മാനസികാസ്വാസ്ഥ്യമുള്ള വ്യക്തി ആശുപത്രി മുറിയിൽ കയറി വാതിലടച്ചു; പരിഭ്രാന്തി, പുറത്ത് എത്തിച്ചത് അഗ്നിരക്ഷാസേന

Mail This Article
കാഞ്ഞങ്ങാട് ∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാനസികാസ്വാസ്ഥ്യമുള്ള ആൾ നഴ്സിനെ കഴുത്തിന് പിടിച്ചു തള്ളിയ ശേഷം റൂമിൽ കയറി വാതിൽ അടച്ചത് പരിഭ്രാന്തി പടർത്തി. കാഞ്ഞങ്ങാട് അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആണ് സംഭവം. ആശുപത്രി കെട്ടിടത്തിലെ 3-ാം നിലയിൽ പ്രവർത്തിക്കുന്ന സൈക്യാട്രി വാർഡിലെ രോഗിയാണ് നഴ്സിനെ കഴുത്തിന് പിടിച്ചു തള്ളിയ ശേഷം മുറിയിൽ കയറി വാതിൽ അടച്ചത്. ബന്തടുക്ക പടുപ്പ് സ്വദേശിയാണ് ഇദ്ദേഹം. വാതിൽ അകത്തു നിന്നു പൂട്ടിയതിനാൽ ആശുപത്രി അധികൃതർ അഗ്നിരക്ഷാ സേനയുടെ സഹായം തേടി.
മരുന്ന് നൽകാനാണ് നഴ്സ് രോഗിക്ക് അരികില്‍ എത്തിയത്. ഉടൻ തന്നെ ഇയാൾ നഴ്സിന്റെ കഴുത്തിന് പിടികൂടുകയായിരുന്നു. പിന്നീട് തള്ളിയിട്ടു. മുറിയിൽ കയറി ലോക്ക് ഇട്ടതോടെ ജീവനക്കാരും ആശുപത്രി അധികൃതരും പരിഭ്രാന്തരായി. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന വാതിൽ പൊളിച്ച് രോഗിയെ പുറത്ത് എത്തിക്കുകയായിരുന്നു. ഡിഗ്രി വരെ പഠിച്ച 35കാരനായ യുവാവ് അടുത്ത ബന്ധുവിന്റെ മരണത്തിന് ശേഷമാണ് ഇത്തരത്തിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കാൻ തുടങ്ങിയത്.