ADVERTISEMENT

കണ്ണൂർ ∙ വേനലവധി കഴിഞ്ഞു. അക്ഷരലോകത്തേക്കു കുരുന്നുകളെ വരവേൽക്കാൻ സ്കൂളുകളൊരുങ്ങി. പുതിയ അധ്യയന വർഷത്തിന് ഇന്നു തുടക്കം. പ്രവേശനോത്സവം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകരും പിടിഎകളും. ജില്ലാതല സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ആറളം ഫാം ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്നു നടക്കും. ഡോ.വി.ശിവദാസൻ എംപി ഉദ്ഘാടനം നിർവഹിക്കും.

1,ടി.ധ്യാൻ, ടി.ധ്വനി.  2,ഇതൾ, ഇശൽ  3,ഷാദിയ, ഷാദിന. 4,ആര്യ സച്ചിൻ, അമർ സച്ചിൻ
1,ടി.ധ്യാൻ, ടി.ധ്വനി. 2,ഇതൾ, ഇശൽ 3,ഷാദിയ, ഷാദിന. 4,ആര്യ സച്ചിൻ, അമർ സച്ചിൻ

ഒന്നാം ക്ലാസിലേക്ക് നാലിരട്ടി സന്തോഷം

പയ്യന്നൂർ ∙ ബിഇഎംഎൽപി സ്കൂളിൽ ഇത്തവണ ഒന്നാം ക്ലാസിലേക്കെത്തുന്നത് നാലു ജോഡി ഇരട്ടകൾ. നിലവിൽ പ്രീപ്രൈമറിയിലും മൂന്നും നാലും അഞ്ചും ക്ലാസുകളിലുമായി ആറു ജോഡി ഇരട്ടകളുണ്ട്. ഇവരുടെ വരവോടെ സ്കൂളിൽ ഇരട്ടക്കുട്ടികളുടെ എണ്ണം 20 ആയി.

പെരുമ്പയിലെ എം.ഷിഹാബിന്റെയും കെ.എ. ഹബീബയുടെയും മക്കൾ കെ.എ.ഷാദിനയും കെ.എ.ഷാദിയയും അന്നൂർ സത്യൻ ആർട്സ് ക്ലബ്ബിനു സമീപം വ്യാപാരി കെ.ശശീന്ദ്രന്റെയും അധ്യാപിക ടി.സിജിയുടെയും മക്കൾ ടി.ധ്വനിയും ടി.ധ്യാനും കണ്ടോത്തെ രഞ്ജിത്തിന്റെയും സുജിനയുടെയും മക്കളായ ഇതളും ഇശലും തായിനേരിയിലെ സച്ചിന്റെയും അനിലയുടെയും മക്കളായ അമർ സച്ചിനും ആര്യ സച്ചിനുമാണു നവാഗതർ. 

ഇനി യാത്ര സൈക്കിളിൽ!

പയ്യന്നൂർ ∙ ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിൽ പോകാൻ സ്കൂൾ വക സൈക്കിൾ. സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റിന്റെ ‘റീസൈക്കിൾ’ സൈക്കിൾ ചാലഞ്ചിന്റെ ഭാഗമായാണു സ്കൂളിൽ സൈക്കിൾ കോർണർ സ്ഥാപിക്കുന്നത്. ഇതിലൂടെ വിദ്യാർഥികൾക്കു സൈക്കിൾ ലഭ്യമാകും. റജിസ്റ്ററിൽ പേരെഴുതി സൈക്കിളുകളെടുക്കാം.

പദ്ധതി ഇന്ന് ഉച്ചയ്ക്ക് 12.30ന് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഈ വിദ്യാലയത്തിൽ 100 വിദ്യാർഥികൾ ഇന്നു മുതൽ സ്കൂളിൽ എത്തുന്നത് ‘റീസൈക്കിൾ’ പദ്ധതി വഴി ശേഖരിച്ച് സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് പുതുക്കി നൽകിയ സൈക്കിളുകളിലാണ്.

ഇവിടുണ്ട്, ഔഷധത്തോട്ടം

പിണറായി ∙ ഗണപതി വിലാസം ബേസിക് യുപി സ്കൂളിൽ വിദ്യാർഥികളെ സ്വീകരിക്കുന്നതിനായി ഇത്തവണ ഒരുക്കിയത് ഔഷധസസ്യങ്ങൾ. പ്രവേശനോത്സവത്തോടനുബന്ധിച്ച് 100 ഔഷധ സസ്യങ്ങളാണു സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. കാട്ടുതിപ്പല്ലി, തഴുതാമ, കച്ചോലം, നീല അമരി, വിഷ പച്ച, കീഴാർ നെല്ലി, മുയൽച്ചെവി, ചിക്രുമാണി, സർപ്പഗന്ധി, പനി കൂർക്ക, കരിംകുറിഞ്ഞി, മൂവില, വിവിധയിനം തുളസികൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പുതുതായി എത്തുന്ന കുട്ടികളെ കിരീടം അണിയിച്ചും പൂക്കൾ നൽകിയും സ്വീകരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com