പയ്യന്നൂർ ഗാന്ധി പാർക്കിലെ ഗാന്ധിപ്രതിമയോട് അനാദരവ്

Mail This Article
പയ്യന്നൂർ ∙ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ മരക്കമ്പ് തിരുകി കയറ്റി അനാദരവ് കാട്ടി. ഊന്നുവടി ഇല്ലാത്ത ഗാന്ധിജിയുടെ പൂർണകായ പ്രതിമയിലാണ് മരക്കമ്പ് വച്ചത്. ഇത് ശ്രദ്ധയിൽപെട്ട പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്രൻ കൂക്കാനം നഗരസഭാ അധ്യക്ഷയുടെ ശ്രദ്ധയിൽപെടുത്തി.
തുടർന്ന് പൊലീസ് എത്തി കമ്പ് നീക്കം ചെയ്തു. 2008ലാണ് നഗരസഭ പ്രതിമ സ്ഥാപിച്ചത്. ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനവുമായി ബന്ധപ്പെടുത്തി ശിൽപി ഉണ്ണി കാനായിയാണ് ശിൽപം നിർമിച്ചത്. 1934ൽ പയ്യന്നൂരിൽ വന്ന ഗാന്ധിജിയെ നേരിൽ കണ്ട സ്വാതന്ത്ര്യ സമരസേനാനി വി.പി.അപ്പുക്കുട്ട പൊതുവാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചായിരുന്നു ശിൽപ നിർമാണം.അതനുസരിച്ച് നടന്നു നീങ്ങുന്ന ഗാന്ധിജിയുടെ പൂർണകായ പ്രതിമയിൽ ഒരു കയ്യിൽ വർത്തമാന പത്രങ്ങൾ മടക്കി പിടിച്ചതു മാത്രമാണ് ഉണ്ടായിരുന്നത്.
അരയിൽ കാണുന്ന വാച്ചിൽ ഗാന്ധിജി പയ്യന്നൂരിൽ പ്രസംഗിച്ച സമയം 4 മണി രേഖപ്പെടുത്തിയിട്ടുണ്ട്.കുറേ ദിവസങ്ങളായി പ്രതിമയിൽ മരക്കമ്പ് കാണുന്നുണ്ടെന്ന് പരിസരവാസികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. 6ന് ഗാന്ധി പാർക്കിൽ പോയപ്പോൾ പ്രതിമയിൽ മരക്കമ്പ് ഉണ്ടായിരുന്നില്ലെന്നു ശിൽപി ഉണ്ണി കാനായി പറഞ്ഞു.