ADVERTISEMENT

കടയിൽ നിന്നു വെള്ളം വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിൽ പരിയാരം ഗവ.മെഡിക്കൽ കോളജിലെ രോഗികൾ

പരിയാരം ∙ ഗവ.മെഡിക്കൽ കോളജിലെ ‘ഉപ്പുവെള്ള’ പ്രശ്നത്തിനു പരിഹാരമായില്ല, ആശുപത്രി കന്റീനിലെ ജലവിതരണവും തടസ്സപ്പെട്ടു. മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ജില്ലാ മെഡിക്കൽ ഓഫിസർ ആവശ്യപ്പെട്ടിട്ടുണ്ട്. ജലപരിശോധന നടത്താനും നിർദേശിച്ചു. ശുദ്ധജലം ലഭിക്കാത്തതിനാൽ കടയിൽ നിന്നു വെള്ളം വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണു രോഗികൾ. ഗുളിക കഴിക്കണമെങ്കിൽ പോലും വെള്ളം പുറത്തു നിന്നു വാങ്ങേണ്ട സ്ഥിതിയാണ്. ചന്തപ്പുര വണ്ണാത്തിപ്പുഴയിൽ ഉപ്പുവെള്ളം കയറുമ്പോഴാണ് ആശുപത്രിയിലെ ശുദ്ധജല വിതരണം താളംതെറ്റുന്നത്.ശുദ്ധജല വിതരണത്തിനുള്ള ബദൽ സംവിധാനം ആശുപത്രി അധികൃതർ നടപ്പാക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.  

ജലരേഖയായ മഴവെള്ള സംഭരണിയും പദ്ധതികളും

മെഡിക്കൽ കോളജിലെ ശുദ്ധജലക്ഷാമത്തിനു പരിഹാരമായാണു കൂറ്റൻ സംഭരണി വർഷങ്ങൾക്കു മുൻപു നിർമിച്ചത്. ഒരേക്കർ സ്ഥലത്തുള്ള സംഭരണിയിൽ ഒരു കോടി ലീറ്റർ മഴവെള്ളം സംഭരിക്കാൻ സാധിക്കും. എന്നാൽ, 60 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച ജലസംഭരണി ഉപയോഗിക്കാതെ നശിച്ചു.  ജലക്ഷാമത്തിനു ശാശ്വതമായ പരിഹാരത്തിനായാണ് അധികൃതർ ജലസേചന വകുപ്പിൽ 37 ലക്ഷം രൂപ അടച്ചത്. എന്നാൽ, വീണ്ടും 17 ലക്ഷം രൂപ കൂടി അടയ്ക്കണമെന്നായി ജലസേചന വകുപ്പ്. അതോടെ, ജപ്പാൻ കുടിവെള്ള പദ്ധതിയിലുൾപ്പെടുത്തി പൈപ്‌ലൈൻ‍ വഴി വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയും അനന്തമായി നീളുകയാണ്. 

ദിവസവും 22 മണിക്കൂർ വീതം പരിയാരം മെഡിക്കൽ കോളജിന് ആവശ്യമായ വെള്ളം പമ്പ് ചെയ്ത കിണർ നഷ്ടമായതും ജലക്ഷാമം രൂക്ഷമാകാൻ കാരണമായിട്ടുണ്ട്. ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പരിയാരം ഏമ്പേറ്റിൽ സ്ഥാപിച്ച പരിയാരം മെഡിക്കൽ കോളജിന്റെ കിണറും പമ്പ് ഹൗസും ദേശീയപാത വികസനത്തിൽ നഷ്ടമായത് ഒരു വർഷം മുൻപാണ്. മെഡിക്കൽ കോളജിന് അടുത്തുള്ള അലക്യം തോടിനു സമീപം പുതിയ കിണറും പമ്പ് ഹൗസും നിർമിച്ചും ജലസംഭരണി പ്രയോജനപ്പെടുത്തി ജലക്ഷാമം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com