക അക്കാദമി വികസനത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് നാവിക അക്കാദമി മേധാവി വൈസ് അഡ്മിറൽ പുനീത് കെ.ബഹൽ. ‘നിലവിലുള്ള ഭൂമിയും കെട്ടിടങ്ങളും സംവിധാനങ്ങളും രണ്ടാംഘട്ട വികസനത്തിന്റേതടക്കമുളള ആവശ്യങ്ങൾ നിറവേറ്റാൻ മതിയാകും. രണ്ടാം ഘട്ട വികസനം 2025 ഡിസംബറിൽ പൂർത്തിയാകും. ഇതോടെ, 1200 കെഡറ്റുകൾക്കുളള പരിശീലന സൗകര്യമൊരുങ്ങും. 

വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയവയ്ക്കായി 16 കളിക്കളങ്ങൾ കൂടി നിർമിക്കും. ഫിഫയുടെയും രാജ്യാന്തര ഹോക്കി ഫെഡറേഷന്റെയും നിലവാരത്തിലുള്ള മൈതാനവും നിർമിക്കും. രണ്ടാമത്തെ നീന്തൽക്കുളമാണ്, രണ്ടാം ഘട്ടത്തിൽ പൂർത്തിയാവുന്ന മറ്റൊരു പ്രധാന പദ്ധതി. മറ്റെന്തെങ്കിലും പ്രത്യേക സാഹചര്യം വന്നാലേ, കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടതുള്ളൂവെന്നും വൈസ് അഡ്മിറൽ പുനീത് കെ.ബഹൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com