ADVERTISEMENT

കൂത്തുപറമ്പ് ∙ കോട്ടയം എരുവട്ടിക്കാവിൽ നിന്നു കൊട്ടിയൂരിലേക്കുള്ള എണ്ണയും ഇളനീരും സംഘം ഇന്നലെ രാവിലെ കാൽനടയായി ആചാരപൂർവം പുറപ്പെട്ടു. കൊട്ടിയൂർ വൈശാഖോത്സവത്തിനു കൊട്ടിയൂർ ക്ഷേത്ര സന്നിധിയിൽ സമർപ്പണം ചെയ്യേണ്ട അതിവിശിഷ്ടവും പൗരാണികമായി നിശ്ചയിച്ചു വന്നതുമായ ചടങ്ങാണ് എണ്ണയും ഇളനീരും എഴുന്നള്ളത്ത്. 

വിവിധ ദേശങ്ങളിൽ നിന്ന് എണ്ണയും ഇളനീരും കൊട്ടിയൂരിൽ എത്തിക്കുന്നുണ്ടെങ്കിലും എരുവട്ടിക്കാവിലെ എണ്ണയും ഇളനീരും സംഘത്തിനാണ് ഏറ്റവും പ്രാമുഖ്യം. ഈ സംഘമാണ് ഏറ്റവും ഒടുവിലായി ഇളനീർ കാവുകളും എള്ളെണ്ണ കുടവും സമർപ്പിക്കുന്നത്. എരുവട്ടി കാവിൽ നിന്നു പുറപ്പെട്ടു നിശ്ചിത സങ്കേതങ്ങളിൽ നിന്നു സ്നാനവും വന്ദന കർമങ്ങളും കഴിഞ്ഞാണു സംഘം കൊട്ടിയൂരിലെത്തുന്നത്. തിരുവോണം നാളിൽ പുറപ്പെട്ട് അവിട്ടം നാളിൽ സന്ധ്യയോടു കൂടി കൊട്ടിയൂർ ക്ഷേത്ര സന്നിധിയിലേക്ക് ഈ സംഘം എത്തിച്ചേരും.

ഇന്നലെ രാവിലെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന വിശ്വാസികളും ക്ഷേത്രം ട്രസ്റ്റിമാരായ കുഞ്ഞനന്തക്കുറുപ്പ്, കേളു കുറുപ്പ്, നവീകരണ കമ്മിറ്റി ഭാരവാഹി ടി.കുഞ്ഞിക്കണ്ണൻ എന്നിവരും ചേർന്ന് ഹരിഗോവിന്ദ നാമജപത്തോടെ സംഘത്തെ യാത്രയയച്ചു. ഇളനീർ വയ്പിന്റെ മുഹൂർത്ത രാശി അറിയിക്കുന്നതോടെ തട്ടും പോളയും പടുത്താൽ ഇളനീർ വയ്പ് ആരംഭിക്കും. ഇളനീർ വയ്പ് ആരംഭം മുതൽ സമർപ്പണം വരെ വീരഭദ്രനും കുഴലും വാദ്യവും കിഴക്കേനടയിൽ നിലയുറപ്പിച്ചിട്ടുണ്ടാവും.

ഈ സംഘത്തിൽ എണ്ണപാത്രം വഹിക്കുന്നത് എരുവട്ടി ആയിരത്തി തണ്ടയാൻ രഞ്ജിത്ത് തട്ടാരിയത്താണ്. വീരഭദ്ര വേഷധാരിയായ അഞ്ഞൂറ്റാൻ സ്ഥാനികനും കുറുംകുഴലുമായി കോട്ടയത്തു ബാക്ക പ്രതിനിധിയും പാണിയുമായി എരുവട്ടി ബാക്ക പ്രതിനിധികളുമാണ് സംഘത്തിലുള്ളത്. തൃക്കൈക്കുടയുമായി ഒരാൾ തണ്ടയാന് അകമ്പടിയുണ്ട്. ഇളനീർക്കാവുകളുമായി 5 വ്രതക്കാരും സംഘത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com