രണ്ടു തീവയ്പുകൾ: ഓട്ടം നിലച്ച് അഞ്ച് കോച്ചുകൾ, കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം
Mail This Article
കണ്ണൂർ ∙ ആർക്കും എപ്പോഴും റെയിൽവേ ട്രാക്കിലേക്കും പരിസരത്തേക്കും കടന്നുവരാവുന്ന തരത്തിൽ ദുർബലമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സുരക്ഷാ സംവിധാനം. ഇന്നലെ ട്രെയിനിനു തീയിട്ട ഭാഗത്തേക്ക് താവക്കരയിലെ വെയർഹൗസിനു സമീപത്തെ വഴിയിലൂടെ എളുപ്പം കടന്നെത്താം. ഈ ഭാഗമാകെ കാടുകയറിയ നിലയിലായതിനാൽ അക്രമികൾക്ക് ഒളിഞ്ഞിരിക്കാനും കഴിയും. മേയ് 29, 30 തീയതികളിലായി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. 29ന് 11.26 കിലോയും 30ന് 3 കിലോ കഞ്ചാവുമാണ് പിടികൂടിയത്. കിഴക്കേ കവാടത്തിനു സമീപത്തു നിന്നും റെയിൽവേ മുത്തപ്പൻ പരിസരത്തു നിന്നും ആരുടെയും ശ്രദ്ധയിൽപ്പെടാതെ ട്രാക്കിലേക്ക് കയറാൻ വഴികളുണ്ട്. ഈ ഭാഗത്തൊന്നും സിസി ടിവി ക്യാമറകൾ ഇല്ലാത്തതും സാമൂഹിക വിരുദ്ധർക്ക് നിർഭയം വിഹരിക്കാൻ ധൈര്യമേകുന്നു. പാർക്കിങ് ഭാഗത്ത് ക്യാമറ സ്ഥാപിക്കണമെന്ന് റെയിൽവേ തന്നെ നിർദേശിച്ചിട്ടുണ്ടെങ്കിലും കിഴക്കേ കവാടത്തിൽ മാത്രമേ നിലവിൽ ക്യാമറയുള്ളൂ.
രണ്ടു തീവയ്പുകൾ: ഓട്ടം നിലച്ച് അഞ്ച് കോച്ചുകൾ കണ്ണൂരിൽ
കണ്ണൂർ ∙ എലത്തൂരിലെയും കണ്ണൂരിലെയും ട്രെയിൻ തീവയ്പ് കേസുകളുമായി ബന്ധപ്പെട്ട് ഓട്ടം നിലച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ അഞ്ച് കോച്ചുകൾ. എലത്തൂരിൽ ഏപ്രിൽ രണ്ടിന് അക്രമി തീയിട്ട ഡി1 കോച്ചും ഇയാൾ ആദ്യം കയറിയ ഡി 2 കോച്ചും അന്നു രാത്രി മുതൽ കണ്ണൂരിലുണ്ട്. നിലവിൽ പത്താമത്തെ ട്രാക്കിലാണ് ഇവ നിർത്തിയിട്ടിരിക്കുന്നത്. 19 കോച്ചുകളുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസിൽ നിന്ന് ഇവ അന്ന് വേർപെടുത്തിയാണ് ഇവിടേക്ക് കൊണ്ടുവന്നത്. മംഗളൂരുവിൽ നിന്ന് 2 കോച്ചുകൾ എത്തിച്ചാണ് പിറ്റേന്ന് ഈ റേക്ക് ഉച്ചയ്ക്കുള്ള എറണാകുളം ഇന്റർസിറ്റിയായി ഓടിച്ചത്.
ഇന്നലെ അർധരാത്രിക്കു ശേഷം അക്രമി തീയിട്ടത് എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ 17ാമത്തെ കോച്ചിലായിരുന്നു. ഈ കോച്ചും തൊട്ടു മുന്നിലും പിന്നിലുമുള്ള കോച്ചുകളും ഉൾപ്പെടെ മൂന്ന് കോച്ചുകൾ ഇന്നലെ കേസ് അന്വേഷണത്തിന്റെ ഭാഗമായി ആറാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരിക്കുകയാണ്. മംഗളൂരുവിൽ നിന്ന് 3 കോച്ചുകൾ കൂടി എത്തിച്ച് 19 കോച്ചുകളുമായി സർവീസ് നടത്താൻ ശ്രമം നടത്തിയെങ്കിലും ഒരു കോച്ച് മാത്രമാണു ലഭ്യമായത്. ഇത് ഉൾപ്പെടെ 17 കോച്ചുകളുമായാണ് എക്സിക്യൂട്ടീവിന്റെ റേക്ക് ഇന്നലെ ഉച്ചയ്ക്ക് എറണാകുളം ഇന്റർസിറ്റിയായി സർവീസ് നടത്തിയത്.
സുരക്ഷ ഉറപ്പാക്കണം: റഷീദ് കവ്വായി
കണ്ണൂർ ∙ റെയിൽവേ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചെന്നൈ സോണൽ റെയിൽവേ കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗം റഷീദ് കവ്വായി പറഞ്ഞു. ഭീകരമായ സംഭവമാണ് കണ്ണൂരിൽ ഉണ്ടായത്. കണ്ണൂർ സ്റ്റേഷനിൽ കിഴക്ക് വശത്തും പടിഞ്ഞാറു വശത്തും മതിൽ കെട്ടി മുകളിൽ കമ്പിവേലി സ്ഥാപിക്കണം. സ്റ്റേഷനു പുറത്തെ പ്രധാന സ്ഥലങ്ങളിൽ സിസിടിവി ഉൾപ്പെടെ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.