പടിയൂരിലെ കവർച്ച; പ്രതികളുമായി തെളിവെടുപ്പ് നടത്തി
Mail This Article
ഇരിക്കൂർ ∙ പടിയൂർ ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താംകുന്നേൽ ബെന്നി ജോസഫിന്റെ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും 22,000 രൂപയും കവർന്ന സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായിരുന്ന കൊല്ലം ഏഴുകോൺ എടക്കിടത്തെ എസ്.അഭിരാജ് (31), കാസർകോട് ഹൊസ്ദുർഗ് ശാരദാ നഗറിൽ കെ.കിരൺ (29) എന്നിവരെ ഇന്നലെ കണ്ണൂർ കോടതിയിൽ നിന്ന് ഇരിക്കൂർ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്.
കവർച്ച നടന്ന വീട്ടിലെ സിസിടിവിയുടെ തകർത്ത ഡിവിആറിന്റെ ഭാഗങ്ങളും സ്കൂട്ടറിന്റെ വ്യാജ നമ്പർ പ്ലേറ്റും കരിക്കോട്ടക്കരി ആനപ്പന്തി മൊടയരിഞ്ഞി പുഴയോരത്ത് നിന്ന് തെളിവെടുപ്പിനിടെ കണ്ടെടുത്തു. മോഷണത്തിന് ശേഷം സ്കൂട്ടറിൽ രക്ഷപ്പെടുന്നതിനിടെ ഇവ പുഴയോരത്ത് ഉപേക്ഷിക്കുകയായിരുന്നു. മോഷണം നടത്തിയ സ്വർണവും പണവും അറസ്റ്റിലായ ദിവസം തന്നെ പ്രതികൾ താമസിച്ചിരുന്ന ധർമശാലയിലെ ലോഡ്ജിൽ വച്ച് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കവർച്ച നടന്നത്. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ വൈകിട്ട് കോടതിയിൽ ഹാജരാക്കി