ADVERTISEMENT

പരിയാരം∙ സർക്കാർ ഏറ്റെടുത്തതോടെ ദുർഗതിയിലായതാണു പരിയാരം മെഡിക്കൽ കോളജ് പബ്ലിക് സ്കൂൾ. ഏറ്റവും ദുരിതം ജീവനക്കാർക്കാണ്. ഇപ്പോഴും ഇവർക്കു സ്ഥിരനിയമനം നൽകിയിട്ടില്ല. 15 അധ്യാപകരും മൂന്ന് അനധ്യാപക ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. സർക്കാർ ഏറ്റെടുക്കുന്നതിനു മുൻപായി സഹകരണ സംഘത്തിൽ നിന്നു മാസശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. അഞ്ചു വർഷം മുൻപ് മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തപ്പോൾ സ്കൂളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കി. എന്നാൽ, ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന നടപടി അനിശ്ചിതമായി നീണ്ടു. അതിനാൽ, ആദ്യ മൂന്നു വർഷം ശമ്പളം പോലും ലഭിച്ചില്ല. ഇപ്പോൾ, ദിവസവേതനക്കാരായി കണക്കാക്കി അവധി ദിനങ്ങളും മധ്യവേനലവധിയും ഒഴിവാക്കിയാണു വേതനം നൽകുന്നത്. മറ്റു യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല.

എൽകെജി മുതൽ പത്തു വരെ

2003ൽ സഹകരണ സംഘത്തിലുള്ള മെഡിക്കൽ കോളജിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. എൽകെജി മുതൽ പത്താം ക്ലാസ് വരെയുണ്ട്. 800 വിദ്യാർഥികളാണു പഠിക്കുന്നത്. പത്താം ക്ലാസിൽ നൂറു ശതമാനം വിജയമുണ്ടായിരുന്നു. 

എൽപിയിൽ അധ്യാപകരില്ല

250 വിദ്യാർഥികൾ പഠിക്കുന്ന എൽപി വിഭാഗത്തിൽ സർക്കാർ അധ്യാപകരെ നിയമിച്ചില്ല. അതിനാൽ പിടിഎ ദിവസ വേതനത്തിൽ അധ്യാപകരെ നിയമിക്കണം. പത്ത് അധ്യാപകരെ നിയമിച്ചു ശമ്പളവും പിടിഎ നൽകണം. അധ്യയന വർഷം രണ്ടു ലക്ഷത്തോളം രൂപ കണ്ടെത്താൻ പിടിഎ കമ്മിറ്റി നെട്ടോട്ടമോടുകയാണ് ഇപ്പോൾ.  

ഫയലിൽ തസ്തിക

സ്കൂൾ സർക്കാർ ഏറ്റെടുത്ത ശേഷം പരിയാരം ഗവ.മെഡിക്കൽ കോളജ് പബ്ലിക് സ്കൂളിൽ 25 തസ്തികൾ സൃഷ്ടിച്ചു. എന്നാൽ തുടർ നടപടി സ്വീകരിക്കാത്തതിനാൽ അധ്യാപകരും ജീവനക്കാരും നിലനിൽപിനായുള്ള ഓട്ടത്തിലാണ്. പരിയാരം ഗവ.മെഡിക്കൽ കോളജ് പബ്ലിക് സ്കൂൾ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ഇന്ന് 11ന് എം.വിജിൻ എംഎൽഎ നിർവഹിക്കും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണു പുതിയ കെട്ടിടം നിർമിക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com