കാടുകയറി മലയോര റോഡുകൾ

Mail This Article
ആലക്കോട് ∙ മലയോരത്തെ പ്രധാനപ്പെട്ട റോഡുകളിൽ കാടുകയറുന്നു. കോടികൾ ചെലവഴിച്ചു നവീകരിച്ച മലയോര ഹൈവേ, തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ്, കാട്ടാമ്പള്ളി-ചപ്പാരപ്പടവ്-തടിക്കടവ് റോഡ്, ഒടുവള്ളി-കുടിയാൻമല റോഡ് എന്നിവ ഇതിൽപെടുന്നു. റോഡരികിലെ കാട് ഗതാഗതതടസ്സം സൃഷ്ടിച്ച് റോഡിലേക്കു തള്ളി നിൽക്കുകയാണ്. കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
റോഡരികിൽ സ്ഥാപിച്ച മുന്നറിയിപ്പു ബോർഡുകളും കാടുമൂടിയ നിലയിലാണ്. വളവുകളിൽ ഇത്തരത്തിൽ വളർന്നുനിൽക്കുന്ന കാട് അപകടഭീഷണിയും ഉയർത്തുന്നുണ്ട്. എതിർഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണു കാണാനാവുന്നത്. തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡിലെ ഒടുവള്ളി വളവിൽ ഇഞ്ചക്കാടും റോഡിലേക്ക് വളർന്നുനിൽക്കുന്നു.
വാഹനയാത്രക്കാർക്ക് ഇതിന്റെ മുള്ളുകൾ ഉരഞ്ഞ് മുറിവേൽക്കുന്നതു പതിവാകുന്നു. കൊടുംവളവുകളുള്ള ഇവിടെ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കവയും കാടുമൂടി കിടക്കുകയാണ്. എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ ദൂരത്തുനിന്ന് കാണാൻ സാധിക്കാത്തത് അപകടഭീഷണിക്ക് കാരണമാകുന്നു. റോഡരികിലെ കാട് യഥാസമയം വെട്ടിത്തെളിക്കാത്തതാണു റോഡ് കാട് മൂടാൻ കാരണം.