ADVERTISEMENT

ചെറുപുഴ∙ മലയോര മേഖലയുടെ വികസനത്തിന് ആക്കം കൂട്ടുമെന്നു കരുതിയ വിനോദ സഞ്ചാര പദ്ധതികൾ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപനത്തിൽ ഒതുങ്ങി. കാർഷികമേഖല നേരിടുന്ന തകർച്ചയ്ക്ക് ഉത്തേജകമാകുമെന്നു കരുതി ഫാം ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കുന്നതിൽ കാര്യമായ പുരോഗതികളൊന്നും  ഉണ്ടായിട്ടില്ല. മഞ്ഞിൽ പുതഞ്ഞ മലനിരകളും പ്രകൃതിദത്തമായ വെള്ളച്ചാട്ടങ്ങളും ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളാണു വിഭാവനം ചെയ്തിരുന്നത്. പശു, ആട്, കോഴി ഫാമുകൾ, മത്സ്യം വളർത്തു കേന്ദ്രങ്ങൾ, കലാരൂപങ്ങൾ, കുട്ട നിർമാണം തുടങ്ങിയവ യോജിപ്പിച്ചു കൊണ്ടുള്ള ഫാം ടൂറിസം പദ്ധതികളും മാതൃക കൃഷിയിടങ്ങളും ചേർന്ന പദ്ധതികൾക്കാണു പദ്ധതി തയാറാക്കിയത്. 

ഇതിനു പുറമെ തേജസ്വിനിപ്പുഴയ്ക്കു കുറുകെ നിർമിച്ച ചെറുപുഴ കമ്പിപ്പാലം, ഇതിനു സമീപത്തുള്ള റെഗുലേറ്റർ-കം- ബ്രിജ്, പുഴയിലൂടെയുള്ള ബോട്ട് സർവീസ്, പുഴത്തീരത്ത് കുട്ടികളുടെ പാർക്ക്, ടൗൺ സ്ക്വയർ എന്നിവ ഉൾപ്പെടുത്തിയുള്ള ടൂറിസം പദ്ധതികൾ നടപ്പാക്കുമെന്നാണു അന്ന് അധികൃതർ പറഞ്ഞിരുന്നത്. കൂടാതെ തിരുനെറ്റികല്ല്, കൊട്ടത്തലച്ചി മല, കമ്മാളിക്കല്ല്, രാജഗിരി,കാനംവയൽ, താബോർ,ചാത്തമംഗലം തുടങ്ങിയ മലനിരകൾ ട്രക്കിങിന് അനുയോജ്യമായ സ്ഥലങ്ങളുമാണ്. കർണാടക വനമേഖലയോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങൾ നയന മനോഹര കാഴ്ചകളാണു സമ്മാനിക്കുന്നത്. സംസ്ഥാനത്തു വാട്ടർ റാഫ്റ്റിങ് നടക്കുന്ന പ്രദേശം കൂടിയാണിവിടം. ഇവയെല്ലാം കൂടി കോർത്തിണക്കിയുള്ള പദ്ധതി നടപ്പാക്കുമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്. പദ്ധതി നടപ്പാക്കുന്നതിനു തുടക്കം കുറിച്ചു കൊട്ടത്തലച്ചി മലയിലേക്ക് റോഡ് നിർമിക്കുകയും ടൂറിസംവകുപ്പ് സർവേ പ്രവർത്തനം ആരംഭിക്കുകയും ചെയ്തുവെങ്കിലും തുടർനടപടികളൊന്നും പിന്നീട് ഉണ്ടായില്ല. 

ഗ്രാമീണ ടൂറിസവും ഫാം ടൂറിസവും നടപ്പാകുന്നതോടെ പുറത്തു നിന്നുള്ളവർ കൃഷിയിടങ്ങൾ സന്ദർശിക്കുകയും കർഷകരിൽ നിന്നും ജൈവ ഉൽപന്നങ്ങൾ നേരിട്ടു വാങ്ങുകയും ചെയ്യും. ഇതോടെ കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കുകയും ഉപഭോക്താവിനു മായം കലരാത്ത ഉൽപന്നങ്ങൾ വാങ്ങാൻ സാധിക്കുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞിരുന്നു. മലയോരത്തെ പ്രധാന ടൗണായ ചെറുപുഴ കേന്ദ്രീകരിച്ചു നടക്കുന്ന വികസന പ്രവർത്തനങ്ങൾ വ്യാപാര മേഖലയിലും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും ഏറെ ഗുണകരമായി മാറുകയും ചെയ്യുമായിരുന്നു. ഇതിൽ ചെറുപുഴ കമ്പിപ്പാലം നവീകരിക്കാനും കുട്ടികളുടെ പാർക്കിന്റെ നിർമാണം പൂർത്തിയാക്കാനും പുതിയ പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചു. എന്നാൽ മലയോര കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കുന്നതിനുള്ള  മറ്റു പദ്ധതികളെല്ലാം ഇന്നും പ്രഖ്യാപനത്തിൽ  ഒതുങ്ങി. മലയോര മേഖലയിൽ ഫാം ടൂറിസം പോലുള്ള പദ്ധതികൾ നടപ്പാക്കിയാൽ കർഷകരുടെ ദുരിതങ്ങൾ ഒരു പരിധി വരെയെങ്കിലും പരിഹരിക്കാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT