വാഹനങ്ങൾക്ക് കെണിയായി മലയോരപാതയിലെ കുഴികൾ

Mail This Article
ചെറുപുഴ∙ മലയോര പാതയിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാർക്ക് ഭീഷണിയായി മാറുന്നു. രണ്ടര വർഷം മുൻപ് ഉദ്ഘാടനം ചെയ്ത ചെറുപുഴ പുതിയപാലം മുതൽ അരങ്ങം വരെയുള്ള മലയോര പാതയിൽ പെരിങ്ങാല ഇറക്കത്തിലും ചെറുപുഴ പുതിയ പാലത്തിനു സമീപത്തുമാണു കുഴികൾ രൂപപ്പെട്ടത്. റോഡിൽ രൂപപ്പെട്ട കുഴികൾ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർക്കാണു ഏറെ ഭീഷണിയായി മാറിയത്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുമുള്ള ആയിരക്കണക്കിനു വാഹനങ്ങളാണു ദിവസവും ഇതുവഴി കടന്നുപോകുന്നത്.കുഴികൾ രൂപപ്പെട്ടിട്ടു നാളുകൾ ഏറെയായെങ്കിലും ഇത് നികത്താനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നു ഇനിയും ഉണ്ടായിട്ടില്ല. ഏറെ കാലത്തെ കാത്തിരിപ്പിനു ഒടുവിലാണു മലയോര പാത യാഥാർഥ്യമായത്.
എന്നാൽ രണ്ടര വർഷം കഴിയുമ്പോഴോക്കും റോഡ് തകരാർ തുടങ്ങിയത് നാട്ടുകാരെ ആശങ്കയിലാക്കുന്നു.ഇതിനുപുറമെ തിരക്കേറിയ ഭാഗങ്ങളിൽ റോഡിന്റെ അരിക് വശം കോൺക്രീറ്റ് ചെയ്യാത്തതും, ചെറുപുഴ ടൗണിൽ നിർമിച്ച നടപ്പാത തകരാൻ തുടങ്ങിയതും ജനരോഷത്തിനു ഇടയാക്കിയിട്ടുണ്ട്. റോഡിലെ കുഴി അടയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.