പിലാത്തറ∙ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിനു ശേഷം പിലാത്തറ സമീപ പ്രദേശങ്ങളിൽ നാട്ടിൽ സമാധാനം തകർക്കാൻ തീവ്ര ശ്രമം. കഴിഞ്ഞ ദിവസങ്ങളിലായി ചുമടുതാങ്ങി, കക്കോണി പ്രദേശങ്ങളിൽ വീടിനു നേരെയും പാർട്ടി ഓഫിസിനു നേരെയും ആക്രമണമുണ്ടായി.വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരുടെ വീടും പാർട്ടി ഓഫിസും സാമൂഹിക വിരുദ്ധർ കരുതി കൂട്ടി ആക്രമിക്കുന്നത് നാട്ടിൽ സമാധാനം തകർക്കാനുള്ള നീക്കമാണെന്നും ജനങ്ങൾ ആശങ്കപ്പെടുന്നു. 30ന് നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിലും അതിനു മുൻപോ സംഘർഷമുണ്ടായില്ല. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിനു ശേഷം യുഡിഎഫ് പ്രവർത്തകന്റെ വീടിനു നേരെ കല്ലേറ് ഉണ്ടായി. തുടർന്ന് കഴിഞ്ഞ ദിവസം സിപിഎം ബ്രാഞ്ച് ഓഫിസ് തീയിട്ടു നശിപ്പിക്കാൻ ശ്രമമുണ്ടായി. രാഷ്ട്രീയ സംഘർഷമില്ലാതെ സമാധാനത്തിൽ കഴിയുന്ന കക്കോണിയിൽ ചില സാമൂഹിക വിരുദ്ധർ കരുതി കൂട്ടി സമാധാനം തകർക്കാൻ ശ്രമിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇത്തരത്തിലുള്ള ശക്തികളെ പൊലീസ് ഉടൻ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ഓട്ടോ കത്തിയതിൽ അന്വേഷണം ഊർജിതം
പയ്യന്നൂർ∙മുസ്‌ലിം ലീഗ് പ്രവർത്തകനും രാമന്തളി പഞ്ചായത്ത് അംഗവുമായ ചെറുക്കിണിയൻ ജയരാജന്റെ ഓട്ടോറിക്ഷ കത്തി നശിച്ചു. ചുളക്കടവിലെ വീടിനടുത്തുള്ള പറമ്പിൽ രാത്രി നിർത്തിയിട്ടതായിരുന്നു. രാവിലെയാണ് പൂർണമായും കത്തിനശിച്ച നിലയിൽ ഓട്ടോറിക്ഷ കണ്ടത്. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
യുഡിഎഫ് പ്രതിഷേധം
രാമന്തളി ∙ പഞ്ചായത്ത് അംഗം സി ജയരാജന്റെ ഓട്ടോറിക്ഷ കത്തിയ സംഭവത്തിൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പി.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.എം.ലത്തീഫ്, വി.വി.ഉണ്ണിക്കൃഷ്ണൻ, പി.പി.മുഹമ്മദലി, കക്കുളത്ത് അബ്ദുൽ ഖാദർ, കെ.സി.അബ്ദുൽ ഖാദർ, കെ.എം.കോമളവല്ലി, പി.പി.ശേഖരൻ, പി.എം.സുഹൈബ, പി.പി.നാരായണി, കെ.സി.മുസ്തഫ, ടി.കരുണാകരൻ എന്നിവർ പ്രസംഗിച്ചു.
സിപിഎം ബ്രാഞ്ച് ഓഫിസിനുനേരെ ആക്രമണം
പിലാത്തറ∙ ചെറുതാഴം കക്കോണിയിൽ സിപിഎം ബ്രാഞ്ച് ഓഫിസിനു നേരെ ആക്രമണം. കെട്ടിടം പെട്രോൾ ഒഴിച്ച് കത്തിക്കാനും ശ്രമം നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇന്നലെ രാവിലെ പത്രം വായിക്കാൻ വന്നവരാണ് സംഭവം കണ്ടത്.പരിയാരം പൊലീസ് പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു സിപിഎം പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഏ.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.എം.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എം.ശ്രീധരൻ,സി.പി.ഷൈജു,കെ.സി.തമ്പാൻ,എം.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.