സംഭരണകേന്ദ്രം നിർമിച്ചില്ല; സ്ഥലം തിരിച്ചെടുക്കും
Mail This Article
തളിപ്പറമ്പ് ∙ പൊതുവിതരണ വകുപ്പിനു സംഭരണ കേന്ദ്രം നിർമിക്കാൻ നൽകിയ സ്ഥലം വകുപ്പ് ഉപയോഗിക്കാത്തതിനെ തുടർന്നു തിരിച്ചെറ്റെടുക്കാൻ തീരുമാനമായി. ആന്തൂർ നഗരസഭയിൽ ധർമശാല നിഫ്റ്റിനു സമീപത്തെ 1.56 ഏക്കർ സ്ഥലമാണു തിരിച്ചെടുക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ഇവിടെ ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിൽ സിനിമാ തിയറ്റർ നിർമിക്കാൻ പരിഗണിക്കുന്നതായാണു സൂചന. 2017ലാണു സിവിൽ സപ്ലൈസിന്റെ ഭക്ഷ്യവിതരണ സാധനങ്ങൾ സംഭരിക്കാനായി ധർമശാലയിൽ ഗോഡൗൺ നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി മോറാഴ വില്ലേജിലെ റീസർവേ 339–2ൽ ഉൾപ്പെടുന്ന സ്ഥലമാണു റവന്യൂ വകുപ്പ് വിട്ടുനൽകിയത്. 2 വർഷത്തിനുള്ളിൽ ഇവിടെ സംഭരണ കേന്ദ്രം നിർമിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ പ്രസ്തുതസ്ഥലം സംഭരണശാല നിർമിക്കാൻ അനുയോജ്യമല്ലെന്നായിരുന്നു സിവിൽ സപ്ലൈസ് വിഭാഗം എൻജിനീയറുടെ റിപ്പോർട്ട്.
അനുവദിച്ച സ്ഥലത്തിനു മധ്യത്തിലുടെയും അരികിലൂടെയും റോഡുകളുണ്ടെന്നും സ്ഥലം കയ്യേറി വീടുകൾ നിർമിച്ചിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടെ സംഭരണ കേന്ദ്രം നിർമിക്കുന്നതിൽ നിന്നു സപ്ലൈകോ അധികൃതർ പിൻവാങ്ങിയത്.ഇതിനു പകരം മറ്റേതെങ്കിലും സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിർദിഷ്ട കാലയളവിനുള്ളിൽ കെട്ടിടം നിർമിക്കാത്തതിനെ തുടർന്നാണു സ്ഥലം തിരിച്ചു റവന്യു വകുപ്പിനു തന്നെ നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായത്. ഇതേസമയം ഇവിടെ സിനിമാ തിയറ്റർ നിർമിക്കുന്നതിനു വേണ്ടി ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുണിന്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തിയിരുന്നു.