ബാഗിൽ യുവതിയുടെ മൃതദേഹം; പ്രത്യേക സംഘം അന്വേഷിക്കും ഡിഎൻഎ പരിശോധന നടത്തും
Mail This Article
ഇരിട്ടി ∙ കർണാടകത്തിലേക്കുള്ള മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം വിരാജ്പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. കേരളത്തിൽനിന്നും കർണാടകയിൽനിന്നും കാണാതായ കേസുകൾ പരിശോധിക്കാൻ കഴിഞ്ഞ ദിവസം തന്നെ സന്ദേശം കൈമാറി.
കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നു രണ്ടാഴ്ച മുൻപ് കാണാതായ യുവതിയുടെ ബന്ധുക്കളുമായി കേരള പൊലീസ് മടിക്കേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി.യുവതി അല്ലെന്ന നിഗമനത്തിലാണു കേരള സംഘം മടങ്ങിയത്.മൃതദേഹം അഴുകിത്തുടങ്ങിയതിനാൽ നേരിയ സാധ്യത തള്ളാതെ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.
കേരളത്തിൽ പ്രധാനമായും കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള കേസുകൾ പരിശോധിക്കാനാണു പ്രാഥമിക തീരുമാനം.കേരളത്തിൽ നിന്നാണു വന്നതെങ്കിൽ കൂട്ടുപുഴ കഴിഞ്ഞു 17 കിലോമീറ്റർ നിബിഡ വനത്തിലൂടെ ഓട്ടക്കൊല്ലി മേഖല വരെ എത്താൻ സാധ്യതയില്ലെന്നും അതിനു മുൻപുതന്നെ മൃതദേഹം ഉപേക്ഷിച്ചേനെ എന്നുമാണ് അന്വേഷണ സംഘം കരുതുന്നത്.
മൃതദേഹത്തിന്റെ പഴക്കം സംശയിക്കുന്ന ദിവസങ്ങൾക്കു മുൻപ് കൂട്ടുപുഴ ഭാഗത്തേക്കും പെരുമ്പാടി ഭാഗത്തേക്കും പോയ മുഴുവൻ വാഹനങ്ങളുടെയും സിസിടിവി ദൃശ്യങ്ങൾ കർണാടക പൊലീസ് പരിശോധിക്കുന്നുണ്ട്. മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം പരിധിയിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ വനം വകുപ്പ് നിയോഗിച്ച സംഘത്തിൽ പെട്ടവർ തിങ്കളാഴ്ചയാണ് മൃതദേഹം അടങ്ങിയ ട്രോളി ബാഗ് കണ്ടെത്തിയത്. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ ആയിരുന്നു. മടിക്കേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.