മെഡിക്കൽ കോളജ് ആശുപത്രിയിലെ മലിനജലം പാതയോരത്ത്; പ്രതിഷേധം
Mail This Article
പരിയാരം∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റിലെ മലിന ജലം ദേശീയപാതയോരത്ത് ഒഴുക്കി വിടുന്നതിൽ കടന്നപ്പള്ളി പാണപ്പുഴ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ദുർഗന്ധം കാരണം ഈ വഴിയുള്ള യാത്ര ദുസ്സഹമായി. മെഡിക്കൽ കോളജ് ആശുപത്രിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റിലെ മോട്ടർ പണിമുടക്കിയതിനാൽ ശുദ്ധീകരണം പൂർണമായും നിലച്ചു മാസങ്ങൾ കഴിഞ്ഞു. നവീകരിക്കാൻ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മാർച്ച് നടത്താനും യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് മനോജ് കൈതപ്രം അധ്യക്ഷത വഹിച്ചു. സന്ദീപ് പാണപ്പുഴ, ദീപു പാണപ്പുഴ, എൻ.കെ.സുജിത്ത് എന്നിവർ പ്രസംഗിച്ചു.ആശുപത്രിയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ശുചിമുറിയിൽ നിന്നുൾപ്പെടെയുള്ള മലിനജലം ശുദ്ധീകരിക്കുന്ന 10 ലക്ഷം ലീറ്റർ ശേഷിയുള്ള പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ മലിന ജലം പുറത്തേക്ക് ഒഴുകുന്നു. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ദേശീയപാതയ്ക്കു സമീപമായതിനാൽ ശുചിമുറിയിലെ മലിന ജലം ദേശീയപാതയ്ക്ക് സമീപം കെട്ടിക്കിടക്കുകയാണ്.