ADVERTISEMENT

ആ 13 മിനിറ്റിൽ സംഭവിച്ചതെന്ത്?

കണ്ണൂർ ∙ കണ്ണൂരിൽ ട്രെയിനിനു തീവച്ച സംഭവത്തിൽ, തീപ്പെട്ടി മാത്രം ഉപയോഗിച്ച് എങ്ങനെ ഇത്ര വേഗം കോച്ച് മുഴുവൻ കത്തിക്കാൻ സാധിച്ചെന്ന സംശയവും ബാക്കി. രാത്രി 1.12ന് പ്രതി ട്രാക്കിലൂടെ നടന്ന് ട്രെയിനിലേക്ക് കയറുന്നതു ബിപിസിഎല്ലിൽ നിന്നുള്ള സിസിടിവി ദൃശ്യത്തിലുണ്ട്. 1.25 ആവുമ്പോഴേക്കും വാഗണിൽ തീപടർന്നതും കാണാം.2 കോച്ചുകളിലെ ശുചിമുറികളിലെ ചില്ലുകൾ കല്ലുകൊണ്ട് കുത്തിപ്പൊളിച്ചതായി പിന്നീട് നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. പൊളിക്കലും തീയിടലും എല്ലാം എങ്ങനെ 13 മിനിറ്റുകൊണ്ട് സാധിച്ചു എന്ന ചോദ്യത്തിനും ഉത്തരം കണ്ടത്തേണ്ടതുണ്ട്. തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും.

∙ റെയിൽവേ സ്റ്റേഷനുകളിൽ തുടരെ തീപിടിത്തങ്ങൾ

റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിലായെങ്കിലും തുടരെയുണ്ടായ തീപിടിത്തങ്ങളിൽ ഒട്ടേറെ ചോദ്യങ്ങൾ ബാക്കി.കോഴിക്കോട് എലത്തൂരിലും കണ്ണൂരിലുമുണ്ടായ ട്രെയിൻ തീവയ്പ്പുകൾക്കുമുൻപ്, ഫെബ്രുവരി 13ന് എലത്തൂർ റെയിൽവേ സ്റ്റേഷനിലും കണ്ണൂർ റെയിൽവേ സ്റ്റേഷനിലും ഒരേ സമയമുണ്ടായ തീപിടിത്തങ്ങൾ സംബന്ധിച്ച് ഇതുവരെ കാര്യമായ അന്വേഷണം നടന്നിട്ടില്ല. രണ്ടിടത്തും 13ന് വൈകിട്ട് ആറരയ്ക്കും ഏഴിനും ഇടയിലാണ് അഗ്നിബാധയുണ്ടായത്. എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ (എച്ച്പിസിഎൽ) ഇന്ധന സംഭരണശാലയുടെ മതിൽക്കെട്ടിനോടു ചേർന്നായിരുന്നു അഗ്നിബാധ. രണ്ടു കാറുകളും ഒരു സ്കൂട്ടറും കത്തിനശിച്ചു. സംഭവത്തിൽ എലത്തൂർ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

അതേദിവസം അതേസമയം കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൂന്നിടത്താണ് തീയിട്ടത്. ഭാരത് പെട്രോളിയത്തിന്റെ (ബിപിസിഎൽ) ഇന്ധന സംഭരണശാലയുടെ മതിലിനോട് ചേർന്നാണ് തീ ആളിപ്പടർന്നത്. ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. സംഭരണശാലയിലേക്കുള്ള ഇന്ധന പൈപ്പിനു മുകളിൽ ഉടുമുണ്ട് അഴിച്ച് ഇയാൾ തീയിട്ടതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് അന്ന് പ്ലാന്റിലേക്ക് തീ പടരാതിരുന്നത്. ബിപിസിഎലിന്റെ സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ സംഭവത്തിലും ഇതുവരെ ആരും പിടിയിലായിട്ടില്ല.ഏപ്രിൽ 2ന് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീയിട്ട് മൂന്നു പേരുടെ മരണത്തിലേക്ക് നയിച്ച സംഭവമുണ്ടായതും എലത്തൂർ റെയിൽവേ സ്റ്റേഷനും എച്ച്പിസിഎലിന്റെ ഇന്ധന സംഭരണശാലയ്ക്കും സമീപത്തായിരുന്നു. ട്രെയിൻ എച്ച്പിസിഎലിലേക്കുള്ള പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്ത് എത്തുന്നതിനു തൊട്ടുമുൻപാണ് തീയിട്ടതെന്നതും യാദൃശ്ചികമായി തള്ളിക്കളയാൻ സാധിക്കില്ല.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബിപിസിഎൽ പ്ലാന്റിനു സമീപം ഫെബ്രുവരി 13നു വൈകിട്ടുണ്ടായ തീപിടുത്തം.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബിപിസിഎൽ പ്ലാന്റിനു സമീപം ഫെബ്രുവരി 13നു വൈകിട്ടുണ്ടായ തീപിടുത്തം.

ജൂൺ 1ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീയിട്ട എക്സിക്യൂട്ടീവ് എക്സ്പ്രസ് നിർത്തിയിരുന്ന എട്ടാമത്തെ ട്രാക്കിൽ നിന്ന് ഒരു ട്രാക്ക് അകലെയാണ് ബിപിസിഎലിലേക്കുള്ള ഇന്ധന പൈപ്പ് ലൈൻ. ഈ ട്രാക്കിലേക്ക് 25 ഡീസൽ വാഗണുകളുമായി ട്രെയിൻ എത്തുന്നതിനു തൊട്ടുമുൻപായിരുന്നു തീയിട്ടത്. അഗ്നിബാധ കണ്ട് ഡീസൽ വാഗണുകൾ സൗത്ത് സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. ഫെബ്രുവരിയിൽ കണ്ണൂരിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അറിയില്ലെന്നാണ് ഉത്തരമേഖല ഐജി നീരജ്‌ കുമാർ ഗുപ്‌ത മാധ്യമങ്ങളോട് പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com