മട്ടന്നൂർ∙ പഴശ്ശി അണക്കെട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ നടപടിയായി. ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കാൻ തുടങ്ങിയതോടെയാണ് വലിയ തോതിൽ മാലിന്യം അടിഞ്ഞത്. ജില്ലയിലെ പ്രധാന ശുദ്ധജല സ്രോതസ്സായതിനാൽ ശുചിത്വം പാലിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ അവശിടമുള്ള കവറുകളും വെള്ളത്തിൽ പൊങ്ങിക്കിടപ്പുണ്ട്. ഇരിട്ടി നഗരസഭയുടെയും പായം പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് മാലിന്യം നീക്കുക. ഇതിനുള്ള പ്രവൃത്തി ഇന്നു രാവിലെ 8ന് ആരംഭിക്കും. നഗരസഭാ ആരോഗ്യ വിഭാഗവും പായം പഞ്ചായത്തിലെ റെസ്ക്യൂ ടീമും നേതൃത്വം നൽകും. കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്താൻ പഴശ്ശി ഡാമിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.
മഴ കുറവായതിനാൽ ഇത്തവണ അണക്കെട്ടിന്റെ ഷട്ടറുകൾ നേരത്തേ അടച്ചു വെള്ളം സംഭരിക്കാൻ തുടങ്ങി. ഇന്നലെ 23.5 മീറ്റർ ജലനിരപ്പുണ്ട്. കണ്ണൂർ, പട്ടുവം, പെരളശ്ശേരി, കീഴൂർ ചാവശ്ശേരി, കൊളച്ചേരി, കൂത്തുപറമ്പ് ശുദ്ധജല പദ്ധതികൾക്കാണ് പഴശ്ശി ഡാമിൽ നിന്നു വെള്ളം ശേഖരിക്കുന്നത്. ഷട്ടറിന്റെ മാധ്യ ഭാഗത്തും വശങ്ങളിലുമാണ് പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യം കെട്ടിനിൽക്കുന്നത്. അണക്കെട്ടിലേക്കു ചേരുന്ന പുഴകളിലൂടെ മലിന വസ്തുക്കൾ ഒഴുകിയെത്തുന്നു. പടിയൂർ, പായം, ആറളം, ഇരിട്ടി ഭാഗങ്ങളിൽ നിന്നാണ് ഇവ വന്നടിയുന്നതെന്നും കുടിവെള്ള സ്രോതസ്സ് മലിനപ്പെടുത്തരുതെന്ന ബോധം ജനങ്ങൾക്ക് ഉണ്ടാകണമെന്നും പഴശ്ശി പദ്ധതി അധികൃതർ പറഞ്ഞു.