ഇരിട്ടി∙ നാല് വർഷം കൊണ്ട് 11867 സൗജന്യ ഡയാലിസിസ് നടത്തി മുന്നേറുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് സെന്ററിൽ രണ്ടാം ഷിഫ്റ്റ് ഇന്ന് ആരംഭിക്കും. 10 മെഷിനുകൾ ഒരു ഷിഫ്റ്റായി പ്രവർത്തിപ്പിച്ചാണ് ഇത്രയും കാലം ഡയാലിസിസ് നടത്തിയിരുന്നത്. രണ്ടാം ഷിഫ്റ്റ് ആരംഭിക്കുന്നതോടെ 40 പേർക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യം ഉണ്ടാകും.
നിർധനരായ വൃക്ക രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിനായാണ് നാല് വർഷം മുൻപ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചത്. രണ്ട് ഷിഫ്റ്റ് ഡയാലിസിസ് നടത്തുന്നതിനായി ഒരു കോടിയോളം രൂപ പ്രതിവർഷം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. കനിവ് കിഡ്നി പേഷ്യന്റ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നത്.
യൂണിറ്റിലേക്കുള്ള മരുന്നുകൾ നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നാണ് സൗജന്യമായി അനുവദിക്കുന്നത്. ജോലിക്കാരുടെ വേതനവും ചെലവുകളും വഹിക്കുന്നതിനായി സുമനസുകളുടെ സഹായവും ലഭിക്കുന്നു. ഒരു മാസം ഒരു യൂണിറ്റ് പ്രവർത്തിപ്പിക്കാൻ വേണ്ടി 4 ലക്ഷത്തോളം ചെലവ് വരുന്നുണ്ട്. പുതിയ ഷിഫ്റ്റ് കൂടി വരുന്നതോടെ ചെലവ് ഇരട്ടിയാകും.
ഇരിട്ടി നഗരസഭ, പായം, ഉളിക്കൽ, പടിയൂർ, ആറളം, അയ്യൻകുന്ന്, മുഴക്കുന്ന് പഞ്ചായത്തുകളിൽ നിന്നായി 241 പേർ ഡയാലിസിസിന് അപേക്ഷ നൽകിയിട്ടുണ്ട്. മൂന്നാമത്തെ ഷിഫ്റ്റ് കൂടി തുടങ്ങിയാൽ 60 പേർക്ക് സെന്ററിന്റെ സേവനം ലഭിക്കുമെന്നും ഇതിനായി ശ്രമം ആരംഭിച്ചതായും നഗരസഭ ചെയർപഴ്സൻ കെ.ശ്രീലത, അയൂബ് പൊയിലൻ, അജയൻ പായം അറിയിച്ചു.