ക‌ണ്ണൂരിൽ 23 വർഷം എൽഡിഎഫ് ഭരിച്ച സീറ്റ് പിടിച്ചെടുത്ത് കോൺഗ്രസ്, ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തിളക്കം

HIGHLIGHTS
  • പ്രതിപക്ഷമില്ലാതെ 23 വർഷം എൽഡിഎഫ് ഭരിച്ച ചെറുതാഴം പഞ്ചായത്തിൽ പ്രതിപക്ഷ സാന്നിധ്യം
ചെറുതാഴം പഞ്ചായത്തിലെ കക്കോണി വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച‌ യുഡിഎഫിലെ യു.രാമചന്ദ്രനെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അനുമോദിക്കുന്നു.
ചെറുതാഴം പഞ്ചായത്തിലെ കക്കോണി വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച‌ യുഡിഎഫിലെ യു.രാമചന്ദ്രനെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അനുമോദിക്കുന്നു.
SHARE

കണ്ണൂർ ∙ ജില്ലയിൽ 2 തദ്ദേശ വാർഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ രണ്ടിടത്തും യുഡിഎഫിനു ജയം. ഒരു വാർഡ് സിപിഎമ്മിൽ നിന്നു പിടിച്ചെടുത്തപ്പോൾ മറ്റൊരു വാർഡ് നിലനിർത്തി. ചെറുതാഴം പഞ്ചായത്തിലെ കക്കോണി വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ സിപിഎം സ്ഥാനാർഥി ഒരു വോട്ടിനു ജയിച്ച ഇവിടെ 80 വോട്ടുകൾക്കാണു യുഡിഎഫിന്റെ ജയം. കോൺഗ്രസ് സ്ഥാനാർഥി യു.രാമചന്ദ്രൻ സിപിഎമ്മിലെ സി.കരുണാകരനെ തോൽപിച്ചു. യു.രാമചന്ദ്രന് 589 വോട്ടും സി.കരുണാകരന് 509 വോട്ടും ലഭിച്ചു.

കണ്ണൂർ കോർപറേഷൻ പള്ളിപ്രം ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിലെ എ.ഉമൈബയെ ആനയിച്ചു പ്രവർത്തകർ മുനിസിപ്പൽ ഹൈസ്കൂളിലെ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നു പുറത്തേക്കു വരുന്നു. മേയർ ടി.ഒ.മോഹനൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരിം ചേലേരി, ഡപ്യൂട്ടി മേയർ കെ.ഷബീന, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സി.സമീർ തുടങ്ങിയവർ സമീപം. 			          ചിത്രം: മനോരമ
കണ്ണൂർ കോർപറേഷൻ പള്ളിപ്രം ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിലെ എ.ഉമൈബയെ ആനയിച്ചു പ്രവർത്തകർ മുനിസിപ്പൽ ഹൈസ്കൂളിലെ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നു പുറത്തേക്കു വരുന്നു. മേയർ ടി.ഒ.മോഹനൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരിം ചേലേരി, ഡപ്യൂട്ടി മേയർ കെ.ഷബീന, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സി.സമീർ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

പ്രതിപക്ഷമില്ലാതെ 23 വർഷം എൽഡിഎഫ് ഭരിച്ച ചെറുതാഴം പഞ്ചായത്തിൽ ഇതോടെ വീണ്ടും പ്രതിപക്ഷ സാന്നിധ്യമായി. സിപിഎം അംഗമായിരുന്ന കെ.കൃഷ്ണന്റെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടന്നത്. ആകെയുള്ള 17 വാർഡുകളിൽ 16 എണ്ണം സിപിഎമ്മിനും ഒരു വാർഡ് സിപിഐക്കും എന്നതായിരുന്നു നേരത്തേയുള്ള നില. ഇപ്പോൾ എൽഡിഎഫ് – 16, യുഡിഎഫ് – 1 എന്നായി. കണ്ണൂർ കോർപറേഷൻ പള്ളിപ്രം ഡിവിഷൻ വർധിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് നിലനിർത്തി. 1015 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിം ലീഗിലെ എ.ഉമൈബ വിജയിച്ചു.

കഴിഞ്ഞ തവണ യുഡിഎഫിന്റെ ഭൂരിപക്ഷം 701 ആയിരുന്നു. ഇക്കുറി ഭൂരിപക്ഷത്തിൽ 314 വോട്ടിന്റെ വർധന. എ.ഉമൈബയ്ക്ക് 2006 വോട്ട് ലഭിച്ചപ്പോൾ 991 വോട്ടാണ് എൽഡിഎഫ് സ്ഥാനാർഥി റുക്സാനയ്ക്കു ലഭിച്ചത്. ബിജെപി സ്ഥാനാർഥി ശ്രദ്ധ രാഘവന് 171 വോട്ടും ലഭിച്ചു. കോർപറേഷൻ ഭരണം യുഡിഎഫിനാണ്. വാർഡ് നിലനിർത്തിയതിനാൽ നിലവിലെ സീറ്റ് നിലയിൽ വ്യത്യാസമില്ല. പള്ളിപ്രം ഡിവിഷൻ കൗൺസിലറായിരുന്ന ഡോ.പി.കെ.സുമയ്യ കൗൺസിലർ സ്ഥാനം രാജി വച്ചതിനാലാണു തിരഞ്ഞെടുപ്പു വേണ്ടിവന്നത്.

യുഡിഎഫിന് അട്ടിമറി ജയം; സിപിഎമ്മിന് കനത്ത തിരിച്ചടി

കണ്ണൂർ ∙ പ്രതിപക്ഷമില്ലാതെ ഭരിച്ച ചെറുതാഴം പഞ്ചായത്തിൽ എൽഡിഎഫിനെ അട്ടിമറിച്ച് യുഡിഎഫ് നേടിയ അപ്രതീക്ഷിത വിജയം സിപിഎമ്മിനു കനത്ത തിരിച്ചടിയായി. പ്രാദേശിക വിഭാഗീയതയും അണികളുടെ മനസ്സറിയാതെ എടുത്ത ചില തീരുമാനങ്ങളുമാണു കിട്ടുമെന്നു കരുതിയിരുന്ന സീറ്റ് കൈവിട്ടു പോകാൻ കാരണമായതെന്നാണു വിലയിരുത്തലെങ്കിലും ബിജെപിക്ക് ഇത്തവണ സ്ഥാനാർഥിയില്ലാതിരുന്നത് യുഡിഎഫിനു ഗുണം ചെയ്തെന്നാണു പാർട്ടി പുറത്തു പറയുന്നത്.

1995നു ശേഷം ഇപ്പോഴാണ് യുഡിഎഫിനു പഞ്ചായത്തിൽ അംഗമുണ്ടാകുന്നത്. കഴിഞ്ഞ തവണ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇവിടെ സിപിഎം ജയിക്കുമ്പോൾ ബിജെപിക്കു കിട്ടിയത് 49 വോട്ടായിരുന്നു. ഇത്തവണ ബിജെപി സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. 80 വോട്ടിനാണു യുഡിഎഫ് ജയം. വാർഡിലെ ആകെ വോട്ടുകൾ നോക്കുമ്പോൾ എൽഡിഎഫിനും യുഡിഎഫിനും വോട്ടുകൾ കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ 444 വോട്ടായിരുന്നു യുഡിഎഫിനു കിട്ടിയത്. ഇത്തവണ അത് 589 ആയി.

145 വോട്ടുകളാണ് യുഡിഎഫിന് അധികം ലഭിച്ചത്. എൽഡിഎഫിന്റെ വോട്ട് 445 ആയിരുന്നത് 509 ആയി. വർധന 64. ആകെ വോട്ടർമാരിൽ 165 പേരുടെ വർധനയാണു പട്ടികയിൽ വന്നത്. കഴിഞ്ഞ തവണ 938 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ വോട്ട് ചെയ്തത് 1098 പേരാണ്. 160 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടതിൽ കൂടിയത്. ആകെ വോട്ടിലുണ്ടായ വർധനയോ പോളിങ്ങിലുണ്ടായ വർധനയോ സിപിഎമ്മിനെ ജയത്തിലേക്കെത്താൻ തുണച്ചില്ല. പരാജയത്തിന്റെ കാരണം ബിജെപിയുടെ തലയിൽ കെട്ടിവച്ചു മാറിനിൽക്കാനാവില്ലെന്നു വ്യക്തം.

ഉണ്ടാകാൻ ഇടയുള്ള അടിയൊഴുക്കുകൾ മുൻകൂട്ടി വിലയിരുത്തുന്നതിൽ സംഘടനാ സംവിധാനം പരാജയപ്പെടുന്നുവോ എന്ന കാര്യം സിപിഎമ്മിനു പരിശോധിക്കേണ്ടി വരും. പ്രദേശത്തെ അണികളുടെ വികാരം മനസ്സിലാക്കാതെ, താൽക്കാലിക കയ്യടി നേടാനായി പ്രാദേശിക വിഷയങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ തിരിച്ചടിയാകുന്നുണ്ടോ യെന്നു പരിശോധിക്കാൻ കൂടിയുള്ള അവസരമാണു സിപിഎമ്മിനിത്.

സംഘടനാ സംവിധാനത്തിലും ജനങ്ങളുമായുള്ള ദൈനംദിന ബന്ധങ്ങളുടെ കാര്യത്തിലും മുൻപന്തിയിലെന്ന് അവകാശപ്പെടുന്ന സിപിഎമ്മിനു തോൽവിയുടെ കാരണങ്ങളുടെ ആഴങ്ങളിലേക്കു പ്രവേശിക്കേണ്ടി വരും. കണ്ണൂർ കോർപറേഷൻ പള്ളിപ്രം വാർഡിൽ യുഡിഎഫിനു ഭൂരിപക്ഷത്തിലുണ്ടായ 314 വോട്ടുകളുടെ വർധനയുടെ കാരണവും സിപിഎമ്മിനു കണ്ടെത്തേണ്ടി വരും. മൊത്തം വോട്ടുകളിലും ഇവിടെ സിപിഎമ്മിന് ഇടിവു വന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS