ADVERTISEMENT

കണ്ണൂർ ∙ ട്രെയിനുകളിലെ സുരക്ഷ ഉറപ്പാക്കാൻ റിസർവ്, അൺ റിസർവ് കോച്ചുകൾക്കിടയിലെ വാതിലുകൾ എടുത്തുമാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.ക‍ൃഷ്ണദാസ്. എലത്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുള്ളിലെയും സ്റ്റേഷനിലെയും സുരക്ഷാസേനാംഗങ്ങളുടെ എണ്ണം കൂട്ടിക്കഴി‍ഞ്ഞു. എല്ലാ ട്രെയിനുകളിലും സിസിടിവി അടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ സ്ഥാപിക്കുന്നതിലൂടെയേ അക്രമങ്ങൾ കുറയ്ക്കാനാകൂ. അമൃത് ഭാരത് പദ്ധതി പ്രകാരം രാജ്യത്തെ 1500 സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്.

എല്ലാവരും ആശങ്കയിലാണ്. അടുത്തുള്ള കോച്ചുകളിലേക്ക് തീ പടർന്നിരുന്നു എങ്കിൽ സ്ഥിതി എന്തായേനെ, വെറുതെ ഒരു കംപാർട്മെന്റിന് തീ പിടിക്കില്ലല്ലോ. വിശദമായ അന്വേഷണം നടത്തണം.

പദ്ധതിക്കു പുറത്തുള്ള സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിക്കുന്ന നടപടികൾ ഉടനെ ചർച്ച ചെയ്ത് തീരുമാനിക്കും. കേരളത്തിൽ മാത്രം ട്രെയിനിൽ തീ പിടിക്കുന്നത് ഗൗരവത്തോടെ കാണണം.  ജനങ്ങൾക്കിടയിലും യാത്രാക്കാർക്കും ആശങ്കകളുണ്ട്. ഒന്നിൽക്കൂടുതൽ ആളുകളുടെ സഹായമില്ലാതെ ഈ കൃത്യം ചെയ്യാനാകില്ല. കേസ് എൻഐഎയെ ഏൽപിക്കണം. എന്തുകൊണ്ട് തീവ്രവാദികൾ കേരളം തിരഞ്ഞെടുക്കുന്നു എന്നത് പ്രധാനമാണ്. ഏറ്റവും ദുർബലമായ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കേരളത്തിലാണ്. റെയിൽവേയിലെ സുരക്ഷ വർധിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങൾ അന്തിമഘട്ടത്തിലാണെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.

"ഞെട്ടിക്കുന്ന സംഭവമാണു നടന്നിരിക്കുന്നത്. എന്തുകൊണ്ട് കണ്ണൂരിൽ ഇതു സംഭവിച്ചു എന്നു പരിശോധിക്കണം. ശക്തമായ അന്വേഷണം നടക്കണം. സ്റ്റേഷനുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിൽ അടിയന്തര നടപടികൾ സ്വീകരിക്കണം."- വി.ശിവദാസൻ എംപി

"ട്രെയിനിനു തീയിട്ട സംഭവം തുടർക്കഥയാകുന്നു. ഇതിനു സമാനമായ എലത്തൂർ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത എൻഐഎ അന്വേഷണത്തെ ലാഘവത്തോടെ കാണുകയാണ്. പ്രതിയെ പിടിച്ചു എന്നതിനപ്പുറം എന്ത് പുരോഗതിയാണ് അതിൽ ഉണ്ടായത്. വിവരങ്ങൾ പുറത്തുവിടാൻ അവർ തയാറാകണം. 2 തീപിടിത്ത സ്ഥലങ്ങളുടെയും അടുത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ സംഭരണശാല ഉണ്ട് എന്നത് നിസാരമായി കണ്ടുകൂടാ. ഒരാൾക്ക് മാത്രമായി കൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കാനാകില്ല എന്നതിനാൽ എൻഐഎ തന്നെ ഈ കേസും ഏറ്റെടുത്ത് അന്വേഷിക്കണം. വിമാനത്താവളങ്ങളുടെ മാതൃകയിൽ റെയിൽവേയിലും സുരക്ഷ ഒരുക്കാൻ കേന്ദ്ര സർക്കാർ തയാറാകണം." -എം.കെ. രാഘവൻ എംപി

"ആളപായം ഉണ്ടായില്ലെന്നു കരുതി തീ ഇട്ടതിനെ നിസ്സാരവൽകരിക്കരുത്. ഇതൊരു സൂചനയാണ്. ശക്തമായ അന്വേഷണം വേണം. ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്തുകൊണ്ടുവരണം."- ടി.ഒ.മോഹനൻ, മേയർ

"രാത്രി ഇവിടെയുള്ള റോളിങ് ഷെഡിലെ (പാളം, ട്രെയിൻ എന്നിവ പരിശോധിക്കുന്ന ജീവനക്കാർ ഇരിക്കുന്ന ചെറിയ ഷെഡ്) ജീവനക്കാർ ട്രെയിൻ പരിശോധനകൾക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ആരും ഈ പ്രദേശത്ത് ഉണ്ടാകാറില്ല. എന്നാൽ, പെട്രോളിയം കമ്പനിയുടെ സുരക്ഷാ ജീവനക്കാർ സുരക്ഷാ പരിശോധനകൾക്ക് സമീപത്തുള്ള പാളത്തിലേക്ക് എത്താറുണ്ട്. സംശയകരമായി കണ്ടെത്തിയ ഒരാളെ ഇന്നലെ രാത്രി ഇവിടെ നിന്നു താക്കീത് ചെയ്തു വിട്ടിരുന്നു." - എം.ടി.ലക്ഷ്മണൻ (സെക്യൂരിറ്റി, ഭാരത് പെട്രോളിയം) 

"രാത്രി 1.25 ഒക്കെ ആയപ്പോഴാണ് തീ ഉയരുന്നതായി കാണുന്നത്. എനിക്കൊപ്പം 2–3 പോർട്ടർമാരും പാഴ്സൽ സർവീസിലെ ജീവനക്കാരും ഉണ്ടായിരുന്നു. ഞങ്ങൾ കാണുമ്പോൾ കനത്ത പുകയായിരുന്നു. എലത്തൂർ തീപിടിത്തത്തിലെ കോച്ചുകൾക്ക് ആരോ തീ ഇട്ടതാണെന്നാണ് ആദ്യം കരുതിയത്. അടുത്തേക്കു പോകാൻ പറ്റാത്ത സാഹചര്യം ആയിരുന്നു. പുകയിൽ കണ്ണുകൾ നന്നായി എരിയുന്നുണ്ടായിരുന്നു. തീ കൂടുതൽ വ്യാപിച്ചതോടെയാണ് പുക കുറ‍ഞ്ഞത്. ഉടനെ തന്നെ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. അപ്പോഴേക്കും കേരള പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാ സേനയാണു തീ അണച്ചത്. സംശയകരമായി ആരെയും കണ്ടില്ല. മറുവശത്തുള്ള കുറ്റിക്കാട്ടിലൂടെ ആർക്കും കടന്നുകളയാം. എംപിമാരായ എം.കെ. രാഘവൻ, വി.ശിവദാസൻ, റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.ക‍ൃഷ്ണദാസ്, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, മേയർ ടി.ഒ.മോഹനൻ തുടങ്ങിയവരും ദക്ഷിണ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു." കെ.ടി. ജോർജ് (റെയിൽവെ പോർട്ടർ, ദൃക്സാക്ഷി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com