മട്ടന്നൂർ∙ മണ്ണൂർ റോഡിൽ നായിക്കാലിയിൽ റോഡിന്റെ പുനർ നിർമാണം വൈകുന്നു. റോഡ് പണിയിലെ കാലതാമസത്തെ തുടർന്ന് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കരാറുകാരും പങ്കെടുത്ത യോഗം വിഷയം ചർച്ച ചെയ്തു. നഗരസഭാധ്യക്ഷൻ എൻ.ഷാജിത്ത്, കൗൺസിലർമാർ, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നിലവിൽ ഗതാഗതം നിരോധിച്ച റോഡിലൂടെ ചെറു വാഹനങ്ങൾ കടത്തിവിടാനുള്ള സംവിധാനത്തെ കുറിച്ച് ആലോചന നടത്തി.
വിശദമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി 12ന് വൈകിട്ട് 5ന് മണ്ണൂർ വായനശാലാ പരിസരത്ത് നാട്ടുകാരുടെ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കാലവർഷത്തിൽ റോഡിന്റെ ഒരു ഭാഗം പുഴയിലേക്ക് ഇടിഞ്ഞതിനെ തുടർന്ന് റോഡ് അപകടാവസ്ഥയിലായിരുന്നു. രണ്ടു മാസം മുൻപാണ് പാർശ്വഭിത്തി കെട്ടി റോഡ് പുനർനിർമിക്കാൻ പണി തുടങ്ങിയത്.