ADVERTISEMENT

കണ്ണൂർ ∙ കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോച്ചിലെ ഒരു സീറ്റിൽ മാത്രമാണു തീയിട്ടതെന്നും തീപ്പെട്ടിയുരച്ച് ലേഡീസ് ഷൂസിനു തീകൊളുത്തിയ ശേഷം ഇതു സീറ്റിൽ വയ്ക്കുകയായിരുന്നുവെന്നും കേസിലെ പ്രതി കൊൽക്കത്ത സ്വദേശി പ്രസോൻജിത് സിദ്ഗർ. തീയിട്ടതു പണവും ഭക്ഷണവും ലഭിക്കാത്തതിലെ നിരാശ കൊണ്ടാണെന്ന് പ്രസോൻജിത് ആവർത്തിച്ചു. ഇന്നലെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുക്കുന്നതിനിടെയാണ് തീയിട്ടതിന്റെ വിശദാംശങ്ങൾ പ്രസോൻജിത് സിദ്ഗർ പൊലീസിനോടു വെളിപ്പെടുത്തിയത്.   

തീയിടുന്ന വിചിത്ര സ്വഭാവം പ്രസോൻജിത്തിനു നേരത്തെ തന്നെയുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊൽക്കത്തയിൽ നടത്തിയ അന്വേഷണത്തിലാണിതു വ്യക്തമായത്. സ്വന്തം ആധാർ കാർഡ് അടക്കം ഇയാൾ തീയിട്ടു നശിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു.സംഭവത്തിനു 2 ദിവസം മുൻപാണു തലശ്ശേരിയിലെത്തിയതെന്നും സംഭവദിവസം രാത്രിയാണ് ആദ്യമായി കണ്ണൂരിലെത്തിയതെന്നും പൊലീസിനോട് ഇയാൾ പറഞ്ഞു. 

ഏറ്റവും പിറകിലുള്ള, പത്തൊൻപതാമത്തെ കോച്ചിലാണ് ആദ്യം കയറിയത്. ഇവിടെ ജനൽച്ചില്ലു തകർത്തു. തീയിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിൽ നിന്നിറങ്ങിയാണു പതിനേഴാമത്തെ കോച്ചിൽ തെക്കുഭാഗത്തെ വാതിലിലൂടെ കയറിയത്. കയറിയപാടെയുള്ള സീറ്റിലാണു തീയിട്ടത്. നിലത്തു നിന്നു കിട്ടിയ ലേഡീസ് ഷൂസിനു തീ കൊളുത്തിയ ശേഷം സീറ്റിൽ വയ്ക്കുകയായിരുന്നുവെന്നും പൊലീസിനോടു പറഞ്ഞിട്ടുണ്ട്. അതേസമയം, ഷൂസിന്റെ അവശിഷ്ടമൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. 

തീ കൊളുത്തിയ ശേഷം ആയിക്കരയിലേക്കാണു പോയത്. ഇവിടെ രാത്രി തങ്ങിയ ശേഷം മറ്റെവിടെയെങ്കിലും പോകാനായി റെയിൽവേ സ്റ്റേഷനിലേക്കു നടക്കുന്നതിനിടെയാണു പൊലീസിന്റെ പിടിയിലായത്. തീപ്പെട്ടി വാങ്ങിയതു തലശ്ശേരിയിൽ നിന്നാണെന്നും പ്രതി വ്യക്തമാക്കി. 

ഇന്നലെ വൈകിട്ട് 4.40നാണു റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിൽനിന്നു പൊലീസ് തെളിവെടുപ്പു തുടങ്ങിയത്. എട്ടാമത്തെ യാഡിൽ മാറ്റിയിട്ട 3 കോച്ചുകളിലും പരിശോധന നടത്തി. ഏറ്റവും പിറകിലുള്ള കോച്ചിലാണു പ്രതിയെ ആദ്യം കയറ്റിയത്. ഇരു കൈകളിലും വിലങ്ങ് അണിയിച്ചെത്തിച്ച പ്രതിയെ സേനാംഗങ്ങൾ കോച്ചിലേക്ക് കൈപിടിച്ച് കയറ്റി. തുടർന്ന് തീപിടിത്തം നടന്ന കോച്ചിലേക്ക് പ്രതിയെ എത്തിച്ചു. തീ പിടിത്തം എങ്ങനെ ഉണ്ടാക്കി തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റി. തീയിട്ട രീതി, പൊലീസ് നൽകിയ തീപ്പെട്ടിയുടെ സഹായത്തോടെ പ്രസോൻജിത് വിശദീകരിച്ചു. 40 മിനിട്ടോളം തെളിവെടുപ്പു നീണ്ടു. 

കോച്ചിൽ നിന്നു ഇറങ്ങി ബിപിസിഎൽ പെട്രോളിയം സംഭരണ ശാലയ്ക്കടുത്തുള്ള റോളിങ് ഷെഡിനു (പാളം, ട്രെയിൻ എന്നിവ പരിശോധിക്കുന്ന ജീവനക്കാർ ഇരിക്കുന്ന ചെറിയ ഷെഡ്) അരികിൽ നിന്നു പൊലീസിന് കാര്യങ്ങൾ വിശദീകരിച്ചു നൽകി. ശേഷം താവക്കര റെയിൽവേ മേൽ‌പ്പാലത്തിനു മുകളിലൂടെ 20 മീറ്റർ കൂടെ മുന്നോട്ട് പ്രതിയുമായി സഞ്ചരിച്ച പൊലീസ് സംഘം കുറ്റിക്കാടുകൾക്കടുത്ത് യാത്ര അവസാനിപ്പിച്ച് തിരികെ മടങ്ങി.

എസിപി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇന്ന് തെളിവെടുപ്പു തുടരും. ആയിക്കരയിലും തലശ്ശേരിയിലും എത്തിച്ചു തെളിവെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com