പാനൂർ ∙ വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന ഒന്നര വയസ്സുകാരനു തെരുവുനായയുടെ കടിയേറ്റ് ഗുരുതര പരുക്ക്. പാനൂർ അയ്യപ്പക്ഷേത്രത്തിനു സമീപം കുനിയിൽ നസീറിന്റെ മകൻ ഐസിൻ നസീറിനാണ് പരുക്കേറ്റത്.
ഉമ്മ മുർഷിദയുടെ കൂടെ മുറ്റത്തു നിൽക്കുമ്പോഴാണ് കടിയേറ്റത്.വലതു കണ്ണിനും മൂക്കിനും പരുക്കേറ്റു. മോണയുടെ ഭാഗത്ത് കടിയേറ്റതിനെ തുടർന്ന് പല്ലുകൾ നഷ്ടമായി. കവിളിൽ ആഴത്തിൽ മുറിവേറ്റു. ചെവിക്കും പരുക്കേറ്റിട്ടുണ്ട്. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.