വന്യജീവി ഭീതി വീണ്ടും

Mail This Article
വെങ്ങലോടി∙ കൂട്ടിൽ കിടന്ന ഒരു നായയെ വന്യജീവി പിടിച്ചു. മറ്റൊരു നായയെ കടിച്ചു പരുക്കേൽപിച്ചു. കൊട്ടിയൂർ ടൗണിന് സമീപം വെങ്ങലോടിയിലെ പുത്തൻപറമ്പിൽ പൗലോസിന്റെ നായയെ ആണ് വന്യജീവി പിടിച്ചത്. വെള്ളിയാഴ്ച രാത്രി തീറ്റ കൊടുത്ത ശേഷം നായയെ കൂട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. കൂട് തകർത്താണ് നായയെ വന്യജീവി പിടിച്ചുകൊണ്ടു പോയത്. രാവിലെ മാത്രമാണ് വീട്ടുകാർ വിവരം അറിഞ്ഞത്. മറ്റൊരു കൂട്ടിൽ ഉണ്ടായിരുന്ന നായയെ പിടിക്കാനും വന്യജീവി ശ്രമിച്ചിരുന്നു. ഈ നായയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. പുലിയാണ് നായകളെ ആക്രമിച്ചതും പിടിച്ചതും എന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്.
പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നതിനാൽ വന്യജീവികളുടെ കാൽപാടുകൾ കണ്ടെത്താൻ സാധിച്ചില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുകയും രാത്രിയിലും പകലും നിരീക്ഷണം നടത്തുകയും ചെയ്തു. ക്യാമറ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. രാത്രികാല പട്രോളിങ്ങും നടത്തി. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളുടെ പരിധിയിലെ ഒട്ടേറെ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം പതിവായി ഉണ്ടായി തുടങ്ങിയിട്ട് ഒൻപത് മാസമായി. ജനുവരി മാസം കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാലിൽ ആണ് ആദ്യം പുലിയെ കണ്ടെത്തിയത്. ഒട്ടേറെ പുലികൾ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ ഉള്ളതായാണ് കരുതുന്നത്.