ചെറുപുഴ∙ രോഗബാധമൂലം മലയോര മേഖലയിലെ കമുകിൻ തോട്ടങ്ങൾ വ്യാപകമായി നശിക്കുന്നു.ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ, രാജഗിരി,ജോസ്ഗിരി, താബോർ,ചട്ടിവയൽ ഭാഗങ്ങളിലാണു രോഗബാധമൂലം കമുകിൻ തോട്ടങ്ങൾ വ്യാപകമായി നശിക്കുന്നത്.
രോഗം ബാധിച്ച കമുകിന്റെ ഓലകൾ ആദ്യം മഞ്ഞ നിറത്തിലാകുകയും പിന്നീട് കരിഞ്ഞു ഉണങ്ങുകയുമാണു ചെയ്യുന്നത്. ക്രമേണ കമുക് പൂർണമായും നശിക്കുകയും ചെയ്യും. ഒരു കാലത്തു മലയോര മേഖലയിൽ കമുക് കൃഷി ചെയ്യുന്ന കർഷകരുടെ എണ്ണം വളരെ കൂടുതലായിരുന്നു.
എന്നാൽ ഇന്ന് പല കാരണങ്ങൾ കമുക് കൃഷി ചെയ്യുന്ന കർഷകരുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരികയാണ്. മറ്റു കൃഷികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും കമുക് കൃഷിക്ക് ലഭിക്കാത്തതാണു കൃഷി ചെയ്യുന്നതിൽ നിന്നു കർഷകരെ പിന്തിരിപ്പിക്കുന്നത്. ഇപ്പോൾ അടക്കയ്ക്ക് മാത്രമാണു വിപണിയിൽ നിന്നു ന്യായവില ലഭിക്കുന്നുള്ളുവെന്നാണു കർഷകർ പറയുന്നത്.
എന്നാൽ കമുക് കൃഷി സംരക്ഷിക്കുന്നതിനോ, രോഗവ്യാപനം തടയുന്നതിനോ ഉള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഇത് മലയോര കർഷകർക്ക് കടുത്ത സാമ്പത്തിക നഷ്ടമാണു ഉണ്ടാക്കുന്നത്. കൃഷിവകുപ്പിന്റെ ഭാഗത്തു നിന്നു അടിയന്തര നടപടി ഉണ്ടാകണമെന്നാണു കർഷകരുടെ ആവശ്യം.