പെരിങ്ങോം ∙ വീട്ടുവളപ്പിൽ ചേനകൃഷി നടത്തിയത് പെടേനയിലെ കുന്നും പുറത്ത് ബാലനെന്ന കർഷകൻ. ഒരു രാത്രികൊണ്ട് മുഴുവൻ വിളവെടുത്തത് നശിപ്പിച്ചത് കാട്ടുപന്നികൾ. ഒരുവർഷത്തെ കഠിനാധ്വാനമാണ് ഒരുരാത്രി കൊണ്ട് കാട്ടുപന്നികൾ നശിപ്പിച്ചത്. പെരിങ്ങോം വയക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടമാണ്. വിളവെടുപ്പിന് ഒരുങ്ങിയ വിളകളൊന്നും കർഷകന് ലഭിക്കാത്ത നിലയിലാണ്. അരവഞ്ചാൽ കാഞ്ഞിരപ്പൊയിലിലെ യുവ കർഷകൻ പൂന്തോടൻ രമേശന്റെ പച്ചക്കറി ത്തോട്ടവും ഒറ്റ രാത്രികൊണ്ടാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
പെടേനയിലെ കുന്നും പുറത്ത് ബാലന്റെ വീട്ടുവളപ്പിലെ മുഴുവൻ കൃഷികളും നശിപ്പിച്ച നിലയിലാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും, കുടുംബശ്രീ, ജനശ്രീ സംഘടനകളിൽ നിന്നു കടമെടുത്ത് നടത്തിയകൃഷിയാണ് പൂർണമായും നശിപ്പിച്ചത്. പെരിങ്ങോം കൊരങ്ങാട്ടെ ഒരപ്പാങ്കൽ ജോസഫിന്റെ വാഴയും,മറ്റ് കൃഷികളും കാട്ടുപന്നികൾ നശിപ്പിച്ചതായി പരാതിയുണ്ട്. കാട്ടുപന്നികൾ കൃഷി നശിപ്പിച്ചാൽ കർഷകരെ സഹായിക്കുവാൻ സർക്കാരും, കൃഷിഭവനും അനാസ്ഥകാട്ടുന്നതായി കർഷകർ ആരോപിക്കുന്നു.