ആറളം ഫാം ഗവ. എച്ച്‌എസ്‌എസ് വിദ്യാർഥികളെ അതേ സ്കൂളിൽ പഠിക്കാൻ അനുവദിക്കണം
Mail This Article
ഇരിട്ടി∙ ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനം അവതാളത്തിലാക്കാനും ആദിവാസി വിദ്യാർഥികളുടെ പഠനം പാതി വഴിയിൽ മുടങ്ങാനും ഇടയാക്കുന്ന തരത്തിൽ സമീപ പ്രദേശങ്ങളിലെ സ്വകാര്യ, എയ്ഡഡ് സ്കൂൾ മാനേജ്മെന്റും അവിടത്തെ അധ്യാപകരും കാട്ടുന്ന തെറ്റായ ഇടപെടൽ അവസാനിപ്പിക്കണമെന്ന് എകെഎസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഫാം ഗവ. എച്ച്‌എസ്‌എസിലെ 7, 8, 9 ക്ലാസ് വിദ്യാർഥികളെ വീടുകളിൽ ചെന്ന് കണ്ടു പ്രലോഭിപ്പിച്ചും പഠിക്കാൻ വലിയ സഹായങ്ങൾ ചെയ്യാമെന്ന് വ്യാമോഹിപ്പിച്ചും വിടുതൽ നേടാൻ പ്രേരിപ്പിക്കുകയും ടിസി വാങ്ങുന്ന കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിൽ ചേർക്കുകയും ചെയ്യുന്ന പ്രവണത സമീപ മേഖലയിലെ സ്കൂളുകളിൽ നിന്ന് ഉണ്ടാകുന്നുണ്ട്.
ഇങ്ങനെ ചേർക്കുന്ന കുട്ടികൾ ഡിവിഷൻ നിലനിർത്താനും ഡിവിഷൻ വർധിപ്പിക്കാനുമുള്ള ഉപകരണങ്ങൾ മാത്രമാവുകയാണ്. അധികൃതരുടെ കണക്കെടുപ്പിന് ശേഷം ഇത്തരം ആദിവാസി വിദ്യാർഥികളെ ഇത്തരം സ്കൂളുകൾ ശ്രദ്ധിക്കില്ല. അവർ പാതിവഴിയിൽ പഠനം നിർത്തുന്ന അവസ്ഥയിൽഎത്തും. ഈ പ്രവണത അവസാനിപ്പിക്കണമെന്നും ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ബാഹ്യശക്തികൾ നടത്തുന്ന ഇടപെടലിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും എകെഎസ് മന്ത്രി വി.ശിവൻകുട്ടിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.