ADVERTISEMENT

കണ്ണൂർ ∙ എക്സിക്യൂട്ടീവ് എക്സ്പ്രസിനു തീയിട്ടതിനു തൊട്ടുപിറകെ, ജില്ലാ പൊലീസ് ആസ്ഥാനത്തിന്റെ മൂക്കിനു താഴെ കൊലപാതകം കൂടി നടന്നതോടെ ജില്ലാ ആസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റി ആശങ്കയുയരുന്നു. രാത്രി 10 കഴിഞ്ഞാൽ നഗരം സാമൂഹികവിരുദ്ധരുടെ കൈകളിലമരുന്ന സ്ഥിതിയാണ്. പഴയ ബസ് സ്റ്റാൻഡ് പരിസരം, താവക്കര, കാൽടെക്സ്, റെയിൽവേ സ്റ്റേഷന്റെ കിഴക്കേക്കവാടം, മാർക്കറ്റ്, പാറക്കണ്ടി, ജില്ലാ ആശുപത്രി പരിസരം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സാമൂഹികവിരുദ്ധ ശല്യമുണ്ട്. 

തീക്കട്ട തന്നെ ഉറുമ്പരിക്കുന്ന അവസ്ഥ. പൊലീസ് കമ്മിഷണറുടെ ഓഫിസിനു തൊട്ടുമുൻപിലാണ് ജിന്റോ ഏറെനേരം വെട്ടേറ്റു കിടന്നത്. ക്രമസമാധാനനില എത്രത്തോളം ഭദ്രമാണെന്നു ജനം ഭീതിയോടെ ഓർക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഉറങ്ങുകയായിരുന്നോ? നഗരമധ്യത്തിലാണു കൊലപാതകം നടന്നത്.

ഒട്ടേറെപ്പേർ രാത്രി അഭയം തേടുന്ന പഴയ ബസ് സ്റ്റാൻഡിലാണ് ഏറ്റവുമധികം സാമൂഹികവിരുദ്ധശല്യം. ഇന്നലെ കൊലപാതകം നടന്നതും ഇതിനടുത്താണ്. ലൈംഗികത്തൊഴിലാളികളും പിടിച്ചുപറിക്കാരും ഗുണ്ടകളുമൊക്കെ തമ്മിലുള്ള വഴക്ക് ഇവിടെ പതിവുമാണ്. വനിതകളുടെ സുരക്ഷ ഉറപ്പാക്കാനായി പഴയ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ സ്ഥാപിച്ച അലാം പ്രവർത്തനക്ഷമമല്ല. രാത്രിയായാൽ, പൊലീസ് എയ്ഡ് പോസ്റ്റിൽ പൊലീസുകാരുണ്ടാകാറുമില്ല. ഇവിടെ വ്യാപാര സ്ഥാപനങ്ങൾ അടിക്കടി കുത്തിത്തുറന്നുള്ള കവർച്ച നടക്കുന്നുണ്ട്. ബല്ലാഡ് റോഡിൽ രാത്രിയിൽ വ്യാപാരി ആക്രമിക്കപ്പെട്ടത് ഏതാനും ദിവസം മുൻപാണ്. പട്ടാപ്പകൽ താവക്കരയിൽ മാല മോഷണ ശ്രമം നടന്നിരുന്നു. ജിന്റോ മരിച്ചു കിടന്ന സ്ഥലത്തിനു സമീപം, വർഷങ്ങൾക്കു മുൻപ് ഒരു ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. 

മാർക്കറ്റാണു സാമൂഹികവിരുദ്ധരുടെ മറ്റൊരു കേന്ദ്രം. ഇരുട്ടിന്റെ മറവിൽ, ഇവിടം ലഹരിവിൽപനക്കാരും മദ്യപരും കയ്യടക്കുകയാണ്. ബവ്റിജസ് കോർപറേഷനിലേക്കുള്ള സ്റ്റോക്കുമായി എത്തുന്ന ലോറി ഡ്രൈവർമാർ അടിക്കടി പിടിച്ചുപറിക്കാരുടെ ആക്രമണത്തിനിരയാകുന്നുണ്ട്. രാത്രി ട്രെയിനിറങ്ങി, കാൽടെക്സിലേക്കോ പഴയ ബസ് സ്റ്റാൻഡിലേക്കോ നടക്കുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് ഏറ്റവുമധികം ഉപദ്രവം നേരിടുന്നത്. പലരും പരാതി നൽകാറില്ലെന്നു മാത്രം. പുലർച്ചെയുള്ള ട്രെയിനോ ബസോ പിടിക്കാൻ വേണ്ടിയെത്തുന്ന സ്ത്രീകളും ദേഹോപദ്രവത്തിനിരയാകാറുണ്ട്. നഗരത്തിൽ പലേടത്തും രാത്രിയിൽ വെളിച്ചമില്ലെന്ന പരാതിയും വ്യാപകമാണ്. 

റോഡിലൂടെ ഒരാൾ നടന്നുവരുന്നതു കണ്ടു. അമ്മേ, അയ്യോ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. വെള്ളം ചോദിച്ചു. കൊടുത്തു. ചോരയൊലിക്കുന്നുണ്ടായിരുന്നു. ആദ്യം അയാൾ ഇരുന്നു. പിന്നീട്, കുഴഞ്ഞു വീണു. അപ്പോൾ, ഫുട്ബോൾ കളി കഴിഞ്ഞ് അതുവഴി വന്ന 2 ചെറുപ്പക്കാരാണു പൊലീസിനെയും അഗ്നിരക്ഷാസേയെയും വിവരമറിയിച്ചത്.

പൊലീസ് നിർജീവം 

ടൗൺ പൊലീസ് നിർജീവമാണെന്ന ആരോപണം നേരത്തെ തന്നെ ശക്തമായുണ്ട്. മേലെചൊവ്വയിൽ നാടോടി ബാലികയെ ഉപദ്രവിച്ച പ്രതിയുടെ പരാതിയിൽ, ബാലികയുടെ രക്ഷിതാക്കൾക്കെതിരെ ടൗൺ പൊലീസ് ആദ്യം കേസെടുത്തതടക്കമുള്ള ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലഹരിമാഫിയയ്ക്കെതിരെയും നടപടിയില്ല. ഇന്നലെ കൊലപാതകമുണ്ടായതു നഗരത്തിന്റെ ഹൃദയഭാഗത്ത്, വിവിധ പൊലീസ് സ്റ്റേഷനുകളുടെയും പൊലീസ് ഓഫിസുകളുടെയും സമീപത്താണ്. ജിന്റോ മരിച്ചു വീണതിനു നേരെ എതിർവശത്താണു പൊലീസ് സഹകരണ സ്റ്റോർ.  പൊലീസ് സ്റ്റേഷൻ റോഡിൽ, ഇതിനോടു ചേർന്നാണ് വനിതാ സെല്ലും ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസുമുള്ളത്. ജില്ലാ സായുധസേനാ വിഭാഗം, സിറ്റി അസി. കമ്മിഷണർ ഓഫിസ്, വനിതാ പൊലീസ് സ്റ്റേഷൻ, ടൗൺ പൊലീസ് സ്റ്റേഷൻ എന്നിവയും ഇതേ റോഡിനു സമീപം നിരന്നുനിൽക്കുകയാണ്. 

നാഷനൽ പെർമിറ്റ് ലോറികൾക്കും ഡ്രൈവർമാർക്കും സുരക്ഷിതത്വം ഏർപ്പെടുത്തണമെന്ന എഐടിയുസിയുടെ കാലങ്ങളായുള്ള ആവശ്യം പ്രസക്തിയേറിയതാണെന്ന് കണ്ണൂർ നഗരത്തിൽ നടന്ന ലോറി ജീവനക്കാരൻ ജിന്റോയുടെ കൊലപാതകം സൂചിപ്പിക്കുന്നതായി എഐടിയുസി യൂണിയൻ. ജില്ലാ കേന്ദ്രങ്ങളിലും ജില്ലയിലെ പ്രധാന പട്ടണങ്ങളിലും അസമയത്ത് എത്തിച്ചേരുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനും തൊഴിലാളികൾക്കു സംരക്ഷണം ലഭിക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ നഗരത്തിലില്ലെന്നും ആരോപിച്ചു.

ജില്ലാ സായുധസേനാ ക്യാംപിനു നേരെ എതിർവശത്താണു സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസ്. ജിന്റോയ്ക്കു വെട്ടേറ്റ സ്ഥലത്തു നിന്ന് നാനൂറോളം മീറ്റർ മാത്രമാണു ടൗൺ പൊലീസ് സ്റ്റേഷനിലേക്കുള്ളത്. വെട്ടേറ്റു വീണ സ്ഥലത്തു നിന്നു ടൗൺ പൊലീസ് സ്റ്റേഷനിലേക്കും സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്കുമുള്ളതാകട്ടെ 250 മീറ്ററും. വെട്ടേറ്റ ജിന്റോ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തളർന്നു വീണതു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള റോഡ്, പൊലീസ് സ്റ്റേഷൻ റോഡിലേക്കു ചേരുന്ന ജംക്‌ഷനിലാണ്. 

ഇരിട്ടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി, ഇരുമ്പുകമ്പികളുമായി എത്തിയതായിരുന്നു. കട തുറക്കുന്നതു വരെ സ്റ്റേഡിയം കോർണറിൽ പാർക്ക് ചെയ്തതായിരുന്നു. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി.സ്ഥിരമായി പൊലീസ് നിരീക്ഷണമുണ്ടാകേണ്ട ഇടങ്ങളാണിവയെല്ലാമെന്നിരിക്കെ, ഗുരുതരമായ വീഴ്ചയാണു ടൗൺ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ബവ്റിജസ് കോർപറേഷൻ ഗോഡൗണിലേക്കുള്ള ലോറികൾക്കു നേരെ സ്ഥിരമായി ഗുണ്ടകളുടെ ആക്രമണമുണ്ടാകാറുണ്ടെന്നു ലോറി ഡ്രൈവറായ മുരളി പറഞ്ഞു. 

നഗരത്തിലെ ചില കോണുകൾ ഇരുൾ മയങ്ങിയാൽ സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.  പൊലീസിന്റെ ഗുരുതര വീഴ്ചയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. പൊലീസിനെ അത്രമേൽ ഭരണകൂടം നിഷ്‌ക്രിയമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  ‘പലതവണ ഗുണ്ടകളുടെ ആക്രമണമുണ്ടായി. 3–4 പേരുള്ള സംഘങ്ങളാണു ഭീഷണിപ്പെടുത്തുക. പണമോ മദ്യക്കുപ്പയോ ചോദിക്കും. കൊടുത്തില്ലെങ്കിൽ ബലമായി മോഷ്ടിക്കും. രാത്രിയിലെത്തിയാൽ, താമസസൗകര്യമോ ശുചിയാകാനുള്ള സൗകര്യമോ ബവ്റിജസ് കോർപറേഷൻ നൽകാറില്ല. അതുകൊണ്ട്, ഞങ്ങൾ നഗരത്തിൽ എവിടെയെങ്കിലും നിർത്തിയിടേണ്ട സ്ഥിതിയാണ്. മോഷണശ്രമത്തിനെതിരെ ടൗൺ പൊലീസിൽ കഴിഞ്ഞയാഴ്ച പരാതി നൽകിയപ്പോൾ, ഞങ്ങൾക്കെതിരെ കേസെടുക്കുമെന്നായിരുന്നു പ്രതികരണം. രാത്രി 12നു ശേഷമാണു പിടിച്ചുപറിക്കാരും ഗുണ്ടകളുമൊക്കെ എത്തുക,’ മുരളി പറഞ്ഞു. 

ടൗൺ സ്റ്റേഷനിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ രാത്രി നിരീക്ഷണത്തിനായി 5 വാഹനങ്ങൾ സ്ഥിരമായുണ്ട്. എന്നിട്ടും കൊലപാതകം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. നഗരത്തിൽ, ഗുണ്ടകൾ ഒരാളെ ആക്രമിക്കുന്നതിന്റെ വിഡിയോയും അടുത്തിടെ പ്രചരിച്ചിരുന്നു. ഓൺലൈൻ മാധ്യമപ്രവർത്തകനായ ഷാജി ദാമോദരനെ പരുക്കേറ്റ നിലയിൽ പഴയ സ്റ്റാൻഡ് പരിസരത്തു കണ്ടെത്തിയിരുന്നു. 

പുലർച്ചെയോടെ തന്നെ പ്രതികൾ പൊലീസ് വലയിൽ

നഗരമധ്യത്തിൽ നടന്ന കൊലപാതകക്കേസിലെ 2 പ്രതികളെയും പൊലീസ് വലയിലാക്കിയത് പുലർച്ചെ ആറരയോടെ. ഒരു ദൃക്സാക്ഷിയിൽ നിന്നു ലഭിച്ച വിവരങ്ങളാണു നിർണായകമായത്. പിടിച്ചുപറിക്കിടെയുണ്ടായ ഏറ്റുമുട്ടലിനിടെ, ജിന്റോ വാതിൽ തുറന്ന് ഷബീറിനെ ചവിട്ടിയിരുന്നു. ചവിട്ടേറ്റ ഷബീറിന്റെ നെറ്റിയിൽ മുറിവേറ്റു. ഇതോടെ, മറുഭാഗത്തു കൂടി അൽത്താഫ് കാബിനിൽ കയറുകയും ജിന്റോയുടെ കാലിന്റെ പിറകുവശത്തു കുത്തുകയുമായിരുന്നു. 

ഇവിടെ നിന്ന്, ജിന്റോ ഓടിയും നടന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു വഴിയിൽ വീണതും ചോര വാർന്നു മരിച്ചതും. കുത്തേറ്റ സ്ഥലത്തു നിന്നു ജിന്റോ വീണു കിടന്ന സ്ഥലം വരെ റോഡിൽ ഉടനീളവും ലോറിയുടെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തുള്ള വാതിലിലും ചോരപ്പാടുകളുണ്ട്. ലോറി നിർത്തിയിട്ട സ്ഥലത്ത്, നിലത്തും രക്തം തളംകെട്ടിയ പാടുകളുണ്ട്. 

സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം, ദൃക്സാക്ഷിയെ ചോദ്യം ചെയ്യുകയും പ്രതികളെ പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പുലർച്ചെ ആറരയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു.  കാബിനിൽ നിന്നും മറ്റും ശേഖരിച്ച വിരലടയാളമടക്കമുള്ള ശാസ്ത്രീയതെളിവുകൾ ഉപയോഗിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. എസിപി ടി.കെ.രത്നകുമാറിന്റെ മേൽനോട്ടത്തിൽ ടൗൺ ഇൻസ്പെക്ടർ പി.എ.ബിനുമോഹൻ, എസ്ഐമാരായ ഹാരിഷ് വാഴയിൽ, നസീബ്, സ്ക്വാഡ് അംഗങ്ങളായ നാസർ, അജയൻ, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ വലയിലാക്കിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com