ADVERTISEMENT

ഇരിക്കൂർ ∙ കുരങ്ങുകളെ പേടിച്ചു കാർഷിക ജീവിതം വഴിമുട്ടി ഒരു ഗ്രാമം. മലപ്പട്ടം പഞ്ചായത്തിലാണു കൂട്ടത്തോടെ ഇറങ്ങുന്ന കുരങ്ങുകൾ കർഷകരുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്നത്. തേക്കിൻകൂട്ടം, മുനമ്പ്, കത്തിയണക്ക്, കുരുളോളി, ഇഡൂൽ, കാനം, കാപ്പാട്ടുകുന്ന്, കുപ്പം, കൊവുന്തല മേഖലകളിലാണ് ശല്യം രൂക്ഷമായിട്ടുള്ളത്. പല സ്ഥലങ്ങളിലെയും തെങ്ങിൻതോട്ടങ്ങൾ പൂർണമായി കുരങ്ങുകളുടെ നിയന്ത്രണത്തിലാണ്. കരിക്ക്, വാഴക്കുല, പുളി, പപ്പായ, കൈതച്ചക്ക, ഫാഷൻ ഫ്രൂട്ട്, പേരയ്ക്ക, സപ്പോട്ട, ചേന, ചേമ്പ്, പച്ചക്കറികൾ തുടങ്ങിയവയാണ് ഇവയുടെ ഇഷ്ട വിഭവങ്ങൾ. പല കാർഷിക വിളകളും മൂപ്പെത്തും മുൻപേ പറിച്ചെറിയുകയാണ്. വാനരശല്യം രൂക്ഷമായതോടെ മിക്ക കർഷകരും കൃഷിയിടങ്ങൾ പൂർണമായി ഇവയ്ക്കു വിട്ടുനൽകിയിരിക്കുകയാണ്.

നാളികേര കർഷകരാണു കുരങ്ങുകളുടെ അക്രമത്തിനിരയാകുന്നതിൽ ഏറെയും. തെങ്ങിൻത്തോപ്പുകളിൽ അലഞ്ഞു തിരിയുന്ന കുരങ്ങുകൾ ചെറുതും വലുതുമായ തെങ്ങുകളിൽ കൂട്ടം കൂടിയെത്തി ഇളനീരുകളും തേങ്ങകളും ഉൾപ്പെടെ നശിപ്പിക്കുകയാണ്. പല തെങ്ങുകളുടെയും വിരിയാറായ കൂമ്പുകൾ വരെ വാനര കൂട്ടം നശിപ്പിച്ചിട്ടുണ്ട്. തെങ്ങുകൾക്കു വളപ്രയോഗം നടത്തുന്നവരും ജലസേചനം നടത്തുന്നവരുമെല്ലാം ആദായം ലഭിക്കാതെ നെട്ടോട്ടമോടുകയാണ്.

വീട്ടുമുറ്റത്തും മേൽക്കൂരയിലും കൂട്ടമായെത്തുന്ന കുരങ്ങുകൾ അടുക്കളയിൽ കയറി ഭക്ഷണങ്ങളെടുത്തു തിന്നുകയും നശിപ്പിക്കുകയും ചെയ്യുന്നതും പതിവാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഇവയുടെ ആക്രമണമുണ്ടാകാറുമുണ്ട്. ഓടുമേഞ്ഞ വീടുകളുടെ ഓടുകൾ നശിപ്പിക്കുന്ന അസ്ഥയുമുണ്ട്. 

പലരും മഴക്കാലത്തു വീടിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയാണു കഴിയുന്നത്. റബർ തോട്ടങ്ങളിലെ ചിരട്ടകൾ നശിപ്പിക്കുകയും പാൽ നശിപ്പിക്കുകയും ചെയ്യുന്നതിനാൽ റബർ കർഷകരും ദുരിതത്തിലാണ്. വാഹനങ്ങൾക്കു നേരെയും കുരങ്ങുകളുടെ അക്രമണമുണ്ടാകുന്നുണ്ട്. മലപ്പട്ടത്തെ പെട്രോൾ പമ്പിൽ രാത്രി നിർത്തിയിട്ട 2 ബസുകളുടെ കണ്ണാടികൾ അടുത്തിടെ വാനരക്കൂട്ടം തകർത്തിരുന്നു. ഇരുചക്ര വാഹനങ്ങളുടെയും  ഓട്ടോറിക്ഷകളുടെയും കണ്ണാടികൾ ഊരിക്കൊണ്ടു പോകുന്നതും പതിവാണ്.

കുരങ്ങുശല്യം തടയാൻ 5 വർഷം മുൻപു കുരുളോളി, കാനം ഭാഗങ്ങളിൽ വനം വകുപ്പ് അധികൃതർ കൂടു സ്ഥാപിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. കുരങ്ങുശല്യത്തിനെതിരെ കൃഷി വകുപ്പിലും വനം വകുപ്പിലും പഞ്ചായത്തിലും പരാതി നൽകി മടുത്ത കർഷകർ ഇനി ആരോടു പരാതി പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

കെ.വി.സുരേന്ദ്രൻ, കർഷക സംഘം മലപ്പട്ടം വില്ലേജ് സെക്രട്ടറി

‘‘കുരങ്ങ് ശല്യം കാരണം കർഷകർ വൻ ദുരിതത്തിലാണ്. പല തെങ്ങിൻതോട്ടങ്ങളും കുരങ്ങുകൾ താവളമാക്കിയിരിക്കുകയാണ്. ആദായം ലഭിക്കാത്തതിനാൽ നാളികേര കർഷകർ ഉൾപ്പെടെ പ്രയാസത്തിലാണ്. കുരങ്ങ് ശല്യത്തിനു ശാശ്വത പരിഹാരം കാണാൻ വനം വകുപ്പ് അധികൃതർ തയാറാകണം.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com