ADVERTISEMENT

രാജഗിരിയിലെ ജനവാസ മേഖലയ്ക്കു മുകളിൽ ഓരോ മഴക്കാലത്തും ഭീതിയുയർത്തി പ്രവർ‌ത്തനം തുടരുകയാണ് ക്വാറികളും ക്രഷറുകളും. എപ്പോൾ വേണമെങ്കിലും ഒലിച്ചിറങ്ങാവുന്ന മണ്ണുമലയും പാറക്കൂട്ടങ്ങളും ഉയർത്തുന്ന ഭീതിയിൽ നിന്നു രാജഗിരിക്കാർക്കു മോചനം വേണം

ചെറുപുഴ ∙ മാനം കറുത്താൽ രാജഗിരിക്കാരുടെ മനസ്സിൽ തീയാണ്. ജനവാസ കേന്ദ്രത്തിനു മുകളിൽ പ്രവർത്തിക്കുന്ന ക്വാറികളും ക്രഷറും രാജഗിരിക്കാരുടെ ഉറക്കം കളയാൻ തുടങ്ങിയിട്ടു കാലമേറെയായി. മഴ കനത്താൽ ഏതു സമയത്തും ഒഴുകിയെത്താവുന്ന മണ്ണുമലയുടെ അടിഭാഗത്താണു പല കുടുംബങ്ങളും താമസിക്കുന്നത്. രാജഗിരി ടൗണും ഭീതിയുടെ നിഴലിലാണ്. ഇതിനു മുൻപ് ഒട്ടേറെത്തവണ രാജഗിരി മലയിൽ നിന്നു മലവെള്ളപ്പാച്ചലിലുണ്ടായിട്ടുണ്ട്. അന്നു രാജഗിരി-ജോസ്ഗിരി, രാജഗിരി-കാനംവയൽ റോഡുകൾ ഒഴുകിപ്പോകുകയും ഒട്ടേറെ വീടുകളിലേക്കു കല്ലും മണ്ണും ഒഴുകിയെത്തുകയും ചെയ്തു. എന്നാൽ, ഇന്നത്തെ സ്ഥിതി അതിലും ഭീകരമാണ്. രാജഗിരിയിൽ പ്രവർത്തിക്കുന്ന രണ്ടു ക്വാറികളിൽ നിന്നു നീക്കം ചെയ്യുന്ന മണ്ണ് രാജഗിരി ടൗണിനു മുകളിൽ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ശക്തമായ ജലപ്രവാഹം ഉണ്ടായാൽ മണ്ണു മുഴുവൻ താഴേയ്ക്കെത്തും.

ഭീഷണിയായി ക്വാറികൾ

രാജഗിരിയിൽ പ്രവർത്തിക്കുന്ന ക്വാറികൾ നിയമം ലംഘിച്ചാണു പ്രവർത്തിക്കുന്നതെന്നാണു പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം. രാജഗിരി- ജോസ്ഗിരി മരാമത്ത് റോഡിനോട് ചേർന്നാണു ക്വാറികൾ പ്രവർത്തിക്കുന്നത്. ക്വാറിയിൽ നടക്കുന്ന സ്ഫോടനങ്ങളിൽ കല്ല് റോഡിലേക്ക് തെറിക്കുന്നത് പതിവാണ്. ഇതിനു പുറമേ, ക്രഷറിൽ നിന്നുമുള്ള പൊടിശല്യവും രൂക്ഷമാണ്. പൊടിശല്യം മൂലം കൃഷികൾ നശിക്കുന്നതും കുട്ടികൾക്കും പ്രായമായവർക്കും പല തരത്തിലുള്ള രോഗങ്ങൾ പിടിപെടുന്നതും പതിവു സംഭവമാണ്. ചെറുപുഴ പഞ്ചായത്തിലെ 9-ാം വാർഡിൽ പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. ഗ്രാമസഭ വിളിച്ചു ചേർത്തു ക്വാറികൾക്കെതിരെ പ്രമേയം പാസാക്കുകയും താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. എന്നാലിപ്പോൾ ക്വാറികൾ വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു. കർണാടക വനാതിർത്തിയോടു ചേർന്നാണു ക്വാറികൾ പ്രവർത്തിക്കുന്നത്. ഇതും നിയമവിരുദ്ധമാണെന്നു പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

റോഡുകൾ തകരുന്നു; വെള്ളവും വായുവും മലിനമാകുന്നു

രാജഗിരി ക്വാറിയിൽ നിന്നു നിർമാണ സാമഗ്രികൾ ശേഖരിക്കാൻ ടോറസ് ലോറികൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണു ദിവസവും എത്തുന്നത്. ഇതുമൂലം മലയോരത്തെ പ്രധാന റോഡുകളെല്ലാം തകർച്ച ഭീഷണിയിലാണ്. പലേടത്തും റോഡുകൾ താഴാൻ തുടങ്ങി. മഴ കനക്കുന്നതോടെ റോഡ് പൂർണമായും തകരുമെന്നാണു നാട്ടുകാർ പറയുന്നത്. പൊടിശല്യം മൂലം വായു മലിനമാകുന്നതിനു പുറമേ, ക്വാറിയിൽ നിന്നുമുള്ള രാസവസ്തുക്കൾ വെള്ളത്തിൽ കലരുന്നതു മൂലം തോടുകളിലെ വെള്ളവും മലിനമാകുന്നുണ്ട്. ഈ വെള്ളം ദേഹത്തുവീണാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു. സ്കൂൾ തുറന്നതോടെ നിർമാണ സാമഗ്രികളുമായി അമിത വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ വിദ്യാർഥികൾക്കും ഭീഷണിയാണ്. ജനജീവിതത്തിനു ഭീഷണിയായി മാറിയ ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തനം നിർത്തിവയ്ക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ രാജഗിരിയിലെ ക്വാറികളും ക്രഷറുകളും അടച്ചുപൂട്ടണമെന്നു പുളിങ്ങോം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു അധികൃതർക്കു പരാതി നൽകി കാത്തിരിക്കുകയാണെന്നു നേതാക്കൾ പറഞ്ഞു. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണു തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com