പിടയ്ക്കുന്ന മീനുമായി ‘അന്തിപ്പച്ച’ അതിരാവിലെ വീടുകളിലേക്ക്

Mail This Article
കണ്ണൂർ ∙ മത്സ്യം വീടുകളിൽ എത്തിക്കാൻ ഫിഷറീസ് വകുപ്പിന്റെ ‘അന്തിപ്പച്ച’ മൊബൈൽ ഫിഷ് മാർട്ട് അഴീക്കോട് മണ്ഡലത്തിൽ പ്രവർത്തനമാരംഭിച്ചു. കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്നാണു മത്സ്യം സംഭരിക്കുന്നത്. അതതു ദിവസത്തെ മത്സ്യം വൃത്തിയോടെ സംഭരിച്ചാണു വിൽപന. മത്സ്യം കേടാകാതിരിക്കാൻ വാഹനത്തിൽ ശീതീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
രാസപദാർഥങ്ങൾ ചേർക്കാത്ത മത്സ്യം വിതരണം ചെയ്യാൻ ഇതിലൂടെ സാധിക്കും. മുറിക്കാത്ത മത്സ്യം, റെഡി ടു കുക്ക് മത്സ്യം, മറ്റ് മത്സ്യ ഉൽപന്നങ്ങൾ എന്നിവ ന്യായമായ വിലയിൽ ലഭിക്കുമെന്നു ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു. ചാള, അയല, നെത്തോലി, നെയ്മീൻ, ചൂര, വാള, ആവോലി, ഞണ്ട്, കക്ക, കൊഞ്ച് എന്നിവ അതതു ദിവസത്തെ ലഭ്യതയ്ക്ക് അനുസരിച്ച് വീടുകളിലെത്തും.
ഉപഭോക്താക്കളുടെ ആവശ്യാനുസരണം കഴുകി വൃത്തിയാക്കി മുറിച്ചും നൽകും. ഓൺലൈനായോ നേരിട്ടോ പണം നൽകാം. അടുത്ത ഘട്ടത്തിൽ ഓൺലൈനായി മീൻ ഓർഡർ ചെയ്യാനാകും. പള്ളിക്കുന്ന് ഇടച്ചേരിയിൽ നടന്ന ചടങ്ങിൽ ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.അനിൽകുമാർ ആദ്യ വിൽപന ഏറ്റുവാങ്ങി. കോർപറേഷൻ കൗൺസിലർ ടി.രവീന്ദ്രൻ, ഇടച്ചേരി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് തയ്യിൽ, മത്സ്യഫെഡ് മാനേജർ വി.രജിത, മത്സ്യഫെഡ് പ്രോൺ ഹാച്ചറി മാനേജർ കെ.എച്ച്.ഷെരീഫ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹനീഷ് കെ.വാണിയങ്കണ്ടി എന്നിവർ പ്രസംഗിച്ചു.