ദൂരേക്ക് നോക്കി ദൂരേക്ക് നോക്കി നീണ്ടുനോക്കി പാലം; പണികൾ ഒറ്റ തൂണിൽ ഒതുങ്ങി

neendunoki-bridge1
കൊട്ടിയൂരിലെ നീണ്ടുനോക്കി പാലത്തിന്റെ പണികൾ നിർത്തിവച്ചപ്പോൾ ഉണ്ടാക്കിയ താൽക്കാലിക നടപ്പാലം.
SHARE

കൊട്ടിയൂർ∙ നീണ്ടുനോക്കി പാലത്തിന്റെ നിർമാണ പ്രവൃത്തികൾ താൽക്കാലികമായി അവസാനിപ്പിച്ചതോടെ പണികൾ ഒറ്റ തൂണിൽ ഒതുങ്ങി. കൊട്ടിയൂർ സമാന്തര പാതയേയും ടൗണിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ബാവലി പുഴയിൽ നിർമിക്കുന്ന പാലത്തിന്റെ പണികളാണ് മഴക്കാലം വരുന്നതിനാൽ താൽക്കാലികമായി നിർത്തി വച്ചത്. പഴയ പാലം ഉപയോഗിച്ചിരുന്നവർ ഇനി മറ്റ് വഴികൾ തേടണം. പഴയ പാലം പൊളിച്ചു കളഞ്ഞതു കൊണ്ടും താൽക്കാലിക സൗകര്യം ഒരുക്കാത്തതിനാലും ഉത്സവ കാലത്ത് സമാന്തര പാതയിലേക്ക് എത്തിച്ചേരാനും മഴ പെയ്താൽ പാലുകാച്ചി, ഒറ്റപ്ലാവ്, പന്നിയാംമല പ്രദേശങ്ങളിലേക്ക് പോകുന്നതിനും മറ്റു വഴികളെയും പാലങ്ങളെയും ആശ്രയിക്കേണ്ടതായി വരും. ഉത്സവ കാലത്തെ പതിവ് ഗതാഗത കുരുക്കുകൾ ഒഴിവാക്കുന്നതിനായി പാലത്തിന്റെ സ്ലാബിന്റെ പണികൾ പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഉദ്ദേശിച്ച രീതിയിൽ പണികൾ തീരാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.

neendunoki-bridge2
കൊട്ടിയൂർ നീണ്ടുനോക്കി പാലത്തിന്റെ പണികൾ നിർത്തി വച്ചപ്പോൾ ഉണ്ടാക്കിയ താൽക്കാലികനടപ്പാലം.

മുൻപ് ചെറു വാഹനങ്ങളെ സമാന്തര പാതയിലേക്ക് തിരിച്ചു വിട്ടിരുന്നത് നീണ്ടുനോക്കിയിലെ ഈ പാലത്തിലൂടെ ആയിരുന്നു. നിലവിലുണ്ടായിരുന്ന പാലം പൊളിച്ചു മാറ്റിയ ശേഷമാണ് പുതിയ പാലത്തിന്റെ പണികൾ ആരംഭിച്ചത്. ഉത്സവ കാലത്തെ ഗതാഗത കുരുക്ക് കണക്കിലെടുത്ത് പാലത്തിന്റെ പരമാവധി പണികൾ ഈ മഴക്കാലത്തിന് മുൻപ് ചെയ്തു തീർക്കും എന്നായിരുന്നു പ്രചാരണം. പക്ഷേ തൂണുകളുടെ അടിത്തറ നിർമാണത്തിനായി പാറ കണ്ടെത്താനുള്ള ശ്രമം പണികൾ ആദ്യ ഘട്ടത്തിൽ തന്നെ വൈകിപ്പിച്ചു. ക്വാറി ക്രഷർ സമരത്തെ തുടർന്ന് നിർമാണ വസ്തുക്കൾ ലഭിക്കാതെ വന്നതോടെ വീണ്ടും പണികൾ തടസ്സപ്പെട്ടു. ഇതോടെ ഈ വർഷത്തെ ഉത്സവ കാലത്തിന് മുൻപ് പണി തീർക്കുമെന്ന് പ്രതീക്ഷയും അസ്ഥാനത്തായി. 6.4 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിക്കാൻ സ്ഥലവും ഏറ്റെടുക്കൽ ഘട്ടത്തിലായിരുന്നു. ഭൂമിക്ക് വില നൽകുന്നതിനായും ഫണ്ട് നീക്കി വച്ചിരുന്നു.

തിരക്കേറുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചു വിടാൻ സൗകര്യം ഒരുക്കാതെയാണ് പണി നിർത്തി വച്ചത്. മഴ ഇല്ലാത്ത പക്ഷം പുഴ മുറിച്ചു കടന്നു പോകാൻ സൗകര്യം ഒരുക്കിയിരുന്നു എങ്കിൽ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോൾ വാഹനങ്ങൾക്ക് സമാന്തര റോഡിലേക്ക് തിരിച്ചു വിടാൻ കഴിയുമായിരുന്നു. എന്നാൽ അതിനും ചെയ്തിട്ടില്ല. കൊട്ടിയൂർ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ മൂല ഇടിച്ചാണ് നിർമാണം നടത്തിയിട്ടുള്ളത്. നീർച്ചാൽ പുഴയുടെ നടുവിലൂടെ തിരിച്ചു വിടാതെയാണ് പണികൾ നിർത്തി വച്ചത്. കനത്ത മഴ പെയ്ത് പുഴയിൽ ശക്തിയോടെ വെള്ളം എത്തിയാൽ സ്റ്റേഡിയം പൂർണമായി തകരാനും സാധ്യതയുണ്ട്.

ഒരു വശത്ത് തൂണിന് അടിസ്ഥാനമിട്ടതിന്റെ കമ്പി ഉയർന്നു നിൽക്കുന്നതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ പുഴയിൽ ഇറങ്ങുന്നവർ ഇതിൽ തട്ടി അപകടത്തിൽ പെടാനുള്ള സാധ്യതയും ഉണ്ട്. വാഹനങ്ങൾ കടന്നു പോകുന്നതിനായി മണ്ണും കല്ലും ഉപയോഗിച്ച് പുഴയുടെ കുറുകെ നിർമിച്ച താൽക്കാലിക റോഡിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയാണ് പണിക്കാർ പോയത്. പൊളിച്ചു നീക്കിയ ഭാഗത്ത് രണ്ട് തടികൾ ഇട്ട് നടപ്പാലം ഉണ്ടാക്കിയിരിക്കുന്നു. ബാക്കി ഭാഗം തടയണ പോലെ നിൽക്കുന്നതിനാൽ സ്റ്റേഡിയം തകരാനുള്ള സാധ്യത കൂടുതലാണ്.

ജി.സന്തോഷ് കുമാർ (പ്രസിഡന്റ്, ചേംബർ ഓഫ് കൊട്ടിയൂർ)

‘‘മഴക്കാലത്തിന് മുൻപ് പാലം പണിയും എന്നായിരുന്നു ആറ് മാസം മുൻപ് പ്രഖ്യാപിച്ചിരുന്നത്. ജനങ്ങൾക്ക് പകരം സൗകര്യം ഒരുക്കാതെ പണികൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. ഇതോടെ പഞ്ചായത്തിലെ നാല് വാർഡുകളിൽ പെട്ടവർക്കും സമാന്തര പാതയിലൂടെ എത്തുന്നവർക്കും മലയോര ഹൈവേയുമായോ ടൗണുമായി ബന്ധപ്പെടുന്നതിന് തടസ്സം ഉണ്ടായിരിക്കുകയാണ്.’’

ഷാജി തോമസ് ( പ്രസിഡന്റ്, കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി)

‘‘നീർച്ചാൽ പുഴയുടെ നടുവിലേക്ക് മാറ്റി ക്രമീകരിക്കാത്ത പക്ഷം കുത്തൊഴുക്ക് ഉണ്ടായി വെളളം പഞ്ചായത്ത് സ്റ്റേഡിയത്തിലും ടൗണിലും കയറുകയും വൻ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്യും. നടപ്പാലത്തിനുള്ള സൗകര്യം പോലും ഒരുക്കാതെയാണ് പണികൾ നിർത്തി വച്ചിട്ടുള്ളത്.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS