ADVERTISEMENT

കണ്ണൂർ∙ ഇന്നലെ വൈകിട്ടു കാറ്റിലും മഴയിലും ജില്ലയിൽ മരങ്ങൾ കടപുഴകി വീണും വീടു തകർന്നും പലേടത്തും നാശനഷ്ടം. 

∙കാറിന് മുകളിൽ മരം വീണു

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് സഞ്ചരിച്ച കാറിന് മുകളിൽ മരം പൊട്ടി വീണു. പ്രസിഡന്റ് റോബർട്ട് ജോർജ്, ഡ്രൈവർ സന്തോഷ് എന്നിവർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4ന് തന്തോട് വച്ചാണ് സംഭവം. കാറിന് മുൻവശത്തെ ചില്ല് തകർന്നു. റോഡിലേക്കു മരങ്ങൾ വീണെങ്കിലും ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ സഞ്ചരിച്ച വാഹനം അദ്ഭുതകരമായി രക്ഷപ്പെട്ടു.

∙മട്ടന്നൂർ പെരിഞ്ചേരിയിൽ മരം കടപുഴകി വീണ് നഗരസഭ കൗൺസിലർ മിനി രാമകൃഷ്ണന്റെ വീടു തകർന്നു. മലയ്ക്കു താഴെയിൽ മരം പൊട്ടി വീണു വൈദ്യുതി ലൈൻ തകർന്നു.

തോട്ടട ദേശീയപാത, താഴെചൊവ്വ ബൈപാസ്, ചാല–ആറ്റടപ്പ റോഡ്, കാപ്പാട് എന്നിവിടങ്ങളിൽ മരങ്ങൾ പൊട്ടിവീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. 

∙ തോട്ടട ദേശീയപാതയിൽ ടെക്നിക്കൽ സ്കൂളിനു സമീപത്തു മരം പൊട്ടി വീണു. ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. താഴെചൊവ്വ ബൈപാസിൽ പെട്രോൾ പമ്പിന് സമീപത്തു മരം പൊട്ടി വീണു. ഇവിടെയും ഗതാഗത തടസ്സമുണ്ടായി. ചാല–ആറ്റടപ്പ റോഡിലെ സാധുപാർക്കിന് സമീപം മരം വീണ് വൈദ്യുതി തൂൺ തകർന്നു. മൂന്നിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

∙ ഇരിക്കൂർ വയക്കാംകോട് പൈസായിയിൽ മരം പൊട്ടിവീണ് 5 വൈദ്യുതി തൂണുകളും ലൈനുകളും തകർന്നു. കുന്നുമ്മൽ മഖാം പരിസരത്ത് മരം വീണ് 2 തൂണുകൾ തകർന്നു. പ്രദേശത്തെ വൈദ്യുതി വിതരണം ഇന്ന് പുനഃസ്ഥാപിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

∙ കുറുമാത്തൂർ പഞ്ചായത്തിലെ പന്നിയൂർ, ചെറുകര എന്നിവിടങ്ങളിൽ ശക്തമായ കാറ്റിൽ നൂറ്റമ്പതോളം മരങ്ങൾ പൊട്ടിവീണു. ചപ്പാരപ്പടവ് ബാലേശുഗിരി, പടപ്പേങ്ങാട് പ്രദേശങ്ങളിൽ 2 വീടുകൾ തകർന്നു. ബാലേശുഗിരി പള്ളിയുടെ ഹാൾ ഭാഗികമായി തകർന്നു. മേലേടത്ത് ദേവി, മകൻ വിജേഷ് എന്നിവരുടെ വീടുകളാണു തകർന്നത്.

∙ മരം വീണ് ബാലുശ്ശേരിയിലെ താഴെത്തൊട്ടിയിൽ പുഷ്പ പ്രഭാകരനു പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അള്ളുംപുറം തോമസ്, സി.ഓമനക്കുട്ടൻ, പാറാടിയിൽ നാരായണി, താഴെത്തൊട്ടിയിൽ പ്രഭാകരൻ, വളവനാട് ജയിംസ്, കൈതപ്പറമ്പിൽ ഫ്രാൻസിസ് എന്നിവരുടെ കൃഷി നശിച്ചു. 

∙ അഞ്ചരക്കണ്ടി മേഖലയിൽ നൂറുകണക്കിന് നേന്ത്രവാഴകൾ കാറ്റിൽ നശിച്ചു. തെങ്ങ്, പ്ലാവ്, കമുക് എന്നിവ വ്യാപകമായി കടപുഴകി വീണ നിലയിലാണ്. മരം വീണ് അ‍ഞ്ചരക്കണ്ടി ഭാഗത്തു നിന്ന് തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ ഭാഗത്തേക്കുള്ള ഗതാഗതം ഭാഗികമായി നിലച്ചു. മരം വീണ് പ്രദേശത്തെ ഗ്രാമീണ റോഡുകളിലും ഗതാഗത തടസ്സം അനുഭവപ്പെട്ടു. വൈദ്യുത വിതരണവും നിലച്ചു. ഒട്ടേറെ വൈദ്യുത തൂണുകൾ തകർന്നിട്ടുണ്ട്.

വണ്ണാന്റെമെട്ടയിലും താഴെ കാവിൻമൂലയിലും റോഡരികിൽ നിർത്തിയിട്ട കാറിനു മുകളിൽ മരം വീണു. അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജിന്റെ മുൻവശത്ത് സ്ഥാപിച്ച വലിയ ഷീറ്റുകൾ കാറ്റിൽ നിലംപൊത്തി. വെൺമണലിൽ ബൈത്തുൽ അമാൻ ഹൗസിൽ അബ്ദുൽ റഹ്മാന്റെ വീടിനു മുകളിൽ മരം  വീണു. പൊതുവാച്ചേരി തെങ്ങ്  വീണ് മീത്തലെ വീട്ടിൽ ജമീലയുടെ വീട് ഭാഗികമായി തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com