ADVERTISEMENT

ചെറുപുഴ∙ ചൂരപ്പടവ് ക്വാറിക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ്കുമാർ താൽക്കാലികമായി പ്രവർത്തനാനുമതി നൽകി. ക്വാറിക്ക് പ്രവർത്തനാനുമതി നൽകുന്നത് 2 ദിവസത്തേക്ക് നീട്ടിവയ്ക്കണമെന്ന പഞ്ചായത്ത് അംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നതിനിടയിലാണു സെക്രട്ടറി ഇന്നലെ ക്വാറിക്ക് താൽക്കാലിക പ്രവർത്തനാനുമതി നൽകിയത്. താൽക്കാലിക അനുമതി നൽകണമെന്ന ഹൈക്കോടതി ഉത്തരവ് അവഗണിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണിത്.

തുടർന്നു പഞ്ചായത്ത് സെക്രട്ടറി 2 ദിവസത്തെ അവധിയിൽ പ്രവേശിക്കുകയും ചെയ്തു. ജനജീവിതത്തിനു ഭീഷണിയായി മാറിയ ചൂരപ്പടവ് ക്വാറിക്ക് പ്രവർത്തനാനുമതി നൽകാനുള്ള തീരുമാനം  2 ദിവസത്തേക്ക് നീട്ടിവയ്ക്കണമെന്നു ആവശ്യപ്പെട്ടു പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ബുധനാഴ്ച സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. തുടർന്നു പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ബുധനാഴ്ച അനുമതി നൽകില്ലെന്നു സെക്രട്ടറി കെ.വിനോദ് കുമാർ ഉറപ്പ് നൽകി. ഇതേത്തുടർന്നു ഉപരോധ സമരം പിൻവലിച്ചു.

എന്നാൽ, ക്വാറിക്ക് പ്രവർത്തനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കാൻ ഇന്നലെ രാവിലെയും പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പഞ്ചായത്ത് ഓഫിസിലെത്തിയിരുന്നു. ഏറെ കാത്തിരുന്നിട്ടും സെക്രട്ടറി എത്തിയില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണു ക്വാറിക്ക് താൽക്കാലിക അനുമതി നൽകി അവധിയിൽ പ്രവേശിച്ച കാര്യം പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും അറിയുന്നത്. താൽക്കാലിക അനുമതിപത്രത്തിൽ ഒപ്പുവച്ചുവെങ്കിലും ഉത്തരവ് ക്വാറിയുടമകൾക്ക് കൈമാറിയിട്ടില്ല. 

ഇതേത്തുടർന്നു നാട്ടുകാർ പഞ്ചായത്ത് ഓഫിസിൽ കുത്തിയിരിപ്പു തുടർന്നു. എന്നാൽ, ഉത്തരവ് ക്വാറിയുടമകൾക്ക് കൈമാറിയിട്ടില്ലെന്നു സെക്രട്ടറി പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്തു ചെറുപുഴ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ചൂരപ്പടവ് ക്വാറിയും സമീപത്തെ മൺക്കൂനയും പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്നു നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ ക്വാറിയുടെ പ്രവർത്തനം അടിയന്തരമായി നിർത്തി വയ്ക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com