ചെറുപുഴ∙ മലയോര മേഖലയിലെ ലഹരി മാഫിയയ്ക്കെതിരെ നടപടി കടുപ്പിച്ചു പൊലീസ്. വിദ്യാർഥികളും യുവാക്കളും ഉൾപ്പെടെയുള്ളവർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണു ചെറുപുഴ പൊലീസിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധന കർശനമാക്കിയത്.
കഴിഞ്ഞ ദിവസം രാത്രി ചെറുപുഴ എസ്ഐ എം.പി.ഷാജിയുടെ നേതൃത്വത്തിൽ നരമ്പ് പാറയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിലായി. തട്ടുമ്മലിലെ കെ.കെ. ഇജാസ് (24) ആണു പൊലീസിന്റെ പിടിയിലായത്. തുടർന്നു ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ചെറുപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട കൊല്ലാട, ചെറുപുഴ കമ്പിപ്പാലം റോഡ്, ചുണ്ട, പുളിങ്ങോം പുതിയപാലം, ഉമയംചാൽ, ഇടവരമ്പ്, മീന്തുള്ളി, പ്രാപ്പൊയിൽ, തിരുമേനി ഭാഗങ്ങളിൽ നേരത്തെ ലഹരിമാഫിയകളുടെ പ്രവർത്തനം സജീവമായിരുന്നു.
രാത്രികാല പരിശോധന കർശനമാക്കിയതോടെ ലഹരിവസ്തുക്കളുടെ വിൽപന ഒരു പരിധി വരെ നിയന്ത്രിക്കാനായെന്നു പൊലീസ് പറയുന്നു. എന്നാൽ ആൾ താമസമില്ലാത്ത നരമ്പ് പാറയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായി വ്യാപക പരാതിയുണ്ട്. വിശാലമായ പ്രദേശമായതിനാൽ ദൂരത്തു നിന്നു പോലും ഇവിടെ ആളുകൾ എത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണു പൊലീസിന്റെ തീരുമാനം.