കൊട്ടിയൂരപ്പന് നെയ്യാട്ടം നടത്തി; ഭണ്ഡാരമെഴുന്നള്ളത്ത് ഇന്ന്

HIGHLIGHTS
  • ഭണ്ഡാരമെഴുന്നള്ളത്ത് കഴിഞ്ഞാൽ സ്ത്രീകൾക്കും ദർശനം
ഭക്ത്യാദരം... കൊട്ടിയൂർ വൈശാഖോത്സവത്തിനു തുടക്കം കുറിച്ച് വയനാട്ടിലെ മുതിരേരി കാവിൽ നിന്നുള്ള വാൾ എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് എത്തിയപ്പോൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
SHARE

കൊട്ടിയൂർ ∙ വൈശാഖോത്സവത്തിൽ കൊട്ടിയൂരപ്പന് നെയ്യാട്ടം നടത്തി. തിരുവാഭരണങ്ങളും പൂജാകുംഭങ്ങളുമായി ഭണ്ഡാരമെഴുന്നള്ളത്ത് ഇന്ന്. ഇന്നലെ സന്ധ്യയ്ക്ക് മുതിരേരി വാളുമായി മൂഴിയോട്ടില്ലത്ത് സുരേഷ് നമ്പൂതിരി ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേർന്നു. വാളെഴുന്നള്ളത്ത് വേളയിൽ നെയ്യമൃത് വ്രതക്കാർ ഇക്കരെ നടയിൽ സന്നിഹിതരായിരുന്നു. രാത്രി ഓടയും തീയുമായി സ്ഥാനികർ അക്കരെ ക്ഷേത്രത്തിൽ പ്രവേശിച്ച് ചോതി വിളക്ക് തെളിച്ചു. തുടർന്ന് ബ്രാഹ്മണർ മണിത്തറയിൽ പ്രവേശിച്ച് സ്വയംഭൂവിനെ ആവരണം ചെയ്ത് അഷ്ടബന്ധം നീക്കം ചെയ്ത് നാളം തുറന്നു.

പാത്തി വച്ച്, രാശി വിളിച്ച ശേഷം നെയ്യാട്ടം നടത്തി. ജന്മ സ്ഥാനികരായ വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മങ്ങാടൻ നമ്പ്യാരുടെയും നെയ് ആദ്യമായി സ്വയം ഭൂ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. തുടർന്ന് ക്രമമനുസരിച്ച് വിവിധ മഠങ്ങളിൽ നിന്നെത്തിയ വ്രതക്കാരുടെ നെയ് ഏറ്റുവാങ്ങി അഭിഷേകം ചെയ്തു. ഉഷകാമ്പ്രം സ്ഥാനിക ബ്രാഹ്മണൻ ഭഗവത് സ്വയം ഭൂവിൽ നടത്തുന്ന നെയ്യഭിഷേകത്തിന് കാർമികത്വം വഹിച്ചു. ഇന്നു രാത്രിയാണ് ഭണ്ഡാരം എഴുന്നള്ളത്ത്. മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽ നിന്ന് ഭണ്ഡാരം എഴുന്നള്ളത്ത് പുറപ്പെടും. സപ്തമാതൃപുരം എന്ന ചപ്പാരത്തെ ഭഗവതിയുടെ വാളുകളും ഭണ്ഡാരത്തോട് ഒപ്പം കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. പരമ്പരാഗത വാദ്യങ്ങളുടെയും രണ്ട് ഗജവീരൻമാരുടെയും അകമ്പടിയോടെയാണ് എഴുന്നള്ളത്ത്.

കുടിപതി സ്ഥാനികരാണ് ഭണ്ഡാരങ്ങൾ എഴുന്നള്ളിക്കുക. ഏഴില്ലക്കാരായ വാളശൻമാർ ചപ്പാരം വാളും എഴുന്നള്ളിക്കും. യോഗി സമുദായത്തിൽ പെട്ടവർ നേതൃത്വം നൽകുന്ന പൂതനാക്കൂലിലെ യോഗിയൂട്ട് എന്ന ചടങ്ങ് ഇന്ന് ഉച്ചക്ക് നടത്തും. തുടർന്ന് കലശം വരവ്. ഉച്ചയൂണിന് ശേഷം പെരുവണ്ണാൻ കാവു തീണ്ടി കരിമ്പനയ്ക്കൽ ഗോപുരത്തിൽ എത്തി അനുമതി നൽകും. കണക്കപ്പിള്ള ഭണ്ഡാരങ്ങൾ കുടിപതി കാരണവരെ ഏൽപിക്കും. എഴുന്നള്ളത്ത് പുറപ്പെട്ടാൽ കൊട്ടിയൂരിലെത്തും മുമ്പ് അഞ്ചിടത്തായി വാളാട്ടങ്ങളും നടത്തും. എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരിൽ എത്തിയാൽ ഇന്നലെ എഴുന്നളളിച്ച് ഇക്കരെ എത്തിച്ച മുതിരേരി വാൾ, ഇക്കരെയിലെ ബലിബിംബങ്ങൾ എന്നിവ കൂടി ചേർന്ന് അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കും. ഇതോടെ കൊട്ടിയൂരിലെ ദർശന കാലം ആരംഭിക്കും. ഭണ്ഡാരമെഴുന്നള്ളത്ത് കഴിഞ്ഞാൽ സ്ത്രീകൾക്കും ദർശനത്തിനായി അക്കരെ പ്രവേശിക്കാം.

കൊട്ടിയൂർ: കെഎസ്ആർടിസി 25 ബസുകൾ അനുവദിച്ചു

കണ്ണൂർ ∙ കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി ഉത്തര മേഖലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് 25 ബസുകൾ അനുവദിച്ചു. തലശ്ശേരി ഡിപ്പോയിൽ നിന്നാണ് ബസുകൾ ഓപ്പറേറ്റ് ചെയ്യുക. നാളെ മുതൽ 24 വരെ അധിക സർവീസായി ഇവ തീർഥാടകരെ കൊണ്ടുപോകും. തലശ്ശേരി, കണ്ണൂർ ഡിപ്പോയിൽ നിന്നുള്ള പതിവ് സർവീസുകളും ഇതോടൊപ്പം ഉണ്ടാകും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കൽപറ്റ, ബത്തേരി, താമരശ്ശേരി, മലപ്പുറം, നിലമ്പൂർ, പാലക്കാട് യൂണിറ്റുകളിൽ നിന്ന് 2 വീതവും തിരുവമ്പാടി, കോഴിക്കോട്, പെരിന്തൽമണ്ണ, പൊന്നാനി, ചിറ്റൂർ, മണ്ണാർക്കാട്, വടക്കാഞ്ചേരി യൂണിറ്റുകളിൽ നിന്ന് ഒന്നു വീതവും ബസുകളാണ് അനുവദിച്ചത്.

ഇതിനു പുറമേ തൊട്ടിൽപാലം, വടകര യൂണിറ്റുകളിൽ നിന്നുള്ള ബസുകൾ തലശ്ശേരി ഡിപ്പോയിൽ കേന്ദ്രീകരിച്ചാണ് കൊട്ടിയൂർ സർവീസ് നടത്തുക. ഒരു ബസ് 4 ട്രിപ് വച്ചാണ് സർവീസ് നടത്തുക. 3നു പുലർച്ചെ 5.30 മുതൽ തലശ്ശേരി ഡിപ്പോയിൽ നിന്നു കൊട്ടിയൂർ സർവീസ് ആരംഭിക്കും. തീർഥാടകരുടെ ആവശ്യാനുസരണം കൂടുതൽ സർവീസ് നടത്താനും ആലോചിക്കുന്നുണ്ട്. കൊട്ടിയൂർ, തലശ്ശേരി ബസ് സ്റ്റാൻഡുകളിൽ പ്രത്യേകം സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തിക്കും. ഈ ബസ് സ്റ്റാൻഡുകളിൽ സ്പെഷൽ സർവീസിനായി പ്രത്യേകം ട്രാക്ക് ഒരുക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS