അന്ന് 87 കുട്ടികൾക്ക് തുണയായത് കെ.കെ.ശൈലജ, ഇന്ന് 360 കുട്ടികളെ ദുരിതത്തിലാക്കിയത് വകുപ്പുകളുടെ അനാസ്ഥയും

SHARE

കണ്ണൂർ ∙ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കു ശേഷം പുതിയ ശ്രവണസഹായി വാങ്ങാനോ കേടായത് അറ്റകുറ്റപ്പണി ചെയ്യാനോ കഴിയാതെ 360 കുട്ടികൾ ദുരിതത്തിലായത് സാമൂഹികനീതി – ആരോഗ്യവകുപ്പുകളുടെ നിസ്സംഗത മൂലം. ഇതുവരെ ശ്രുതിതരംഗം പദ്ധതി വഴി കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ നടന്നതും തുടർസഹായം ലഭിച്ചതും സാമൂഹികനീതി വകുപ്പിനു കീഴിലായിരുന്നു. കഴിഞ്ഞ ബജറ്റിൽ വകുപ്പിന്റെ ചില ചുമതലകൾ ആരോഗ്യവകുപ്പിനു കീഴിലാക്കുമെന്ന് പ്രഖ്യാപനമുണ്ടായി. എന്നാൽ, ഇതു സംബന്ധിച്ച് വകുപ്പുകൾ തമ്മിൽ ചർ‌ച്ചയോ കൈമാറ്റ ഉത്തരവോ പുറത്തുവന്നിരുന്നില്ല.

ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് പദ്ധതി സാമൂഹികനീതി വകുപ്പ് കയ്യൊഴിയുകയും ആരോഗ്യവകുപ്പ് ഏറ്റെടുക്കാതിരിക്കുകയും ചെയ്തതോടെ കേൾവിപരിമിതിയുള്ള നൂറുകണക്കിനു കുരുന്നുകളാണ് ദുരിതത്തിലായത്. ബജറ്റ് നിർദേശപ്രകാരം സാമൂഹിക സുരക്ഷാ വകുപ്പിന്റെ ചുമതലകൾ ആരോഗ്യവകുപ്പിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു. വകുപ്പുകളുടെ ചുമതലയുള്ള രണ്ടു മന്ത്രിമാരെയും കുട്ടികളുടെ രക്ഷിതാക്കളും കോക്ലിയർ ഇംപ്ലാന്റീസ് അസോസിയേഷൻ ആ‍ൻഡ് ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടനയുടെ ഭാരവാഹികളും സമീപിച്ചിരുന്നു. സാങ്കേതിക കുരുക്ക് കാരണം ഫയൽ നീക്കം നിലച്ചുവെന്നും ഇതു പരിഹരിച്ച ശേഷം വൈകാതെ യോഗം വിളിച്ചുചേർത്ത് പ്രശ്നം പരിഹരിക്കാമെന്നുമുള്ള മറുപടിയാണ് ഇവർക്കു ലഭിച്ചത്.

4 വർഷം മുൻപ് 87 കുട്ടികൾക്ക് തുണയായത് കെ.കെ.ശൈലജ

നാലു വർഷം മുൻപ് കോക്ലിയർ എന്ന ഓസ്ട്രേലിയൻ കമ്പനി അവരുടെ സ്പ്രിന്റ് എന്ന മോഡൽ അവസാനിപ്പിച്ചപ്പോഴും സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു. അന്ന് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജ ഇടപെട്ട് 87 പേരുടെ ഉപകരണങ്ങൾ ‘ധ്വനി’ പദ്ധതിയിൽ ഉൾപ്പെടുത്തി മാറ്റി നൽകിയതാണ് രക്ഷയായത്. വരുന്ന ഡിസംബറിൽ കോക്ലിയർ കമ്പനിയുടെ ഫ്രീഡം എന്ന മോഡലും അവസാനിപ്പിക്കുമെന്ന അറിയിപ്പ് ശസ്ത്രക്രിയ ചെയ്തവർക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 250 പേരാണ് സംസ്ഥാനത്ത് ഈ മോഡൽ ഉപയോഗിക്കുന്നത്. അവർക്കും അടുത്ത ജനുവരിയോടെ പുതിയ മോഡലിലേക്ക് മാറേണ്ടിവരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS