ചെറുപുഴ∙ എസ്എസ്എൽസി പരീക്ഷയിൽ നേടിയ മിന്നും വിജയത്തിന്റെ ആഹ്ലാദത്തിനിടയിലും സ്വന്തം വീട് തകർന്നു വീണതിന്റെ ആഘാതത്തിലാണു പാടിയോട്ടുചാൽ ഹാജിമുക്കിലെ മുട്ടാനിശ്ശേരി അനഘ. വയക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതിന്റെ ആഹ്ലാദത്തിലായിരുന്നു അനഘയും കുടുംബവും. കഴിഞ്ഞ ദിവസം കാറ്റിലും മഴയിലുമാണ് കാലപ്പഴക്കം ചെന്ന വീട് തകർന്നു വീണത്. ഈ സമയം അനഘയുടെ അച്ഛനും അമ്മയും മാത്രമാണു വീട്ടിനകത്തു ഉണ്ടായിരുന്നത്. 3 സെന്റ് സ്ഥലമാണ് ഈ കുടുംബത്തിനു സ്വന്തമായുള്ളത്.
ഹോട്ടൽ തൊഴിലാളിയായ മുട്ടാനിശ്ശേരി അനൂപിന്റെയും തൊഴിലുറപ്പ് ജോലി ചെയ്യുന്ന സുജാതയുടെ വരുമാനം കൊണ്ടാണ് കുടുംബം ജീവിക്കുന്നത്. കിണർ ഉണ്ടെങ്കിലും വേനലിൽ വറ്റും. സഞ്ചാരയോഗ്യമായ വഴിയില്ല. സ്വന്തമായി വീട് എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനായി 2018 മുതൽ ലൈഫ്, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതികളിൽ അപേക്ഷ നൽകിയെങ്കിലും അനുകൂല നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് ഈ കുടുംബം പറയുന്നത്.
വീട് തകർന്നതോടെ അനഘയും സഹോദരിയും ബന്ധുവീട്ടിലും അനൂപും ഭാര്യ സുജാതയും അയൽവീട്ടിലുമാണ് അന്തിയുറങ്ങുന്നത്. മഴ തുടങ്ങും മുൻപേ മേൽക്കൂരയെങ്കിലും ഷീറ്റിട്ടു വാസയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് കുടുംബം. കരുണ വറ്റാത്തവരുടെ കനിവിനായി കാത്തിരിക്കുകയാണു ഈ കുടുംബം. പഠിച്ചു ജോലി നേടി തന്റെ നിർധന കുടുംബത്തിനു താങ്ങായി മാറാൻ തുടർപഠനത്തിനുള്ള തയാറെടുപ്പിലാണു ഈ കൊച്ചു മിടുക്കി. വയക്കര ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ആറാം തരം വിദ്യാർഥിനി ആര്യ സഹോദരിയാണ്.