ഇരിട്ടി ∙ ആറളം ഫാമിൽ റബർ മരങ്ങളുടെ തൊലി പൊളിച്ചു തിന്ന കാട്ടാനക്കൂട്ടം പുനരധിവാസ മേഖലയിൽ 5 കുടുംബങ്ങളുടെ കൃഷിയിടങ്ങളിൽ വൻ നാശം ഉണ്ടാക്കി. വീടുകൾക്കു സമീപം വരെ എത്തിയ ആനക്കൂട്ടം മുറ്റത്തെ തെങ്ങും വാഴയുമടക്കം മറിച്ചിട്ടു. കച്ചേരിക്കടവിലും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.ഫാം ബ്ലോക്ക് 13ലെ ചന്ദ്രൻ, മാധവൻ, സുജാത, ശ്രുതി, അയ്യാ എന്നിവരുടെ കൃഷിയിടങ്ങളിലെ നൂറോളം തെങ്ങുകളാണ് നശിപ്പിച്ചത്. രാത്രി മുഴുവൻ വീടുകൾക്ക് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുടുംബാംഗങ്ങൾ ഭയന്നു ഉള്ളിൽ കഴിയുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ആറളം ഫാമിന്റെ നിലവിലെ പ്രധാന വരുമാന മാർഗം റബറാണ്.
അടുത്തകാലംവരെ കാട്ടാന ആക്രമിക്കാത്ത വിള എന്ന അനുകൂല ഘടകം ഉണ്ടായിരുന്നെങ്കിൽ ഇന്നതും മാറി. ബ്ലോക്ക് 6ൽ ടാപ്പിങ് നടത്തുന്ന മുന്നൂറോളം റബർ മരങ്ങളുടെ തൊലി കാട്ടാന പൊളിച്ചു തിന്ന നിലയിലാണ്. പ്ലാസ്റ്റിക് ഇട്ടെങ്കിലും കാട്ടാന ഭീഷണി മൂലം ടാപ്പിങ്ങും നടക്കുന്നില്ല. ആനമതിൽ പണി ഇനിയും ആരംഭിക്കാനായിട്ടില്ല. മരങ്ങൾ മുറിക്കുന്നതിനുള്ള ലേലം ഇന്നു നടക്കും.കച്ചേരിക്കടവിൽ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നെത്തിയ കാട്ടാനകളാണ് കൃഷി നശിപ്പിച്ചത്. ചെറുപ്പാട്ട് വർഗീസിന്റെ തെങ്ങ് ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചു.അയ്യൻകുന്ന് പഞ്ചായത്ത് അംഗം ഐസക് ജോസഫ്, വിൽസൺ കുറുപ്പംപറമ്പിൽ, ബെന്നി ചിറപ്പാട്ട്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കൃഷ്ണശ്രി, ഉത്തര എന്നിവർ സ്ഥലം സന്ദർശിച്ചു.