ADVERTISEMENT

കണ്ണൂർ ∙ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തത്തിൽ അടിമുടി ദുരൂഹത. തീപിടിത്തം അട്ടിമറിയാണെന്നാണു കോർപറേഷന്റെ ആരോപണം. മാലിന്യത്തിനു തീപിടിച്ചതല്ല തീ കത്തിച്ചതാണെന്ന ആക്ഷേപം കോർപറേഷൻ അധികൃതരിൽനിന്ന് ഉയർന്നതോടെ മറ്റൊരു ‘ബ്രഹ്മപുരം’ മോഡൽ വിവാദം ഉയരുകയാണ് ‘ചേലോറ’യുടെ കാര്യത്തിലും. മാലിന്യത്തിന് തീ കത്തിച്ചതെന്ന ആരോപണവുമായി കോർപറേഷൻ മേയർ തന്നെ ഇന്നലെ രംഗത്തെത്തി.

അതിനിടെ, തീപിടിത്തവുമായി ബന്ധപ്പെട്ട് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കോർപറേഷൻ ആരോഗ്യവിഭാഗം പൊലീസിനു കത്തു നൽകി. അഗ്നിശമന സേനയുടെ ഫൊറൻസിക് വിദഗ്ധരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്നും കോർപറേഷൻ അധികൃതർ പൊലീസിനോടു ആവശ്യപ്പെട്ടിട്ടുണ്ട്.

ദുരൂഹത ഇങ്ങനെയെന്ന് കോർപറേഷൻ

∙ചേലോറയിൽ ബയോ മൈനിങ് മികച്ചതെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ പാളിപ്പോയെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചു

∙കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് മഴ പെയ്തതതിനാൽ കാലാവസ്ഥയുടെ മൂലം തീപിടിക്കേണ്ട സാഹചര്യം ഇല്ല.

∙ബ്രഹ്മപുരം പശ്ചാത്തലത്തിൽ ചേലോറയിൽ മുൻകരുതൽ സ്വീകരിച്ചിട്ടുളളതാണ്.

∙ സംഭവ ദിവസം രാത്രി വൈകും വരെ ജീവനക്കാർ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. ഇവർ പോയ ശേഷമാണ് തീപിടിത്തം.

∙ സ്വാഭാവിക തീപിടിത്തത്തിന് ഒരു സാധ്യതയും ഇല്ല. പുറമേ നിന്നെത്തി കത്തിച്ചതാകാം

∙ ഒരേ ദിവസം തന്നെ ട്രഞ്ചിങ് ഗ്രൗണ്ടിലെ 3 ഇടത്ത് തീപിടിത്തമുണ്ടായി

∙ രാത്രി തീർത്തും വിജനം. പ്രദേശത്ത് മദ്യപശല്യം ഉണ്ട്.

∙ പ്രധാന കവാടത്തിലൂടെ അല്ലാതെ മറ്റ് ഭാഗത്ത് കൂടി ട്രഞ്ചിങ് ഗ്രൗണ്ടിൽ പ്രവേശിക്കാം.

പാഠം നൽകിയ ബ്രഹ്മപുരം

ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ കർശന മുൻകരുതലാണ് ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിന്റെ കാര്യത്തിൽ കണ്ണൂർ കോർപറേഷൻ പുലർത്തുന്നത്. 24 മണിക്കൂർ സെക്യൂരിറ്റിയുടെ സേവനം, ഫയർ എക്സ്റ്റിങ്ഗ്യുഷറുകൾ, 50 ലൈറ്റുകൾ എന്നിവ ഉൾപ്പെടെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

17 ലക്ഷം രൂപയുടെ പദ്ധതിയാണ് അടുത്തിടെ ട്രഞ്ചിങ് ഗ്രൗണ്ടിന്റെ സുരക്ഷിത്വം മുൻനിർത്തി കോർപറേഷൻ ഒരുക്കിയിട്ടുള്ളത്. ഗ്രൗണ്ട് പരിധിയിൽ ഉടൻ സിസിടിവി സ്ഥാപിക്കും. 60 വർഷമായി കുന്നുകൂടിയ മാലിന്യം നീക്കം പൂർത്തിയാകുന്നതോടെ 10 ഏക്കറോളം വരുന്ന സ്ഥലം ഫലപ്രദമായി ഉപയോഗിക്കാനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com