ഇരിട്ടി നഗരത്തിലെ അനധികൃത പാർക്കിങ്: ഇന്നലെയും മുന്നറിയിപ്പിൽ ഒതുക്കി, ഇന്നുമുതൽ കർശന നടപടി

Mail This Article
ഇരിട്ടി∙ നഗരത്തിൽ കുരുക്കില്ലാത്ത യാത്ര ഒരുക്കുന്നതിനായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം അനുസരിക്കാൻ വിമുഖത കാട്ടുന്നവരെ ‘പൂട്ടൂം’. ഇന്നലെ നഗരസഭയും പൊലീസും ചേർന്നു നടത്തിയ 2–ാം ഘട്ട പരിശോധനയിലും നിരവധി വാഹനങ്ങൾ നിയമം ലംഘിച്ചു അനധികൃത പാർക്കിങ് നടത്തുന്നതായി കണ്ടെത്തി. ഇന്നലെയും മുന്നറിയിപ്പിൽ ഒതുക്കിയ അധികൃതർ ഇന്നു മുതൽ കർശന നടപടി ഉണ്ടാകുമെന്ന് അറിയിച്ചു. നിയമം ലംഘിച്ചു പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ചു പൊക്കി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുന്നതുൾപ്പെടെയുള്ള ശക്തമായ നീക്കം നടത്താനാണ് തീരുമാനം.

നഗരത്തിലെ വാഹന തിരക്ക് കണക്കിലെടുത്ത് പാതയോരത്ത് പ്രത്യേകം നിർദേശിച്ച സ്ഥലങ്ങളിൽ 1 മണിക്കൂർ വരെ പാർക്കിങ് നടത്താൻ നൽകിയ അനുമതി അര മണിക്കൂർ ആക്കി കുറയ്ക്കുകയും ചെയ്തു. ബോർഡുകൾ ഇപ്രകാരം മാറ്റി. കൂടുതൽ സമയം പാർക്ക് ചെയ്യേണ്ട സ്വകാര്യ വാഹനങ്ങൾക്ക് ഒരു പുതിയ പേ പാർക്കിങ് സൗകര്യം കൂടി ക്രമീകരിച്ചു മേയ് 1 മുതലാണ് നഗരത്തിൽ ഗതാഗത പരിഷ്കരണം ശക്തമാക്കിയത്. പേ പാർക്കിങ് ഉപയോഗിക്കാതെ പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും വണ്ടി കൊണ്ടുവന്നിട്ടു പോകുന്ന രീതിയാണ് ഇപ്പോഴും ഉള്ളത്.ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത, വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.സുരേഷ്, ക്ലീൻ സിറ്റി മാനേജർ പി.മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ വി.എ.ജിൻസ്, എസ്ഐ സുനിൽ കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.