റോഡ് തോടായി... യാത്രക്കാരെ ദുരിതത്തിലാക്കി സംസ്ഥാനപാതയിൽ വെള്ളക്കെട്ട്
Mail This Article
ഇരിക്കൂർ ∙ സംസ്ഥാന പാതയിലെ വെള്ളക്കെട്ട് കാൽനട യാത്രികർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ പെരുവളത്ത്പറമ്പ് ബസ് സ്റ്റോപ്പിനു സമീപമാണ് 50 മീറ്ററോളം ദൂരത്തിൽ ചെളി വെള്ളം കെട്ടിക്കിടക്കുന്നത്. ചെറിയ മഴ പെയ്താൽ പോലും റോഡിന്റെ പകുതിയോളം ഭാഗം വെള്ളത്തിൽ മുങ്ങുകയാണ്.
ഒരു വർഷം മുൻപ് റോഡ് നവീകരണ സമയത്ത് ഇവിടെ ഓവുചാൽ ഒരുക്കിയിരുന്നെങ്കിലും ചിലർ വാഹനം കയറ്റുന്നതിനായി മണ്ണിട്ട് നികത്തിയതാണ് ദുരിതമായത്. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാതായതോടെ ഇരു ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം മണിക്കൂറുകളോളം റോഡിൽ കെട്ടിക്കിടക്കുകയാണ്. വെള്ളക്കെട്ട് കാരണം സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രികർ വൻ ദുരിതമനുഭവിക്കുകയാണ്.
പെരുവളത്ത്പറമ്പ് റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിലെ നൂറ് കണക്കിന് വിദ്യാർഥികൾ ഇതുവഴിയാണ് പോകുന്നത്. വലിയ വാഹനങ്ങൾ പോകുമ്പോൾ ചെളി തെറിക്കുന്നത് കാരണം ഇരുചക്ര വാഹന യാത്രക്കാരും ദുരിതത്തിലാണ്. ഓവുചാലിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇരിക്കൂർ പിഡബ്ല്യുഡി അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.