ADVERTISEMENT

പെരിങ്ങോം∙ 17 കോടി വകയിരുത്തിയാണ് പയ്യന്നൂർ–ചെറുപുഴ റോഡ് മെക്കാഡം ടാറിങ് നടത്തി നവീകരിച്ചത്. റോഡ് നിർമാണം പൂർത്തീകരിച്ചുവെങ്കിലും ഓവുചാൽ നിർമാണം ഉപേക്ഷിച്ച മട്ടാണ്. ചൂരൽ,അരവഞ്ചാൽ, കെ.പി.നഗർ, പെരിങ്ങോം, പൊന്നമ്പാറ, ഉമ്മറപ്പൊയിൽ, വയക്കര ഭാഗങ്ങളിലെ ഓവുചാൽ നിർമാണമെല്ലാം പാതിവഴിയിലാണ്. ഇതോടെ, മഴ പെയ്താൽ റോഡിൽ മുഴുവൻ ചെളിവെള്ളം നിറയും. കുന്നിൻ മുകളിൽ നിന്നും, പോക്കറ്റ് റോഡുകളിൽ നിന്നും ഒഴുകിയെത്തുന്ന മണ്ണും, മാലിന്യങ്ങളും ഒഴുകിയെത്തുന്നതു പെരിങ്ങോം ടൗണിലേക്കാണ്. മെക്കാഡം ടാറിങ്ങിന്റെ ഭാഗമായി പെരിങ്ങോം ടൗണിൽ നിർമിച്ച ഓവുചാലാകാട്ടെ ജനത്തിന് ഉപകരിക്കുന്നുമില്ല. 

തിരക്കേറിയ പെരിങ്ങോം ടൗണിൽ റോഡിന്റെ ഒരവശം മാത്രമാണ് ഓവുചാൽ നിർമിച്ചത്. റോഡിൽ പരന്നൊഴുകുന്ന ചെളിവെള്ളം വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാണ്.ലക്ഷങ്ങൾ മുടക്കി വയക്കരമുണ്ട്യക്കു സമീപം നിർമിച്ച ഓവുചാലും സ്ലാബും സ്വകാര്യ വ്യക്തിയുടെ പരാതിയെത്തുടർന്നു പൂർണമായും പൊളിച്ചു മാറ്റിയിരുന്നു. പകരം നിർമിച്ച ഓവുചാലിന്റെയും സ്ലാബുകളുടെയും പണിയും പാതിവഴിയിലാണ്. റോഡിനോടു ചേർന്നുള്ള വൻകുഴികൾക്കു പോലും  സ്ലാബുകൾ പാകിയിട്ടില്ല. അശാസ്ത്രീയമായി നിർമിച്ച ഓവുചാൽ പൊളിച്ചുമാറ്റിയതിനും പുതിയതു നിർമിച്ചതിനും മരാമത്തു വകുപ്പിനാകട്ടെ നഷ്ടം ലക്ഷങ്ങളും. 

പെരിങ്ങോം പൊലീസ് സ്റ്റേഷനു മുൻവശം നിർമിച്ച ഓവുചാലിനു സ്ലാബിടാത്തതിനാൽ കനത്ത മഴയിൽ റോഡിലേക്കു ചെളിവെള്ളം കയറുന്ന നിലയിലാണ്. മണ്ണും മാലിന്യങ്ങളും ഒഴുകിയെത്തി ഓവുചാൽ നികന്നു കാൽനട യാത്രപോലും ദുസഹമാണ്. പുതിയ റോഡ് നിർമിക്കുമ്പോൾ ഓവുചാൽ നിർമാണം കർശനമാക്കിയ വകുപ്പു മന്ത്രിമാരുടെയും. ബന്ധപ്പെട്ട  ഉദ്യോഗസ്ഥരുടെയും പരിശോധനയും പ്രഹസനമാണെന്നും പരാതിയുണ്ട്. മരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ റോഡിലെ ദുരിതം നേരിൽക്കാണണമെന്നും ബദൽ സംവിധാനം ഒരുക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com