യൂത്ത്‌ ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം, പിന്നിൽ സിപിഎം പ്രവർത്തകരെന്ന് യുഡിഎഫ്

പിലാത്തറ ചുമടുതാങ്ങിയിൽ ആക്രമണം നടന്ന യൂത്ത് ലീഗ് പ്രവർത്തകന്റെ വീട് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് സന്ദർശിക്കുന്നു.
SHARE

പിലാത്തറ ∙ മുസ്‌ലിം യൂത്ത്‌ ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം, ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു, സംഭവത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു. പിലാത്തറ ചുമടുതാങ്ങിയിലെ യൂത്ത് ലീഗ് ചെറുതാഴം മണ്ഡലം ട്രഷറർ എസ്.എ.തമീമിന്റെ വീടിനു നേരെയാണു കഴിഞ്ഞ ദിവസം രാത്രി 11.30ന് ആക്രമണം നടന്നത്. കല്ലേറിൽ വീടിന്റെ മുൻഭാഗത്തെ ജനൽ ചില്ലുകൾ തകർന്നു. വരാന്തയ്ക്കും കേടുപാടുണ്ട്. ചെറുതാഴം കക്കോണി വാർഡിൽ നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പരാജയപ്പെടുത്തി യുഡിഎഫ് അട്ടിമറി വിജയം നേടിയിരുന്നു. തിരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ച തമീമിന്റെ വീടിനു നേർക്ക് അക്രമം നടത്താൻ കാരണം ഇതാണെന്നു ലീഗ് നേതാക്കൾ ആരോപിച്ചു.

പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എസ്.കെ.പി.സക്കരിയ, ഡിസിസി ജനറൽ സെക്രട്ടറി കെ.ബ്രിജേഷ്‌ കുമാർ, കെപിസിസി നിർവാഹകസമിതി അംഗം എം.പി.ഉണിക്കൃഷ്ണൻ, റഷീദ് കവ്വായി, വിജയിച്ച യുഡിഎഫ് സ്ഥാനാർഥി യു.രാമചന്ദ്രൻ, ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.നജ്മുദ്ദീൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുമേഷ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.രാജൻ, കെകെഎസ്‌വൈ‌എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി, മുസ്തഫ കടന്നപ്പള്ളി, രാമദാസ്, മധുസൂദനൻ എരമം എന്നിവർ ആക്രമണമുണ്ടായ വീട് സന്ദർശിച്ചു. 

‘ആക്രമണം ജനാധിപത്യ വിരുദ്ധം’

ചെറുതാഴം കക്കോണിയിൽ യുഡിഎഫ് സ്ഥാനാർഥി യു.രാമചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം യുഡിഎഫ് പ്രവർത്തകൻ സലീമിന്റെ വീടിനു നേരെ കല്ലെറിഞ്ഞു ജനൽ പാളികൾ തകർത്ത നടപടി ജനാധിപത്യവിരുദ്ധവും തിരഞ്ഞെടുപ്പ് വിജയത്തെ സിപിഎം അംഗീകരിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. കല്ലെറിഞ്ഞു തകർത്ത തമീമിന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം തിരുത്തിയില്ലെങ്കിൽ ജനങ്ങളിൽ നിന്നു കൂടുതൽ അകലുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS