ADVERTISEMENT

കണ്ണൂർ ∙ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ തീപിടിത്തം കൂട്ടായ്മയിലൂടെ നേരിട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷൻ. വ്യാഴം പുലർച്ചെ 1.25നാണ് പോയിന്റ്സ്മാൻ രഞ്ജിത് പതിവു പരിശോധനയ്ക്കിടെ ട്രെയിനിന്റെ കോച്ചിൽ തീ കാണുന്നതും മറ്റ് ഉദ്യോഗസ്ഥരെ അറിയിക്കുന്നതും. രണ്ടു മിനിട്ടിനകം തന്നെ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചു. ഒപ്പം, റെയിൽവേയുടെ അപായ സൈറൺ മുഴക്കുകയും ചെയ്തു. 10 മിനിട്ടോളം സൈറൺ മുഴങ്ങി. ഇതോടെ, ലോക്കോ പൈലറ്റുമാരടക്കമുള്ള ജീവനക്കാരും പോർട്ടർമാരുമൊക്കെ സ്റ്റേഷനിലേക്ക് ഓടിയെത്തിയതായി സ്റ്റേഷൻ മാനേജർ എസ്. സജിത്കുമാർ പറഞ്ഞു. ‘ഗുരുതര സാഹചര്യം കൂട്ടായ പ്രവർത്തനത്തിലൂടെയാണു നേരിട്ടത്. സൈറൺ മുഴക്കിയതോടെ ഡ്യൂട്ടിയിലില്ലാത്ത ഉദ്യോഗസ്ഥർ പോലും സ്റ്റേഷനിലേക്ക് ഓടിയെത്തി.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ 
കോച്ചിലുണ്ടായ തീപിടിത്തം. (വിഡിയോ ദൃശ്യം).
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചിലുണ്ടായ തീപിടിത്തം. (വിഡിയോ ദൃശ്യം).

ആർപിഎഫും റെയിൽവേ പൊലീസും ജാഗ്രതയോടെ പ്രവർത്തിച്ചു. മറ്റു കോച്ചുകളിലേക്കു തീ പടരാതിരിക്കാനാണ് ആദ്യം ശ്രദ്ധിച്ചത്. പതിനേഴാമത്തെ കോച്ച്, 16ൽ നിന്നു വേർപെടുത്തുകയും ആദ്യത്തെ 16 കോച്ചുകളും എൻജിൻ ഘടിപ്പിച്ച് അകലേയ്ക്കു മാറ്റുകയും ചെയ്തു. തീകെടുത്താൻ തുടങ്ങി, 10 മിനിട്ടിനകം തന്നെ ഈ ജോലി പൂർത്തിയാക്കിയതു ആശ്വാസവും ആത്മവിശ്വാസവും നൽകി. 18, 19 കോച്ചുകളും വേർപെടുത്തിയെങ്കിലും അവ നീക്കാൻ നിർവാഹമുണ്ടായിരുന്നില്ല. അതു തള്ളി മാറ്റേണ്ട സാഹചര്യമുണ്ടായാൽ അതിനും ജീവനക്കാരും തൊഴിലാളികളും പോർട്ടർമാരും തയാറായി നിന്നിരുന്നു. തെക്കുഭാഗം ട്രാക്ക് അവസാനിക്കുന്ന ഡെഡ് എൻഡാണ്. എൻജിൻ വച്ച് നീക്കാനാവില്ല. നേരിയ ഇറക്കമുളള ഭാഗമാണ്. തളളി നീക്കിയാൽ, ഉദ്ദേശിക്കുന്ന സ്ഥലത്തു നിർത്താൻ പറ്റാതായേക്കും. മാത്രമല്ല, കൂടുതൽ അപകടത്തിനും സാധ്യതയുണ്ട്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കത്തിനശിച്ച കോച്ചിലെ ശുചിമുറിയിലെ കണ്ണട തകർത്ത നിലയിൽ.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കത്തിനശിച്ച കോച്ചിലെ ശുചിമുറിയിലെ കണ്ണട തകർത്ത നിലയിൽ.

അഗ്നിരക്ഷാസേനയും പൊലീസും കൃത്യസമയത്ത് എത്തിയതും മറ്റു കോച്ചുകളിലേക്കു തീപടരുന്നതു തടഞ്ഞു. തീ കെടുത്തിയ ശേഷം, പൊലീസിനോട് ട്രെയിനിൽ കയറി പരിശോധന നടത്താൻ ആവശ്യപ്പെട്ടു. തീവച്ചയാൾ, കോച്ചിനകത്തു പെട്ടിട്ടുണ്ടോയെന്നറിയില്ലല്ലോ. പൊലീസ് നായയുടെ പരിശോധനയുമുണ്ടായിരുന്നു.’ സജിത്കുമാർ പറഞ്ഞു. അഗ്നിരക്ഷാസേനയുടെ ഫയർ എൻജിന് എത്തിച്ചേരാൻ പറ്റാത്ത ദുർഘടം പിടിച്ച സ്ഥലത്താണു തീപിടിത്തമുണ്ടായത്. താവക്കര അണ്ടർബ്രിജിനു താഴെ ഫയർ എൻജിനുകൾ നിർത്തിയിട്ട്, 10 ലെങ്ത് പൈപ്പുകൾ കൂട്ടിയിണക്കിയാണു വെള്ളം ചീറ്റിച്ചത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ബിപിസിഎല്ലിന്റെ ഇന്ധന സംഭരണി.
കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ബിപിസിഎല്ലിന്റെ ഇന്ധന സംഭരണി.

മറ്റു ബോഗികളിലേക്ക് തീ പടരാതിരിക്കാൻ അഗ്നിരക്ഷാസേന പ്രത്യേകം ശ്രദ്ധിച്ചു. 1.35ന് എത്തിയ അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റുകൾ ചേർന്ന് 40 മിനിട്ടിനകം തീ നിയന്ത്രണ വിധേയമാക്കി. 2.35ന് പൂർണമായും തീയണച്ചു. സംഭവ സ്ഥലത്തിന്റെ പരിസരങ്ങളിലൊക്കെ വെള്ളം ചീറ്റി നില ഭദ്രമാക്കി. 3.15 വരെ അഗ്നിരക്ഷാസേന സ്ഥലത്തുണ്ടായിരുന്നു. 22,000 ലീറ്റർ‌ വെള്ളമാണ് ഉപയോഗിച്ചത്. അഗ്നിരക്ഷസേനാ സ്റ്റേഷൻ ഓഫിസർ കെ.വി.ലക്ഷ്മണൻ, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫിസർ ഒപി.ജയാനന്ദൻ, ഫയർ ആൻഡ് റസ്ക്യു ഓഫിസർ ഷായി വാസ് തുടങ്ങിയവർ ‍നേതൃത്വം നൽകി.

ദുരന്തങ്ങളുടെ എക്സിക്യൂട്ടീവ് !

ദുരന്തങ്ങൾ വിടാതെ പിന്തുടരുന്ന പോലെയാണ് എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ചരിത്രം. തുടക്കകാലത്ത് എറണാകുളം വരെയായിരുന്നു ട്രെയിൻ ഓടിയിരുന്നത്. ആലപ്പുഴയിലേക്കുള്ള ലൈൻ വന്ന ശേഷമാണ് ട്രെയിൻ അങ്ങോട്ടു നീട്ടിയത്. എറണാകുളം വരെ ഓടിയിരുന്ന കാലഘട്ടത്തിൽ 1986 ഫെബ്രുവരി 28നായിരുന്നു 27 പേരുടെ ജീവനെടുത്ത ദുരന്തത്തിന് എക്സിക്യൂട്ടീവ് എക്സ്പ്രസ് നിമിത്തമായത്. അന്ന് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവ വെടിക്കെട്ടു കാണാൻ സമീപത്തെ പാളത്തിൽ നിന്ന ജനക്കൂട്ടത്തിനുനേരെ കണ്ണൂർ–എറണാകുളം എക്സിക്യൂട്ടീവ് എക്സ്പ്രസ് ഓടിക്കയറുകയായിരുന്നു.

2014 ഒക്ടോബർ 20നു പുലർച്ചെ 4.45ന് എക്സിക്യൂട്ടീവ് എക്സ്പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടപ്പോഴായിരുന്നു മലപ്പുറം കടുങ്ങല്ലൂർ ഹാജിയാർപീടികയിലെ പാത്തു എന്ന പാത്തുമ്മയെ (45) കോച്ചിനുള്ളിൽ പെട്രോൾ ഒഴിച്ചു തീയിട്ടു കൊന്നത്. തമിഴ്നാട് കമ്പം കാമാക്ഷിപുര കോളനിയിലെ സുരേഷ് കണ്ണനാണ് സംഭവത്തിൽ പിടിയിലായി ശിക്ഷിക്കപ്പെട്ടത്.

കഴിഞ്ഞ ഏപ്രിൽ 2ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ എലത്തൂരിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിൽ തീയിട്ടത് ഒരു വയസ്സുകാരി ഉൾപ്പെടെ മൂന്നുപേരുടെ ജീവനാണു കവർന്നത്. 9 യാത്രക്കാർക്കു പരുക്കേറ്റു. കേസ് എൻഐഎ അന്വേഷണത്തിലാണ്. രണ്ടു മാസത്തിനു ശേഷം ഇന്നലെ പുലർച്ചെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എട്ടാമത്തെ ട്രാക്കിൽ നിർത്തിയിട്ടപ്പോഴായിരുന്നു ട്രെയിനിന്റെ ജനറൽ കോച്ചിൽ അജ്ഞാതൻ തീയിട്ടത്. തൊട്ടടുത്ത കോച്ചിലെ ശുചിമുറികളും ജനലുകളും കല്ല് ഉപയോഗിച്ച് ഇടിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്.

സംഭവം നടന്നത് ഇങ്ങനെ

∙ ബുധൻ രാത്രി 11.07: എക്സിക്യൂട്ടീവ് എക്സ്പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തുന്നു.
∙ 12.20:  ജനലുകളും വാതിലുകളുമടച്ച ശേഷം ട്രെയിൻ എട്ടാമത്തെ യാഡിലേക്കു മാറ്റിയിടുന്നു. തുടർന്ന്, എൻജിൻ വേർപെടുത്തുന്നു.
∙ 1.25 : ട്രെയിനിനു തീപിടിച്ചതായി റെയിൽവേ പോയിന്റ്സ്മാൻ ഡ്യൂട്ടിക്കിടെയുള്ള പതിവു പരിശോധനയ്ക്കിടെ കാണുന്നു.
∙ 1.27: പൊലീസിനെയും അഗ്നിരക്ഷാസേനയെയും റെയിൽവേ ഉദ്യോഗസ്ഥർ വിവരമറിയിക്കുന്നു.
∙ 1.35: അഗ്നിരക്ഷാസേന എത്തി, തീയണയ്ക്കാനുളള ശ്രമം തുടങ്ങുന്നു.
∙ 1.45  തീ പിടിച്ച കോച്ചിൽ നിന്ന് അതിനു മുൻപിലുള്ള 16 കോച്ചുകൾ റെയിൽവേ ജീവനക്കാർ വേർപെടുത്തുകയും തീപടരാതെ ദൂരേക്കു മാറ്റുകയും ചെയ്യുന്നു. പിറകിലെ 2 ബോഗികളും ഇതോടൊപ്പം വേർപെടുത്തുന്നു. പക്ഷേ, അവ നീക്കാൻ വഴിയില്ല.
∙ 2.15 : തീ ഭാഗികമായി അണച്ചു.
∙ 2.35 തീ പൂർണമായി അണച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com