ADVERTISEMENT

പാപ്പിനിശ്ശേരി ∙ മഴ കനത്തു പെയ്തതോടെ ജില്ലയിൽ ദേശീയപാത നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിൽ ഭീഷണിയും. മിക്കയിടത്തും റോഡരികിൽ നിന്നു വെള്ളം ഒഴുകിപ്പോകാതെ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഇത് ദേശീയപാതയിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുമുണ്ട്.  മേൽപാലം നിർമാണം നടക്കുന്ന ധർമശാല ജംക്‌ഷനു സമീപം സർവീസ് റോഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. തിരക്കേറിയ ദേശീയപാതയിൽ വാഹനങ്ങൾ വെള്ളക്കെട്ടിലകപ്പെട്ടു നിയന്ത്രണം വിടാൻ സാധ്യതയുള്ളതിനാൽ മിക്കയിടത്തും നിർമാണ കരാറുകാർ റോഡിൽ ട്രാഫിക് ബാരിയറുകൾ സ്ഥാപിച്ചു.

പാപ്പിനിശ്ശേരി വേളാപുരത്ത് സർവീസ് റോഡ് വെള്ളക്കെട്ടിലായി. കീച്ചേരിയിൽ റോഡ് നിർമാണം നടക്കുന്ന റോഡിന്റെ ഇരുഭാഗത്തും ചെളിവെള്ളം കെട്ടിക്കിടക്കുന്നു.  മഴ പെയ്യുമ്പോൾ കല്യാശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിന് മുൻവശത്തെ റോഡിലും വെള്ളക്കെട്ടാണ്. ഇന്നലെ വൈകിട്ട് സ്കൂൾ വിദ്യാർഥികൾക്ക് നടപ്പാതയിലൂടെ കടന്നു പോകാൻ പോലും കഴിഞ്ഞില്ലെന്നു പരാതി ഉയർന്നു. മാങ്ങാട്, ബക്കളം, കുറ്റിക്കോൽ, മാങ്ങാട്ടുപറമ്പ് എന്നിവിടങ്ങളിൽ നിർമാണസ്ഥലത്തു നിന്നുള്ള ചെളിവെള്ളത്തിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. തുരുത്തി, വളപട്ടണം കീരിയാട്, ചിറക്കൽ കോട്ടക്കുന്ന് എന്നിവിടങ്ങളിൽ റോഡ് നിർമാണ സ്ഥലങ്ങളിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശവാസികൾക്ക് കാൽനടയാത്ര പോലും ദുഷ്കരമായി.

ഹാജിമൊട്ടയിലെ ആശങ്ക

മഴപ്പേടിയിലാണു കല്യാശ്ശേരി ഹാജിമൊട്ട കുന്നിനു മുകളിലെ വീടുകളിലുള്ളവർ നാളുകളേറെയായി കഴിയുന്നത്. നിർദിഷ്ട ടോൾ പ്ലാസയ്ക്കായി ഇടിച്ചു നിരപ്പാക്കിയ കുന്നിന്റെ മുകളിൽ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും അപകട ഭീഷണിയിലാണ്. ആഴ്ച മുൻപ് പെയ്ത കനത്ത മഴയിൽ മണ്ണിടിഞ്ഞു റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. സുരക്ഷാഭിത്തി കെട്ടുമെന്നു ഉറപ്പ് നൽകിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com